ADVERTISEMENT

ബെംഗളൂരു∙ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ രൂക്ഷവിമർശനവുമായി ഇന്ത്യൻ ടെന്നിസ് ഇതിഹാസം മഹേഷ് ഭൂപതി. മികച്ച ടീം കെട്ടിപ്പടുക്കുന്നതിനായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഫ്രാഞ്ചൈസിയെ വിൽക്കാൻ ബിസിസിഐ മുന്‍കൈയെടുക്കണമെന്നാണ് മഹേഷ് ഭൂപതിയുടെ ആവശ്യം. മറ്റു ടീമുകൾ ചെയ്യുന്നതുപോലെ മികച്ചൊരു ടീമുണ്ടാകണമെങ്കിൽ ആർസിബി പുതിയ ഉടമകൾക്കു കീഴിൽ വരണമെന്നാണ് ഭൂപതിയുടെ നിലപാട്.

ഐപിഎല്ലിൽ ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഒരു കളി മാത്രം ജയിച്ച ബെംഗളൂരുവിന് രണ്ടു പോയിന്റാണ് ആകെയുള്ളത്. ‘‘ഐപിഎല്ലിനും ആരാധകർക്കും താരങ്ങൾക്കും വേണ്ടി, ആർസിബിയെ വളര്‍ത്താൻ കഴിയുന്ന പുതിയ ഉടമകൾക്കു വിൽക്കാൻ ബിസിസിഐ നടപടിയെടുക്കണം.’’– എന്നാണ് മഹേഷ് ഭൂപതി പ്രതികരിച്ചത്.

ദിനേഷ് കാർത്തിക്കും ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും മികച്ച പ്രകടനം നടത്തിയിട്ടും തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആർസിബി തോറ്റിരുന്നു. 25 റൺസിനായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 287 റണ്‍സെന്ന വലിയ സ്കോറാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാൻ മാത്രമാണ് ആർസിബിക്കു സാധിച്ചത്.

സൺറൈസേഴ്സിനായി ഇറങ്ങിയ ബാറ്റർമാരെല്ലാം തിളങ്ങി. 41 പന്തിൽ 102 റൺസെടുത്ത ട്രാവിസ് ഹെഡാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങിൽ ദിനേഷ് കാർത്തിക്ക് 35 പന്തിൽ 83 റൺസെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും (28 പന്തിൽ 62) അർധ സെഞ്ചറി തികച്ചു. 21ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.

English Summary:

Tennis Legend Writes To BCCI, Wants RCB Sold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com