ADVERTISEMENT

കൊൽക്കത്ത∙ അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പറത്തിയിട്ടും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രക്ഷിക്കാൻ കരൺ ശർമയ്ക്കു സാധിച്ചില്ല. അവസാന പന്തിൽ കളി കൈവിട്ട ആർസിബി സീസണിലെ ഏഴാം തോൽവിയാണു ഈഡൻ ഗാർഡൻസിൽ വഴങ്ങിയത്. ബെംഗളൂരുവിനെ ഒരു റണ്ണിന് തോൽപിച്ച്, അഞ്ചാം വിജയം നേടിയ കൊൽക്കത്ത പട്ടികയിൽ രണ്ടാമതാണ്. 

മറുപടി ബാറ്റിങ്ങിൽ ആർസിബിക്കായി വിൽ ജാക്സ് (32 പന്തിൽ 55), രജത് പട്ടീദാർ (23 പന്തിൽ 52) എന്നിവർ അർധ സെഞ്ചറി നേടി. ബാറ്റിങ് തുടങ്ങി അധികം വൈകുംമുന്‍പേ ബെംഗളൂരുവിന് വിരാട് കോലിയെയും (18) ക്യാപ്റ്റൻ ഡുപ്ലേസിയെയും (ഏഴ് റൺസ്) നഷ്ടമായിരുന്നു. എന്നാൽ അര്‍ധ സെഞ്ചറിയുമായി വിൽ ജാക്സും രജത് പട്ടീദാറും ആർസിബിയെ തോളിലേറ്റി. അഞ്ചു വീതം സിക്സുകളാണ് ഇരുവരും ചേർന്ന് ഈഡൻ ഗാർഡൻസിൽ അടിച്ചുകൂട്ടിയത്. 12–ാം ഓവറിൽ ഇരുവരെയും പുറത്താക്കി ആന്ദ്രെ റസ്സൽ കൊൽക്കത്തയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു.

പിന്നാലെയെത്തിയ കാമറൂൺ ഗ്രീനും (ആറ്), മഹിപാൽ ലോംറോറും (നാല്) സ്പിന്നർ സുനിൽ നരെയ്നു മുന്നിൽ വീണു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സുയാഷ് പ്രഭുദേശായി 18 പന്തിൽ 24 റൺസെടുത്തു പുറത്തായി. ഏഴാം വിക്കറ്റും വീണതോടെ ദിനേഷ് കാർത്തിക്കിലായി ആർസിബിയുടെ പ്രതീക്ഷ. അവസാന രണ്ട് ഓവറിൽ 31 റൺസായിരുന്നു ബെംഗളൂരുവിനു ജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ 19–ാം ഓവറിൽ ആന്ദ്രെ റസ്സലിനെ ബൗണ്ടറി കടത്താനുള്ള കാർത്തിക്കിന്റെ ശ്രമം പാളി. 18 പന്തിൽ 25 റൺസെടുത്ത കാർത്തിക്കിനെ വിക്കറ്റ് കീപ്പർ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കി. മിച്ചൽ‌ സ്റ്റാർക്ക് എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് സിക്സർ പറത്തി കരൺ ശർമ ആരാധകർക്കു പ്രതീക്ഷ നൽകി. രണ്ടാം പന്തിൽ എഡ്ജായ പന്ത് പിടിച്ചെടുക്കുന്നതിനിടെ വിക്കറ്റ് കീപ്പർ സോൾട്ടിനു പിഴച്ചു. പന്ത് ഗ്രൗണ്ടിൽ ടച്ച് ഉണ്ടെന്നു വ്യക്തമായതോടെ അംപയർ ഔട്ട് നൽകിയില്ല.

