ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബോളറുടെ റോളിൽ തിളങ്ങിയാൽ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചാൽ മതിയെന്ന നിലപാടിൽ ബിസിസിഐ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാണ്ഡ്യ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ പാണ്ഡ്യയ്ക്കു കാലിനു പരുക്കേൽക്കുകയായിരുന്നു. ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങൾ പാണ്ഡ്യയ്ക്കു നഷ്ടമായി. പരുക്കുമാറിയ ശേഷം ഐപിഎല്ലിലാണു പാണ്ഡ്യ ആദ്യമായി കളിക്കാനിറങ്ങിയത്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് ബോളിങ്ങിൽ ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല. ലോകകപ്പ് ടീം പ്രഖ്യാപനത്തിനു മുന്നോടിയായി കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രത്യേക യോഗം ചേർന്നിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ്, സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരും മുംബൈയില്‍ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ ഹാർദിക് ഐപിഎല്ലിൽ സ്ഥിരമായി പന്തെറിയേണ്ടിവരുമെന്നാണ് ഇവരുടെ നിലപാട്. ബാറ്റിങ്ങിൽ തിളങ്ങിയാലും ബോളറെന്ന നിലയിൽ താരത്തിന്റെ പ്രകടനമായിരിക്കും നിർണായകമാകുക.

ജൂണിൽ യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യയ്ക്ക് മികച്ചൊരു ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറെ ആവശ്യമുണ്ട്. പാണ്ഡ്യയില്ലെങ്കില്‍ മികച്ച ഫോമിലുള്ള ശിവം ദുബെയ്ക്ക് അവസരം ലഭിച്ചേക്കും. മുംബൈയ്ക്കു വേണ്ടി നാലു കളികളിൽ മാത്രമാണ് പാണ്ഡ്യ പന്തെറിഞ്ഞത്. ആകെ നേടിയത് മൂന്നു വിക്കറ്റുകൾ. കൂടുതൽ റൺസ് വഴങ്ങിയതിന്റെ പേരിലും പാണ്ഡ്യ ഈ മത്സരങ്ങളിൽ പഴികേട്ടു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ കളിയിൽ 20–ാം ഓവർ എറിഞ്ഞ പാണ്ഡ്യ 26 റൺസ് വഴങ്ങിയിരുന്നു.

ഐപിഎല്ലിൽ ഇതുവരെ 131 റൺസാണു താരം നേടിയത്. എന്നാൽ പാണ്ഡ്യയ്ക്കു പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നതും സിലക്ടർമാര്‍ പരിഗണിക്കുന്നുണ്ട്. ശിവം ദുബെയെ ബിസിസിഐ ടീമിലെടുത്താലും ഒരു പ്രശ്നമുണ്ട്. ചെന്നൈ സൂപ്പർ കിങ്സിൽ ഇംപാക്ട് പ്ലേയറായി കളിക്കുന്ന ദുബെയ്ക്ക് ബോളറായി കാര്യമായ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. 

English Summary:

T20 World Cup 2024: Rohit Meets Ajit Agarkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com