ADVERTISEMENT

ലക്നൗ ∙ രവീന്ദ്ര ജഡേയുടെ (40 പന്തിൽ 57 നോട്ടൗട്ട്) ചെറുത്തുനിൽപിന്റെയും എം.എസ്.ധോണിയുടെ (9 പന്തിൽ 28 നോട്ടൗട്ട്) ഫൈനൽ ടച്ചിന്റെയും ബലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ പ്രതിരോധക്കോട്ട, ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ (53 പന്തിൽ 82) ക്ലാസിക് ഇന്നിങ്സിലൂടെ ലക്നൗ സൂപ്പർ ജയന്റ്സ് തകർത്തെറിഞ്ഞു. സ്വന്തം തട്ടകത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗവിന് 8 വിക്കറ്റിന്റെ ആധികാരിക ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ ലക്നൗ 19 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ചറിയുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച രാഹുലാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഈസി ചേസ്

177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ തുടക്കം മുതൽ ആക്രമിച്ചു കളിച്ചതോടെ ചെന്നൈ ബോളർമാർ പ്രതിരോധത്തിലായി. ഒരു വശത്ത് ക്യാപ്റ്റൻ രാഹുലും മറുവശത്ത് ക്വിന്റൻ ഡികോക്കും ഒരുപോലെ താളം കണ്ടെത്തിയതോടെ ലക്നൗ സ്കോർ കുതിച്ചുകയറി.

പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് ചേർത്ത സഖ്യം ഒന്നാം വിക്കറ്റിൽ 90 പന്തിൽ 134 റൺസ് നേടി ലക്നൗവിന് ശക്തമായ അടിത്തറ നൽകി. 53 പന്തിൽ 3 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. ഡികോക്ക് 43 പന്തിൽ ഒരു സിക്സും 5 ഫോറും നേടി. ഡികോക്ക് പുറത്തായതിനു പിന്നാലെയെത്തിയ നിക്കോളാസ് പുരാൻ (12 പന്തിൽ 23 നോട്ടൗട്ട്) പതിവു ശൈലിയിൽ ബാറ്റ് വീശി ലക്നൗവിനെ അനായാസം വിജയത്തിൽ എത്തിച്ചു.

∙ പതറി, പൊരുതി ചെന്നൈ

ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ രചിൻ രവീന്ദ്രയെ (0) നഷ്ടപ്പെട്ട ഞെട്ടലുമായാണ് ചെന്നൈ തുടങ്ങിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും (17) മടങ്ങിയതോടെ ചെന്നൈ പതറി. രണ്ടാം വിക്കറ്റിൽ അജിങ്ക്യ രഹാനെ (24 പന്തിൽ 36)– രവീന്ദ്ര ജഡേജ സഖ്യം 35 റൺസ് കൂട്ടിച്ചേർത്തെങ്കിലും ശിവം ദുബെ (3), സമീർ റിസ്‌വി (1) എന്നിവർ വേഗത്തിൽ പുറത്തായത് ചെന്നൈയ്ക്ക് തിരിച്ചടിയായി. 5ന് 90 എന്ന നിലയിലേക്കു വീണ ചെന്നൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്  പിന്നാലെയെത്തിയ ധോണിയാണ്.

English Summary:

Lucknow Super Giants beat Chennai Super Kings in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com