ADVERTISEMENT

കൊൽക്കത്ത∙ അവസാന പന്തു വരെ ആവേശം, ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാന് ‘റോയൽ’ വിജയം.  പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ വരുൺ ചക്രവർത്തിയെ സിക്സർ പറത്തി ബട്‍ലർ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയപ്പോൾ, രാജസ്ഥാൻ തിരിച്ചുപിടിച്ചത് ഒരു ഘട്ടത്തിൽ കൈവിട്ടു പോയ അവരുടെ ‘ആറാം വിജയം’ കൂടിയാണ്. സ്കോർ: കൊൽക്കത്ത: 223‌/6, രാജസ്ഥാൻ: 224/8

ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തിൽ 107 റൺസെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‍ലറാണ് രാജസ്ഥാന്റെ വിജയശിൽപി. ആറു സിക്സറുകളും ഒൻപത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‍ലറുടെ സുദീർഘമായ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ 121–6 എന്ന നിലയിൽ പരാജയം മണത്ത രാജസ്ഥാനെ മത്സരത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയ റോവ്‍മാൻ പവലും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി. ഈ വിജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു വിജയവും 12 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ.

224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് യശസ്വി ജയ്സ്വാളും ഇംപ്ാക്റ്റ് പ്ലയറായി ഇറങ്ങിയ ജോസ് ബട്‍ലറും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്കോർ 22ൽ നിൽക്കെ വൈഭവ് അറോറയുടെ എറിഞ്ഞ പന്ത് വെങ്കിടേഷ് അയ്യർ പിടിച്ച് ജെയ്സ്വാൾ( 9 പന്തിൽ 19) പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും അധികനേരം പിടിച്ചുനിൽക്കാനായില്ല. നാലാം ഓവറിൽ ഹർഷിത് റാണയുടെ പന്ത് നരെയ്ന്റെ കൈകളിൽ എത്തിച്ച് ക്യാപ്റ്റനും( 8 പന്തിൽ 12) തിരികെക്കയറി. പിന്നാലെ എത്തിയ റിയാൻ പരാഗിനെ കൂട്ടുപിടിച്ച് ബട്‍ലർ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് ഏഴാം ഓവറിൽ സ്കോർ 90 കടത്തി.

ഇരുവരും ചേർന്ന് കൈവിട്ടു പോയ മത്സരം തിരികെ പിടിച്ചുവെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചെങ്കിലും ഹർഷിത് റാണ എറിഞ്ഞ പന്ത് ഉയർത്തി അടിക്കാനുള്ള പരാഗിന്റെ ശ്രമം റസലിന്റെ കൈകളിൽ അവസാനിച്ചതോടെ രാജസ്ഥാൻ വീണ്ടും പരുങ്ങലിലായി. 14 പന്തിൽ രണ്ടു സിക്സറുകളും നാലു ഫോറുകളുമായി 34 റൺസാണ് പരാഗ് നേടിയത്. ഒരുവശത്ത് ധ്രുവ് ജുറൽ(4 പന്തിൽ2), രവിചന്ദ്രൻ അശ്വിൻ(11 പന്തിൽ 8), ഷിമ്‍റോൺ ഹെറ്റ്മെയർ (1 പന്തിൽ 0) എന്നിവർ നിലയുറപ്പിക്കാതെ ക്രീസ് വിട്ടപ്പോൾ മറുവശത്ത് ബട്‍ലർ ഉറച്ചുനിന്നു.

ആറാം വിക്കറ്റിൽ ബട്‍ലറിന് കൂട്ടായി ക്രീസിലെത്തിയത് റോവ്‍മാൻ പവൽ പതിയെ താളം കണ്ടെത്തി കൂറ്റൻ അടികളുമായി പിന്തുണ നൽകിയതോടെ രാജസ്ഥാന് വീണ്ടും പ്രതീക്ഷ. നരെയ്ൻ എറി‍ഞ്ഞ പതിനാറാം ഓവറിൽ ആദ്യ ബോൾ ബൗണ്ടറി കടത്തിയ പവൽ തുടരെ രണ്ടു സിക്സറുകളും പറത്തി. എന്നാൽ അഞ്ചാം പന്തിൽ എൽബിഡബ്ല്യുവിന് പുറത്ത്. ഇതോടെ രാജസ്ഥാൻ വീണ്ടും സമ്മർദ്ദത്തിലായി. പിന്നാലെ എത്തിയ ട്രെന്റ് ബോൾട്ട് റണ്ണോന്നുമെടുക്കാതെ പുറത്തായി. സ്കോർ 186–8. പിന്നീട് ഈഡൻ ഗാർഡൻസ് സാക്ഷിയായത് ബട്‍ലറുടെ കംപ്ലീറ്റ് ഷോയ്ക്കായിരുന്നു. ബോൾട്ടിനു പിന്നാലെ ക്രീസിലെത്തിയ ആവേശ് ഖാനെ ഒരു വശത്തു നിർത്തി ബട്‍ലർ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി നേടി, ഒപ്പം രാജസ്ഥാന് ആറാം വിജയവും സമ്മാനിച്ചു. കൊൽക്കത്തയ്ക്കായി ഹർഷിത റാണ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റു വീതവും വൈഭവ് അറോറ ഒരു വിക്കറ്റും നേടി.

