ADVERTISEMENT

മൊഹാലി ∙ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യത്തിനു മുൻപിൽ അൽപം വിയർത്തെങ്കിലും രാജസ്ഥാൻ ലക്ഷ്യം കൈവിട്ടില്ല. ബോളർമാർ കരുത്തുകാട്ടിയ ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാന് 3 വിക്കറ്റ് ജയം. പഞ്ചാബുയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ജയമുറപ്പിച്ചത് ഒരു പന്ത് ശേഷിക്കെ. ജയിക്കാൻ‌ 10 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ തുടക്കത്തിൽ 2 ഡോട്ബോളുകളെറിഞ്ഞ് അർഷ്‍ദീപ് സിങ് പഞ്ചാബിന് പ്രതീക്ഷ നൽകി. എന്നാൽ തുടർന്നുള്ള 3 പന്തുകളിൽ 14 റൺസുമായി ഷിമ്രോൺ ഹെറ്റ്മെയർ റോയൽസിനെ വിജയത്തിലെത്തിച്ചു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 8ന് 147. രാജസ്ഥാൻ 19.5 ഓവറിൽ 7ന് 152. ഹെറ്റ്മെയറാണ് (10 പന്തിൽ 27*) പ്ലെയർ ഓഫ് ദ് മാച്ച് 

148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഒന്നാം വിക്കറ്റിൽ 56 റൺസ് നേടിയാണ് തുടങ്ങിയത്. യശസ്വി ജയ്സ്വാൾ (28 പന്തിൽ 39) ഫോം കണ്ടെത്തിയപ്പോൾ ജോസ് ബട്‍ലർക്കു പകരം ഓപ്പണറായ തനുഷ് കോട്ടിയന്റെ (31 പന്തിൽ 24) ഇന്നിങ്സിന് വേഗം കുറവായിരുന്നു. 12–ാം ഓവറിൽ ജയ്സ്വാൾ പുറത്തായതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. തുടർന്നെത്തിയ സഞ്ജുവും (18) റിയാൻ പരാഗും (23) ധ്രുവ് ജുറെലും (6) സ്കോറുയർത്തുന്നതിൽ പരാജയപ്പെട്ടു. 18–ാം ഓവറിൽ വെസ്റ്റിൻഡീസ് താരങ്ങളായ ഹെറ്റ്‍മെയറും റോവ്മാൻ പവലും (5 പന്തിൽ 11)  ക്രീസിലൊന്നിക്കുമ്പോൾ 16 പന്തിൽ 33 റൺസായിരുന്നു രാജസ്ഥാന്റെ ലക്ഷ്യം. തുടർന്നുള്ള 7 പന്തുകളിൽ 21 റൺസ് നേടിയ ഇവരുടെ കൂട്ടുകെട്ടാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്. 

നേരത്തേ രാജസ്ഥാന്റെ ബോളാക്രമണത്തിൽ തകർന്ന പഞ്ചാബിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത് അവസാന ഓവറുകളിൽ ആഞ്ഞട‌ിച്ച ഇംപാക്ട് പ്ലെയർ അശുതോഷ് ശർമയുടെ പ്രകടനമാണ് (16 പന്തിൽ 31). ആറാം വിക്കറ്റിൽ 33 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൻ (21), ജിതേഷ് ശർമ (29) കൂട്ടുകെട്ടും ടീമിന്റെ രക്ഷകരായി. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത സ്പിന്നർ കേശവ് മഹാരാജാണ് രാജസ്ഥാന്റെ ആക്രമണം നയിച്ചത്. ആവേശ് ഖാൻ 2 വിക്കറ്റെടുത്തപ്പോൾ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടും തിളങ്ങി. 

അഞ്ചാം ജയം നേടിയ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് ലീഡുയർത്തി. 

English Summary:

Rajasthan Royals won against Punjab Kings in cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com