ADVERTISEMENT

ബെംഗളൂരു ∙ ഐപിഎല്‍ ചരിത്രത്തിലെ കൂറ്റൻ സ്കോറിനു മുന്നിൽ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി). സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) ഉയർത്തിയ 288 റൺസെന്ന വിജയലക്ഷ്യത്തിന് 25 റൺസ് ബാക്കിനിൽക്കെയാണു ആർസിബിയുടെ തോൽവി. ഐപിഎലിലെ ഏറ്റവും വലിയ സ്കോർ (20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ്) എന്നതിനൊപ്പം വമ്പൻ വിജയവുമാണു സൺറൈസേഴ്സ് സ്വന്തമാക്കിയത്.

41 പന്തിൽ 102 റൺസെടുത്ത ട്രാവിസ് ഹെഡാണു ഹൈദരാബാദിന്റെ കളിയുടെ ഗതിതിരിച്ചത്. 31 പന്തിൽനിന്ന് 67 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും ഹെഡിനു മികച്ച പിന്തുണ നൽകി. അബ്ദുൽ സമദ് (37), അഭിഷേക് ശർമ (34), എയ്ഡന്‍ മാര്‍ക്രം (32) എന്നിവരും നല്ല പ്രകടനം പുറത്തെടുത്തു. 15 എക്സ്ട്രാസാണു റോയൽ ചലഞ്ചേഴ്സ് ബോളർമാർ എറിഞ്ഞത്. അരങ്ങേറ്റ മത്സരത്തിൽ 4 ഓവറിൽ 52 റൺസ് വിട്ടുകൊടുത്ത ലോക്കി ഫെർഗൂസൻ ബെംഗളൂരുവിനായി 2 വിക്കറ്റ് സ്വന്തമാക്കി. 4 ഓവറിൽ 68 റൺസ് വിട്ടുകൊടുത്ത റീസ് ടേപ്പ്‌ലെ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആത്മവിശ്വാസത്തോടെയാണു പന്തുകളെ നേരിട്ടത്. 20 പന്തിൽ 42 റൺസെടുത്ത് വിരാട് കോലി ആക്രമണത്തിനു മൂർച്ച കൂട്ടി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 28 പന്തിൽനിന്ന് 62 റൺസ് അടിച്ചെടുത്തു. വിക്കറ്റുകൾ വീണതോടെ കൈവിട്ടു പോയെന്നു കരുതിയ മത്സരത്തെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കാണു തിരിച്ചുപിടിച്ചത്. 35 പന്തിൽനിന്ന് 83 റൺസെടുത്ത ദിനേഷ് കാർത്തിക്കും ഔട്ടായതോടെ ബെംഗളൂരുവിന്റെ പ്രതീക്ഷകൾ മങ്ങി. അനുജ് റാവത്ത് (25), മഹിപാൽ ലോംറോർ (19) എന്നിവരും രണ്ടക്കം കടന്നു.

ഹൈദരാബാദിനു വേണ്ടി 4 ഓവറിൽ 43 റൺസ് വിട്ടുനൽകി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 3 വിക്കറ്റ് നേടി. മായങ്ക് രണ്ടും നടരാജൻ ഒരു വിക്കറ്റും സ്വന്തമാക്കി. ഹൈദരാബാദിനോടും റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടതോടെ ആരാധകർ നിരാശയിലാണ്. ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍, ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ ഒഴിവാക്കിയാണ് ആർസിബി ഇറങ്ങിയത്. ഹൈദരാബാദ് ടീമിൽ മാറ്റങ്ങളില്ലായിരുന്നു.

പ്ലേയിങ് ഇലവൻ: 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുൽ സമദ്, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി.നടരാജന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാട്ടിധാര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), എസ്. ചൗഹാൻ, മഹിപാല്‍ ലൊംറോര്‍, റീസ് ടേപ്പ്‌ലെ, വിജയ്കുമാര്‍ വൈശാഖ്, ഫെർഗൂസൻ, ദയാൽ.

English Summary:

IPL 2024, Royal Challengers Bengaluru vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com