ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യൻസിന്റെ തലവര മാറ്റി മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വീണ്ടും ‘സൂര്യോദയം’. പരുക്ക് സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷം ഐപിഎൽ വേദിയിലേക്കുള്ള തിരിച്ചുവരവിൽ സൂര്യകുമാർ യാദവ് ഫോം കണ്ടെത്തിയതോടെ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മുംബൈയ്ക്ക് തകർപ്പൻ വിജയം. 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ ആർസിബിയെ, 27 പന്തുകൾ ബാക്കിയാക്കി മുംബൈ തോൽപ്പിച്ചത് ഏഴു വിക്കറ്റിന്. സൂര്യകുമാർ 19 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 52 റൺസെടുത്ത് പുറത്തായി. 34 പന്തിൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 69 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ.

ആർസിബി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത മുംബൈയ്ക്ക് ഓപ്പണർമാരായ ഇഷാൻ കിഷനും രോഹിത് ശർമയും ചേർന്ന് നൽകിയത് മിന്നുന്ന തുടക്കം. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും സെഞ്ചറി കൂട്ടുകെട്ടു തീർത്തതോടെ തന്നെ ആർസിബിയുടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. വെറും 53 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 101 റൺസാണ്. രോഹിത് 24 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതം 38 റൺസെടുത്ത് പുറത്തായി.

തകർത്തടിച്ചു മുന്നേറിയ ഇഷാൻ കിഷനെ ആകാശ് ദീപ് വിരാട് കോലിയുടെ കൈകളിലെത്തിച്ചെങ്കിലും, വണ്‍ഡൗണായി ക്രീസിലെത്തിയ സൂര്യകുമാർ ആർസിബിയുടെ ശേഷിച്ച പ്രതീക്ഷകൾ കൂടി തകർത്തു തരിപ്പണമാക്കി. വെറും 17 പന്തിൽനിന്ന് അർധസെഞ്ചറി പിന്നിട്ട സൂര്യ, ഐപിഎലിൽ തന്റെ വേഗമേറിയ അർധസെഞ്ചറിയും കുറിച്ചു. മുംബൈയ്ക്കായുള്ള വേഗമേറിയ അർധസെഞ്ചറികളിൽ രണ്ടാം സ്ഥാനത്തുമെത്തി. 16 പന്തിൽ അർധസെഞ്ചറി നേടിയ ഇഷാൻ കിഷനാണ് ഒന്നാമത്.

വിജയം ഉറപ്പാക്കിയതിനു പിന്നാലെ വിജയകുമാർ വൈശാഖിന്റെ പന്തിൽ സൂര്യകുമാർ പുറത്തായെങ്കിലും, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് മുംബൈയെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തിച്ചു. തിലക് വർമ 10 പന്തിൽ 16 റൺസോടെയും പാണ്ഡ്യ ആറു പന്തിൽ 21 റൺസോടെയും പുറത്താകാതെ നിന്നു. ആർസിബിക്കായി വൈശാഖ് മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും വിൽ ജാക്സ് രണ്ട് ഓവറിൽ 24 റൺസ് വഴങ്ങിയും ആകാശ് ദീപ് 3.3 ഓവറിൽ 55 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ ആർസിബിക്ക് കരുത്തായി ‘ട്രിപ്പിൾ ഫിഫ്റ്റീസ്’

നേരത്തെ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി മുന്നിൽനിന്ന് പടനയിച്ച മത്സരത്തിലാണ് മുംബൈ ഇന്ത്യൻസിനു മുന്നിൽ ആർസിബി 197 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. 40 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 61 റൺസെടുത്ത ഡുപ്ലേസിയാണ് ആർസിബിയുടെ ടോപ് സ്കോറർ. ആർസിബിക്കായി രജത് പാട്ടിദാർ (26 പന്തിൽ 50), ദിനേഷ് കാർത്തിക് (23 പന്തിൽ 53*) എന്നിവരും അർധസെഞ്ചറി നേടി.

മുംബൈയ്‍ക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം. ആർസിബിക്കെതിരെ ഐപിഎലിൽ ഒരു താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്. ഐപിഎലിൽ രണ്ടു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ബോളർ കൂടിയാണ് ബുമ്ര. ജയിംസ് ഫോക്‌നർ, ജയ്ദേവ് ഉനദ്കട്, ഭുവനേശ്വർ കുമാർ എന്നിവരാണ് ബുമ്രയുടെ മുൻഗാമികൾ.

26 പന്തുകൾ നേരിട്ട പാട്ടിദാർ, മൂന്നു ഫോറും നാലു സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേഷ് കാർത്തിക്കാണ് ബെംഗളൂരുവിനെ 190 കടത്തിയത്. കാർത്തിക് 23 പന്തിൽ അഞ്ചു ഫോറും നാലു സിക്സും സഹിതമാണ് 53 റണ്‍സെടുത്തത്. ആകാശ് മാധ്‌വാൾ എറിഞ്ഞ അവസാന ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം കാർത്തിക് 19 റൺസാണ് അടിച്ചുകൂട്ടിയത്.

നേരത്തെ, ഓപ്പണർ വിരാട് കോലി ഇന്നിങ്സിന്റെ തുടക്കത്തിൽത്തന്നെ പുറത്താകുന്ന കാഴ്ചയോടെയാണ് ആർസിബി ഇന്നിങ്സ് തുടങ്ങിയത്. ഒൻപതു പന്തുകൾ നേരിട്ട കോലി മൂന്നു റൺസ് മാത്രമെടുത്ത് മൂന്നാം ഓവറിൽ ബുമ്ര‌യ്ക്കു വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ വിൽ ജാക്സ് ആറു പന്തിൽ എട്ടു റൺസുമായി പുറത്തായതോടെ ആർസിബി രണ്ടിന് 23 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും, മൂന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ഡുപ്ലേസി – പാട്ടിദാർ സഖ്യം അവരെ കരകയറ്റി. ഇരുവരും 47 പന്തിൽ കൂട്ടിച്ചേർത്തത് 82 റൺസ്.

ഗ്ലെൻ മാക്സ്‍വെൽ (നാലു പന്തിൽ 0) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മഹിപാൽ ലോംറോർ (0), സൗരവ് ചൗഹാൻ (എട്ടു പന്തിൽ ഒൻപത്), വിജയകുമാർ വൈശാഖ് (0) എന്നിവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. ഈ മത്സരത്തിൽ ഗോൾഡൻ ഡക്കായ മാക്സ്‍വെൽ, ഐപിഎൽ ചരിത്രത്തിൽ കൂടുതൽ ഗോൾഡൻ ഡക്കുകളെന്ന ദിനേഷ് കാർത്തിക്, രോഹിത് ശർമ എന്നിവരുടെ ‘റെക്കോർഡിന്’ ഒപ്പമെത്തി. മൂവരും ഇതുവരെ 17 തവണ വീതമാണ് ഗോൾഡൻ ഡക്കായത്.

മുംബൈയ്ക്കായി നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനം ശ്രദ്ധേയമായി. ജെറാൾഡ് കോയെട്സെ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ശ്രേയസ് ഗോപാൽ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ആകാശ് മാധ്‌വാൾ നാല് ഓവറിൽ 57 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

IPL 2024, Mumbai Indians vs Royal Challengers Bengaluru Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com