ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഒത്തുകളി നടക്കുന്നുവെന്നു സംശയമുയര്‍ന്നതിനെ തുടർന്ന് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നടപടി. രാജസ്ഥാൻ റോയൽസിന്റെ കോർപറേറ്റ് ബോക്സിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വാതുവയ്പുകാരെ സ്റ്റേഡിയത്തിൽനിന്നു പുറത്താക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. ജയ്പൂരിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുമാണു സംശയമുയർന്നത്. സംഭവത്തിൽ രാജസ്ഥാൻ റോയൽസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

താരങ്ങളുടെ ഡ്രസിങ് റൂമിന് അടുത്തായാണ് സ്റ്റേഡിയത്തിലെ കോർപറേറ്റ് ബോക്സ് ഉള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രണ്ടു സ്റ്റേഡിയങ്ങളിൽനിന്നും പിടികൂടിയ ആളുകളെ ബിസിസിഐ പൊലീസിനു കൈമാറിയിരുന്നു. മത്സരം ടിവിയിൽ കാണിക്കുമ്പോൾ കുറച്ചു സമയം വൈകുന്നതിനാൽ, വാതുവയ്പുകാരുടെ പ്രതിനിധികൾ സ്റ്റേഡിയത്തിൽ നേരിട്ട് കളി കാണാൻ എത്താറുണ്ട്. ഇന്ത്യയിൽ ബെറ്റിങ് നിയമവിരുദ്ധമാണെങ്കിലും, ഐപിഎൽ സീസണുകളിൽ കോടികള്‍ മറിയുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.

2013 ൽ ഒത്തുകളി വിവാദത്തിൽപെട്ട് നാണക്കേടിലായതിനു ശേഷം ശക്തമായ മുൻകരുതലാണ് ഇക്കാര്യത്തിൽ ബിസിസിഐ എടുക്കുന്നത്. 2013ലെ കേസിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ എസ്. ശ്രീശാന്ത്, അജിത് ചാണ്ടില, അങ്കിത് ചവാൻ എന്നിവരെ ‍ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും ഐപിഎല്ലിൽനിന്ന് രണ്ടു വർഷത്തേക്ക് വിലക്കിയിരുന്നു. ശ്രീശാന്ത് പിന്നീട് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയെങ്കിലും ഐപിഎല്ലിൽ അവസരം ലഭിച്ചിരുന്നില്ല.

English Summary:

Four suspected IPL bookies evicted from luxury boxes of Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com