ADVERTISEMENT

ബെംഗളൂരു ∙ തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ, സൺറൈസേഴ്സ് ഹൈദരാബാദ് റെക്കോർഡ് സ്കോർ നേടിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ആർസിബി 11 ബാറ്റർമാരുമായി മൈതാനത്ത് ഇറങ്ങണമെന്നും എല്ലാവരും ബോളിങ്ങിനു കൂടി തയാറായിരിക്കണമെന്നും ശ്രീകാന്ത് പരിഹസിച്ചു. 287 റൺസ് വഴങ്ങിയ ബോളർമാരെക്കാൾ നന്നായി വിരാട് കോലിക്ക് പന്തെറിയാനാവുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

‘‘റീസ് ടോപ്‌ലി, ലോക്കി ഫെര്‍ഗ്യൂസൻ എന്നിവർക്കെല്ലാം നല്ല രീതിയിൽ അടികിട്ടി. ഫെർഗ്യൂസന് ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. വിൽ ജാക്സാണ് പിന്നെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 11 ബാറ്റർമാരുമായി കളിക്കുന്നതാണ് ആർസിബിക്ക് നല്ലത്. ഫാഫ് ഡൂപ്ലസി രണ്ടും കാമറൂൺ ഗ്രീന്‍ നാലും വീതം ഓവറുകൾ എറിയണം. 4 ഓവർ എറിഞ്ഞാൽ സ്പെഷലിസ്റ്റ് ബോളർമാരെക്കാൾ മെച്ചപ്പെട്ട പ്രകടനമാകും വിരാട് കോലി പുറത്തെടുക്കുക. 

പന്തുകൾ ഗാലറിയിലിലേക്ക് പോകുന്നതു നോക്കി നിൽക്കുന്ന കോലിയുടെ അവസ്ഥ കണ്ടപ്പോൾ ഒരുഘട്ടത്തിൽ എനിക്ക് വിഷമം തോന്നി. ബാറ്റിങ്ങിന് എത്തിയപ്പോഴും കോലി ദേഷ്യത്തിലായിരുന്നു. സൺറൈസേഴ്സിനായി ഹെഡ്, ക്ലാസൻ തുടങ്ങി എല്ലാവരും അടിച്ചു തകർത്തു. അബ്ദുൽ സമദിന്റെ ബാറ്റിങ് അവസാനത്തെ ആണിയടിക്കുന്നതിനു സമമായിരുന്നു’’ –ശ്രീകാന്ത് പറഞ്ഞു. 

ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ഇന്നിങ്സ് സ്കോറായ 287 റൺസാണ് ഹൈദരാബാദ് ബെംഗളൂരുവിനെതിരെ അടിച്ചെടുത്തത്. ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് മുംബൈക്കെതിരെ നേടിയ തങ്ങളുടെ തന്നെ 277 റൺസിന്റെ റെക്കോർഡാണ് എസ്ആർഎച്ച് തകർത്തത്. ഓഫ് സ്പിന്നർ വിൽ ജാക്സ് 3 ഓവറില്‍ 32 റൺസാണ് വിട്ടുകൊടുത്തത്. എന്നാൽ പേസ് ബോളർമാരായ ടോപ്‍ലി, യഷ് ദയാൽ, ഫെർഗ്യൂസൻ, വിജയകുമാര്‍ വൈശാഖ് എന്നിവർ 4 വീതം ഓവറിൽ 50നു മേലെ റൺസ് വഴങ്ങി. ആർസിബിയുടെ മറുപടി ബാറ്റിങ് 262ൽ അവസാനിച്ചു.

ഈ സീസണിൽ കളിച്ച ഏഴിൽ ആറ് മത്സരങ്ങളും തോറ്റ ആർസിബി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ്. 2 പോയിന്റ് മാത്രമാണ് ടീമിന് നേടാനായത്. 361 റൺസ് നേടിയ വിരാട് കോലിയാണ് നിലവിൽ റൺവേട്ടക്കാരിൽ ഒന്നാമതുള്ളത്. ഞായറാഴ്ച കൊല്‍ക്കത്തയ്ക്കെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം.

English Summary:

RCB Asked To Play 11 Batters With Big Virat Kohli Role Change In IPL 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com