ADVERTISEMENT

ഐപിഎൽ ക്രിക്കറ്റിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ 2 റൺസ് ജയത്തിന് സൺറൈസേഴ്സ് ഹൈദരാബാദ് ആരാധകർ കടപ്പെട്ടിരിക്കുന്നത് സൂപ്പർ സ്റ്റാർ രജനീകാന്തിനോടാണ് ! ഐപിഎലിൽ ഹൈദരാബാദ് മത്സരങ്ങൾ തോൽക്കുമ്പോൾ കാവ്യ മാരന്റെ മുഖത്തെ വിഷമം കാണാൻ വയ്യെന്നും നല്ല കളിക്കാരെ ടീമിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നും, ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സൺറൈസേഴ്സ് ഫ്രാഞ്ചൈസി ഉടമയായ കലാനിധി മാരനോട് രജനി ആവശ്യപ്പെട്ടിരുന്നു. സൂപ്പർ സ്റ്റാറിന്റെ ‘അഭ്യർഥനയുടെ’ ഭാഗമായി ടീമിൽ എത്തിയ താരങ്ങളിൽ ഒരാളാണ് പഞ്ചാബിനെതിരായ മത്സരത്തിൽ ഹൈദരാബാദിന്റെ വിജയശിൽപിയായ നിതീഷ് റെഡ്ഡി.

ത്രീഡി റെഡ്ഡി

മധ്യനിരയിലെ വെടിക്കെട്ട് ബാറ്റർ, ഭേദപ്പെട്ട മീഡിയം പേസർ, വിശ്വസ്തനായ ഫീൽഡർ– എല്ലാ അർഥത്തിലും ഹൈദരാബാദിനു ലഭിച്ച ത്രീഡി പാക്കേജാണ് നിതീഷ് റെഡ്ഡി എന്ന ഇരുപതുകാരൻ. ബാറ്റിങ്ങിലും (37 പന്തിൽ 64) ബോളിങ്ങിലും (3–33–0–1) മികവു കാട്ടി, പ്ലെയർ‌ ഓഫ് ദ് മാച്ചായ നിതീഷാണ് പഞ്ചാബിനെതിരായ മത്സരത്തിൽ ഹൈദരാബാദിന്റെ വിജയമുറപ്പിച്ചത്.

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക്, ഒരു മീഡിയം പേസർ എന്ന ടാഗുമായാണ് നിതീഷ് ഹൈദരാബാദിൽ എത്തുന്നത്. എന്നാൽ നിതീഷിന്റെ ബാറ്റിങ് മികവിനായിരുന്നു പഞ്ചാബിനെതിരായ മത്സരം സാക്ഷിയായത്. 37 പന്തിൽ 5 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു നിതീഷിന്റെ ഇന്നിങ്സ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ ആദ്യ ബൗണ്ടറി റിവേഴ്സ് സ്വീപ്പിലൂടെ കണ്ടെത്തിയ നിതീഷ്, സിക്സർ നേടിയാണ് മത്സരം ഫിനിഷ് ചെയ്തത്.

മുന്നിൽ ലോകകപ്പ് 

നിലവിലെ ഫോം തുടരാനായാൽ ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഒരു പേസ് ബോളിങ് ഓൾറൗണ്ടറായി നിതീഷിനെ ബിസിസിഐ പരീക്ഷിച്ചേക്കാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആന്ധ്രയ്ക്കായി മികച്ച പ്രകടനം നടത്തുന്ന നിതീഷ്, 17 കളികളിൽ നിന്ന് ഒരു സെഞ്ചറിയും 2 അർധ സെഞ്ചറിയും അടക്കം 566 റൺസ് നേടിയിട്ടുണ്ട്. കൂടാതെ 52 വിക്കറ്റും. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസും വെങ്കടേഷ് അയ്യർ, ശിവം ദുബെ, ഷാർദൂൽ ഠാക്കൂർ, വിജയ് ശങ്കർ തുടങ്ങിയ പേസ് ബോളിങ് ഓൾറൗണ്ടർമാരുടെ ഫോമും പരിഗണിക്കുമ്പോൾ നിതീഷിനൊരു അവസരം നൽകാൻ സിലക്ടർമാർ മടിച്ചേക്കില്ല.

English Summary:

Nitish Reddy the new star in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com