വിളയാടി നരെയ്ൻ

സെഞ്ചറിയുമായി ഓപ്പണർ സുനിൽ നരെയ്ൻ കളം നിറഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോറാണ് അടിച്ചെടുത്തത്. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് കൊൽക്കത്ത നേടിയത്. 56 പന്തിൽ ആറു സിക്സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റൺസെടുത്ത നരെയ്നാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. രാജസ്ഥാനു വേണ്ടി ആവേശ് ഖാൻ രണ്ടു വിക്കറ്റുകളും ട്രെന്റ് ബോൾട്ട്, കുൽദീപ് സെൻ, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് മൂന്നാം ഓവറിലാണ് ഓപ്പണർ ഫിലിപ് സാൾട്ടിനെ നഷ്ടമാകുന്നത്. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചറിയുമായി തിളങ്ങിയ സാൾട്ട്(13 പന്തിൽ 10) ആവേശ് ഖാൻ എറിഞ്ഞ പന്ത് ആവേശ് ഖാന്റെ കൈകളിൽ തന്നെ തിരികെ എത്തിച്ചാണ് പുറത്തായത്. 21ന് 1 എന്ന നിലയിൽ നിന്ന് കൊൽക്കത്തയെ നരെയ്ൻ തോളിലേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അംഗ്ക്രിഷ് രഘുവംശിയും നരെയ്നും ചേർന്ന് രണ്ടാം വിക്കറ്റിൽ 85 റൺസാണ് കൂട്ടിച്ചേർത്തത്.

സ്കോർ 106ൽ നിൽക്കെ ഇരുവരുടെയും കൂട്ടുകെട്ട് പൊളിച്ച് രഘുവംശി( 18 പന്തിൽ 30)യെ കുൽദീപ് സെൻ തിരികെയയച്ചു. ശ്രേയസ് അയ്യർ(7 പന്തിൽ 11), ആന്ദ്രെ റസൽ(10 പന്തിൽ 13) എന്നിവർ കാര്യമായ സംഭാവനകൾ ഒന്നും നൽകാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെങ്കിലും മറ്റൊരു വശത്ത് പാറപോലെ ഉറച്ചുനിന്ന നരെയ്ൻ ബൗണ്ടറികളും സിക്സറുകളുമായി സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. 17 ാം ഓവറിലെ മൂന്നാം പന്തിൽ ബോൾട്ട് നരെയ്ന്റെ പോരാട്ടത്തിന് വിരാമമിടുമ്പോൾ സ്കോർ 195–5. പിന്നീടെത്തിയ റിങ്കു സിങ് (9 പന്തിൽ 20*) വെങ്കിടേഷ് അയ്യരു(6 പന്തിൽ 8) ചേർന്ന് സ്കോർ 200 കടത്തി. കുൽദീപ് സിങ്ങിന്റെ പന്തിൽ ധ്രുവ് ജുറൽ ക്യാച്ചെടുത്ത് വെങ്കിടേഷ് മടങ്ങുമ്പോൾ കൊൽക്കത്ത 215 എന്ന സ്കോറിൽ എത്തിയിരുന്നു. രമൺദീപ് സിങ്ങിനെ മറുവശത്ത് കാഴ്ചക്കാരനാക്കി റിങ്കു സിങ് അത് 223 എന്ന നിലയിലേക്ക് എത്തിച്ചു.

English Summary:

IPL 2024, Kolkata Knight Riders vs Rajasthan Royals Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com