ADVERTISEMENT

ന്യൂഡൽഹി ∙ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ റൺ മലയ്ക്കു മുന്നിൽ കീഴടങ്ങി ഡൽഹി ക്യാപിറ്റൽസ്. അതിവേഗ അർധ സെഞ്ചറിയുമായി ജേക്ക് ഫ്രേസർ പൊരുതിയെങ്കിലും മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ ഡൽഹി പരാജയപ്പെടുകയായിരുന്നു, വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ ഇന്നിങ്സ് 199 റൺസിൽ അവസാനിച്ചു. 67 റണ്‍സിനാണ് സൺറൈസേഴ്സിന്റെ ആധികാരിക വിജയം. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് – 20 ഓവറിൽ 7ന് 266, ഡൽഹി ക്യാപിറ്റൽസ് – 19.1 ഓവറിൽ 199ന് പുറത്ത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിനായി ഓപ്പണർ പൃഥ്വി ഷാ ആദ്യ ഓവറിൽ തന്നെ തകർത്തടിച്ചാണ് തുടങ്ങിയത്. ആദ്യ നാലു പന്തിൽ ബൗണ്ടറി നേടിയ താരം അഞ്ചാം പന്തിൽ അബ്ദുൽ സമദിന് ക്യാച്ച് നൽകി മടങ്ങി. 4 ഫോറാണ് താരം അടിച്ചെടുത്തത്. രണ്ടാം ഓവറിൽ ഡേവിഡ് വാർണറും (1) കൂടാരം കയറി. പിന്നാലെയെത്തിയ അഭിഷേക് പൊരലും (22 പന്തിൽ 42) ജേക്ക് ഫ്രേസറും (18 പന്തിൽ 65) ചേർന്ന് ഡൽഹിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ ഫ്രേസറെ വീഴ്ത്തി മയങ്ക് മാർക്കണ്ഡെ ഈ കൂട്ടുകെട്ട് തകർത്തു. 

സ്കോർ 135ൽ നിൽക്കേ അഭിഷേകിനെ മാർക്കണ്ഡെ തന്നെ ക്ലാസന്റെ കൈകളിലെത്തിച്ചു. പിന്നാലെ നിലയുറപ്പിക്കാനാവാതെ ട്രിസ്റ്റൻ സ്റ്റബ്സും (11 പന്തിൽ 10) മടങ്ങി. നായകൻ റിഷഭ് പന്ത് (35 പന്തിൽ 44) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ ഡൽഹി 199 റൺസിന് ഓൾ ഔട്ടായി. ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ യഥാക്രമം 7, 6 വീതം റൺസ് നേടിയപ്പോൾ നോർജേ, കുൽദീപ് യാദവ് എന്നിവർ സംപൂജ്യരായി മടങ്ങി. സൺറൈസേഴ്സിനായി ടി. നടരാജൻ 4 വിക്കറ്റ് വീഴ്ത്തി. 

∙ വീണ്ടും സൺറൈസേഴ്സിന്റെ ബാറ്റിങ് വിസ്ഫോടനം

ബാറ്റിങ് വിസ്ഫോടനവുമായി സൺറൈസേഴ്സ് ബാറ്റർമാർ കളം നിറഞ്ഞപ്പോൾ, ഒരിക്കൽകൂടി റെക്കോർഡുകൾ വഴിമാറുന്ന കാഴ്ചയ്ക്കാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം സാക്ഷിയായത്. ഓപ്പണർ‌മാർ തുടങ്ങിവച്ച വെടിക്കെട്ട് അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് ഏറ്റെടുത്തതോടെ ടീം വമ്പൻ സ്കോര്‍ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 267 റൺസ് വിജയലക്ഷ്യമാണ് സൺറൈസേഴ്സ് ഉയർത്തിയത്. മധ്യ ഓവറുകളിൽ വിക്കറ്റുകള്‍ വീണതും റൺറേറ്റ് കുറഞ്ഞതുമാണ് ഹൈദരാബാദിനെ 300 കടക്കുന്നതിൽനിന്ന് തടഞ്ഞത്.

ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ബാറ്റിങ്ങിനിടെ (Photo by Money SHARMA / AFP)
ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ബാറ്റിങ്ങിനിടെ (Photo by Money SHARMA / AFP)

നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റൺസ് നേടിയത്. 32 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് അവരുടെ ടോപ് സ്കോറർ. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനെ തീർത്തും നിരാശനാക്കിക്കൊണ്ടാണ് സൺറൈസേഴ്സ് ഓപ്പണർമാർ ബാറ്റിങ് ആരംഭിച്ചത്. ആദ്യ 5 ഓവറുകളിൽ 103 റൺസ് ‌അടിച്ചുകൂട്ടിയ ഹൈദരാബാദ് താരങ്ങൾ പവർപ്ലേയിൽ 125 റൺസാണ് സ്വന്തമാക്കിയത്! രണ്ടും ഐപിഎലിലെ റെക്കോർഡ് സ്കോറാണ്. ഇതിനിടെ കേവലം 16 പന്തിൽനിന്ന് ട്രാവിസ് ഹെഡ് അർധ സെഞ്ചറി കണ്ടെത്തിയിരുന്നു.

ബാറ്റിങ് വിസ്ഫോടനം തീർത്ത അഭിഷേക് ശർമയെ പുറത്താക്കി കുൽദിപ് യാദവാണ് ആദ്യ വിക്കറ്റ് പാര്‍ട്നർഷിപ് 131 റൺസിൽ അവസാനിപ്പിച്ചത്. 383 സ്ട്രൈക്ക് റേറ്റിൽ, കേവലം 12 പന്തിൽനിന്ന് 46 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. 2 ഫോറും 6 സിക്സുമാണ് താരം അടിച്ചുകൂട്ടിയത്. അതേ ഓവറിന്റെ അവസാന പന്തിൽ എയ്ഡൻ മാർക്രത്തെ (1) പുറത്താക്കി കുൽദീപ് രണ്ടാം പ്രഹരമേൽപ്പിച്ചു. തന്റെ തൊട്ടടുത്ത ഓവറിൽ കുൽദീപ് തന്നെ അപകടകാരിയായ ഹെഡിനേയും മടക്കി. 32 പന്തിൽ 11 ഫോറും 6 സിക്സും സഹിതം 89 റൺസാണ് താരം അടിച്ചെടുത്തത്. ഹെൻറിച് ക്ലാസന് (8 പന്തിൽ 15) വലിയ പ്രകടനം പുറത്തെടുക്കാനാവാഞ്ഞതോടെ സൺറൈസേഴ്സിന്റെ റൺറേറ്റ് ഇടിഞ്ഞു. 8–ാം ഓവറിൽ 150 പിന്നിട്ട ടീം സ്കോർ 15–ാം ഓവറിലാണ് 200 കടന്നത്.

27 പന്തിൽ 37 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയെ കുൽദീപ് വാർണറുടെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഷഹബാസ് അഹമ്മദ് (29 പന്തിൽ 59*) ടീം സ്കോർ 250 കടത്തി. നായകൻ പാറ്റ് കമിൻസ് 1 റൺസുമായി പുറത്തായി. ഡൽഹിക്കു വേണ്ടി കുൽദീപ് നാലും മുകേഷ് കുമാർ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

English Summary:

IPL 2024, Delhi Capitals vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com