ADVERTISEMENT

കൊൽക്കത്ത ∙ തുടർച്ചയായി നിറംമങ്ങിയപ്പോഴും തന്നെ ചേർത്തുപിടിച്ച് രാജസ്ഥാൻ റോയൽസ് കാണിച്ച വിശ്വാസത്തിന് ഇതിലും മനോഹരമായി ജോസ് ബട്‌ലർ എങ്ങനെ നന്ദി പറയും!   ഐപിഎലിലെ ഏറ്റവും ഉയർന്ന റൺ ചേസ് കണ്ട ത്രില്ലർ പോരാട്ടത്തിൽ, ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചറിയുടെ (60 പന്തിൽ 107) മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം.

സുനിൽ നരെയ്ന്റെ (56 പന്തിൽ 109) കന്നി ട്വന്റി20 സെഞ്ചറിയുടെ ബലത്തിൽ കൊൽക്കത്ത ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് രാജസ്ഥാൻ മറികടന്നത്. വരുൺ ചക്രവർത്തിയെറിഞ്ഞ 20–ാം ഓവറിൽ 9 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ ആവശ്യം. സ്ട്രൈക്കിൽ ബട്‌ലർ. ആദ്യ പന്തിൽ സിക്സ്. അടുത്ത മൂന്ന് പന്തിൽ റൺ നേടാൻ ബട്‌ലർക്ക് സാധിച്ചില്ല. അഞ്ചാം പന്തിൽ ഡബിൾ. അവസാന പന്തിൽ സിംഗിൾ നേടിയ ബട്‌ലർ, രാജസ്ഥാന് 2 വിക്കറ്റിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 6ന് 223. രാജസ്ഥാൻ 20 ഓവറിൽ 8ന് 224. ബട്‌ലർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. ഐപിഎൽ കരിയറിൽ ബട്‌‌ലറുടെ 7–ാം സെഞ്ചറിയാണിത്. ഈ സീസണിൽ രണ്ടാമത്തേതും. 

ബോസ് ബട്‌ലർ 

224 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ നന്നായി തുടങ്ങിയ യശസ്വി ജയ്സ്വാൾ (9 പന്തിൽ 19) പെട്ടെന്ന് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. വൈകാതെ ക്യാപ്റ്റൻ സഞ്ജു സാംസണും (12) പുറത്തായതോടെ പ്രതിരോധത്തിലായ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റിൽ 22 പന്തിൽ 50 റൺസ് ചേർത്ത ജോസ് ബട്‌ലർ– റിയാൻ പരാഗ് (14 പന്തിൽ 34) കൂട്ടുകെട്ടാണ്.

പരാഗ് പുറത്തായതിനു പിന്നാലെ ധ്രുവ് ജുറേൽ (2), ആർ.അശ്വിൻ (8), ഷിമ്രോൺ ഹെറ്റ്മെയർ (0) എന്നിവർ നിരാശപ്പെടുത്തിയതോടെ രാജസ്ഥാൻ വീണ്ടും പ്രതിസന്ധിയിലായി. അവസാന ഓവറുകളിൽ റോവ്മാൻ പവലിനെ (13 പന്തിൽ 26) കൂട്ടുപിടിച്ച് ബട്‌ലർ നടത്തിയ പ്രത്യാക്രമണം കൊൽക്കത്ത ക്യാംപിനെ വിറപ്പിച്ചെങ്കിലും പവൽ പുറത്തായതോടെ രാജസ്ഥാൻ വീണ്ടും തോൽവി മണത്തു. എന്നാൽ 9–ാം വിക്കറ്റിൽ ആവേശ് ഖാനെ സാക്ഷിയാക്കി (0 നോട്ടൗട്ട്) 15 പന്തിൽ 35 റൺസ് അടിച്ചെടുത്താണ് ബട്‌ലർ രാജസ്ഥാനായി വിജയകാഹളം മുഴക്കിയത്.

ഓ നരെയ്ൻ..! 

തുടക്കത്തിൽത്തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (10) നഷ്ടപ്പെട്ട കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് രണ്ടാം വിക്കറ്റിൽ യുവതാരം അംഗ്ക്രിഷ് രഘുവംശിയെ (18 പന്തിൽ 30) കൂട്ടുപിടിച്ച് സുനിൽ നരെയ്ൻ നടത്തിയ പ്രത്യാക്രമണമാണ്. രണ്ടാം വിക്കറ്റിൽ 43 പന്തിൽ 85 റൺസാണ് ഇരുവരും ചേർന്നു നേടിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (11) നിലയുറപ്പിക്കും മുൻപേ മടങ്ങിയെങ്കിലും നരെയ്ൻ തന്റെ ആക്രമണം തുടർന്നുകൊണ്ടിരുന്നു. നാലാം വിക്കറ്റിൽ ആന്ദ്രെ റസലിനൊപ്പം 19 പന്തിൽ 51 റൺസാണ് നരെയ്ൻ നേടിയത്. ഇതിൽ 10 പന്തിൽ 13 റൺസ് മാത്രമായിരുന്നു റസലിന്റെ സംഭാവന. 56 പന്തിൽ 6 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു വെസ്റ്റിൻഡീസ് താരത്തിന്റെ ഇന്നിങ്സ്.

English Summary:

Rajasthan Royals win against kolkata knight riders in IPl Cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com