തൊട്ടടുത്ത പന്തുകളും കരൺ ശർമ സ്റ്റാർക്കിനെ സിക്സർ പറത്തിയതോടെ ആരാധകർ ആവേശത്തിലായി. അഞ്ചാം പന്തിൽ സ്റ്റാർക്ക് ക്യാച്ചെടുത്ത് കരണിനെ പുറത്താക്കി. ഇതോടെ അവസാന പന്തിൽ ബെംഗളൂരുവിന് വേണ്ടത് മൂന്ന് റൺസ്. ലോക്കി ഫെർഗൂസൻ നേരിട്ട പന്തിൽ ഡബിൾ ഓടിയെടുക്കാൻ ശ്രമിച്ചെങ്കിലും റൺഔട്ടായി. കൊൽക്കത്തയ്ക്ക് ഒരു റൺ വിജയം.

kk-rcb-2
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആർസിബി താരങ്ങൾ. Photo: FB@RCB

കത്തിക്കയറി സോൾട്ട്, നയിച്ച് ശ്രേയസ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. 36 പന്തിൽ 50 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണു കൊൽക്കത്തയുടെ ടോപ് സ്കോറർ. മികച്ച തുടക്കം ലഭിച്ച കൊൽക്കത്ത പവർ പ്ലേയിൽ (ആറ് ഓവറുകൾ) 75 റൺസാണ് അടിച്ചെടുത്തത്. 14 പന്തുകളിൽ മൂന്ന് സിക്സറുകൾ അടക്കം ബൗണ്ടറി കടത്തി 48 റൺസെടുത്ത ഫിൽ സോൾട്ടാണ് തുടക്കത്തിൽ കൊൽക്കത്തയ്ക്ക് മേധാവിത്തം നൽകിയത്. സുനിൽ നരെയ്ന് തിളങ്ങാൻ സാധിച്ചില്ല. യഷ് ദയാലിന്റെ പന്ത് കാലിൽ കൊണ്ട് പരുക്കേറ്റ നരെയ്ൻ പത്ത് റൺസ് മാത്രമെടുത്തു പുറത്തായി. ദയാലിന്റെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്താണു മടക്കം. 

അങ്ക്രിഷ് രഘുവംശി (മൂന്ന്), വെങ്കടേഷ് അയ്യർ (16) എന്നിവരും നിരാശപ്പെടുത്തിയതോടെ കൊൽക്കത്ത സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. 8.5 ഓവറുകളിലാണ് കൊൽക്കത്ത നൂറു പിന്നിട്ടത്. ഏഴു ബൗണ്ടറികളും ഒരു സിക്സറും പറത്തി ശ്രേയസ് അയ്യര്‍ മധ്യ ഓവറുകളിൽ കൊൽക്കത്തയ്ക്കു കരുത്തായി. 16 പന്തുകൾ നേരിട്ട റിങ്കു സിങ് 24 റൺസെടുത്തു. അയ്യരുടെ പുറത്താകലിനു ശേഷം ആന്ദ്രെ റസ്സൽ– രമൺദീപ് സഖ്യം കൈകോർത്തതോടെ കൊൽക്കത്ത 200 കടന്നു. ഒൻപതു പന്തുകളിൽ 24 റൺസുമായി രമൺദീപും, 20 പന്തിൽ 27 റൺസെടുത്ത് റസ്സലും പുറത്താകാതെനിന്നു. കൊൽക്കത്തയ്ക്കായി യാഷ് ദയാലും കാമറൂൺ ഗ്രീനും രണ്ടു വിക്കറ്റുവീതം വീഴ്ത്തി.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് ഇലവൻ– ഫാഫ് ഡുപ്ലേസി (ക്യാപ്റ്റൻ), വിരാട് കോലി, വിൽ ജാക്സ്, രജത് പട്ടീദാർ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക്ക് (വിക്കറ്റ് കീപ്പർ), മഹിപാൽ ലോംറോർ, കരണ്‍ ശർമ, ലോക്കി ഫെർഗൂസൻ, യാഷ് ദയാൽ, മുഹമ്മദ് സിറാജ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവൻ– ഫിലിപ് സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അംഗ്രിഷ് രഘുവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വെങ്കടേഷ് അയ്യർ, ആന്ദ്രെ റസ്സൽ, റിങ്കു സിങ്, രമൺദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.

English Summary:

IPL 2024, Kolkata Knight Riders vs Royal Challengers Bengaluru Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com