ADVERTISEMENT

മുംബൈ∙ ക്രിക്കറ്റിൽ അവസരങ്ങൾ കുറ‍ഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര കാന‍ഡയിലേക്കു പോകാൻ ഒരുങ്ങിയതായി വെളിപ്പെടുത്തൽ. ജിയോ സിനിമയ്ക്കു വേണ്ടി ഭാര്യ സഞ്ജന ഗണേശൻ ബുമ്രയുമായി നടത്തിയ ചർച്ചയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഇക്കാര്യം സമ്മതിച്ചത്. കാന‍‍ഡയിലേക്കു പോയി അവിടെ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചിരുന്നോ എന്നായിരുന്നു സഞ്ജന ഗണേശന്റെ ചോദ്യം.

‘‘നമ്മൾ ഇക്കാര്യം മുൻ‌പും സംസാരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന 25 പേരെങ്കിലും ഓരോ തെരുവിലുമുണ്ടാകും. നിങ്ങൾക്ക് എപ്പോഴും ഒരു ബാക്ക്അപ് പ്ലാൻ കൂടി ഉണ്ടായിരിക്കണം. ഞങ്ങളുടെ ബന്ധുക്കൾ കാനഡയിലുണ്ട്. എന്റെ വിദ്യാഭ്യാസത്തിനു ശേഷം അങ്ങോട്ടുപോകാനായിരുന്നു ആലോചിച്ചത്. അമ്മാവൻ അവിടെയാണുള്ളത്. ആദ്യം കുടുംബമായി തന്നെ പോകാൻ ആയിരുന്നു പ്ലാൻ. എന്നാൽ അവിടത്തെ സംസ്കാരത്തിലുള്ള വ്യത്യാസം കാരണം അമ്മയ്ക്കു താൽപര്യമുണ്ടായിരുന്നില്ല.’’

‘‘ഞാന്‍ ഭാഗ്യമുള്ള ആളാണ്. അതുകൊണ്ടു കാര്യങ്ങളെല്ലാം നന്നായി നടന്നു. അതിൽ സന്തോഷമുണ്ട്. കാനഡയിൽ പോയി അവിടത്തെ ടീമില്‍ അവസരത്തിനായി ശ്രമിക്കുമോയെന്ന് എനിക്ക് അറിയില്ല. ഇവിടെ തന്നെ അവസരം ലഭിച്ചതു നന്നായി. ഞാനിപ്പോൾ ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിക്കുന്നുണ്ട്.’’– ജസ്പ്രീത് ബുമ്ര അഭിമുഖത്തിൽ പറഞ്ഞു. വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായ ബോളറാണ് ബുമ്ര. പരുക്കു കാരണം കുറച്ചുകാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്നെങ്കിലും, ഫോം നിലനിർത്താൻ ബുമ്രയ്ക്കു സാധിച്ചു.

ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ താരം അഞ്ചു വിക്കറ്റുകൾ നേടി. വാങ്കഡെ സ്റ്റേഡിയത്തിൽ 21 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ എണ്ണത്തിൽ ബുമ്ര ഒന്നാം സ്ഥാനത്തെത്തി. ബുമ്രയ്ക്കും രാജസ്ഥാൻ റോയൽസ് താരം യുസ്‍വേന്ദ്ര ചെഹലിനും നിലവിൽ 10 വിക്കറ്റുകൾ വീതമുണ്ട്. ഐപിഎല്ലിൽ ആർസിബിക്കെതിരെ അഞ്ച് വിക്കറ്റു നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണു ബുമ്ര.

English Summary:

Jasprit Bumrah Wanted To Move To Canada, Tells Wife Sanjana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com