ADVERTISEMENT

ഹൈദരാബാദ്∙ കഴിഞ്ഞ വർഷം സൂപ്പർ സ്റ്റാർ രജനീകാന്ത് പറഞ്ഞത് സൺറൈസേഴ്സ് ഹൈദരാബാദ് അനുസരിച്ചോ? ഡൽഹി ക്യാപിറ്റല്‍സിനെതിരായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വമ്പൻ വിജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ സംശയം ഇതായിരുന്നു. സൺറൈസേഴ്സ് ടീം ഉടമ കാവ്യ മാരനെക്കുറിച്ച് രജനീകാന്ത് ഒരു പരിപാടിക്കിടെ സംസാരിക്കുന്ന വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ വീണ്ടും വൈറലാകുകയാണ്. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിനു പിന്നാലെയായിരുന്നു സൺ ഗ്രൂപ്പ് ഉടമ കലാനിധിമാരനോട് രജനീകാന്ത് തന്നെ ആവശ്യം ഉന്നയിച്ചത്.

‘‘ഐപിഎലില്‍ സൺറൈസേഴ്സ് കളിക്കുമ്പോൾ കാവ്യയുടെ സങ്കടം കണ്ട് എനിക്കു ടെൻഷൻ ആകുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കൂ’’ എന്നായിരുന്നു രജനീകാന്തിന്റെ അഭ്യർഥന. തുടർന്നു നടന്ന താരലേലത്തിലാണ് കോടികളെറിഞ്ഞ് പാറ്റ് കമിൻസിനെ ഹൈദരാബാദ് ടീമിലെടുത്തത്. ഏകദിന ലോകകപ്പ് ജയിച്ച കമിൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ സൺറൈസേഴ്സ് റെക്കോർഡ് സ്കോറുകളുമായാണ് 2024 സീസണിൽ മുന്നേറുന്നത്.

ഏഴു മത്സരങ്ങൾ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് അഞ്ചും ജയിച്ചു. പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സൺറൈസേഴ്സ് ഉള്ളത്. ഹൈദരാബാദിനു മുന്നിൽ ഇനി രാജസ്ഥാൻ റോയൽസ് മാത്രം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 67 റൺസിനാണ് ഹൈദരാബാദ് തോൽപിച്ചുവിട്ടത്. വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ ഇന്നിങ്സ് 199 റൺസിൽ അവസാനിക്കുകയായിരുന്നു. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് – 20 ഓവറിൽ 7ന് 266, ഡൽഹി ക്യാപിറ്റൽസ് – 19.1 ഓവറിൽ 199ന് പുറത്ത്.

ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡാണു കളിയിലെ താരം. 32 പന്തുകൾ നേരിട്ട താരം 89 റൺസെടുത്താണു പുറത്തായത്. ആറു സിക്സുകളും 11 ബൗണ്ടറികളും താരം ബൗണ്ടറി കടത്തി. അഭിഷേക് ശർമ (12 പന്തിൽ 46), ഷഹബാസ് അഹമ്മദ് (29 പന്തിൽ 59), നിതീഷ് കുമാർ റെഡ്ഡി (27 പന്തില്‍ 37) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. മറുപടി ബാറ്റിങ്ങിൽ ജേക്ക് ഫ്രേസറും (18 പന്തിൽ 65), അഭിഷേക് പൊറേലും (22 പന്തിൽ 42) തിളങ്ങിയിട്ടും ഡൽഹിക്കു വിജയത്തിലെത്താൻ സാധിച്ചില്ല.

English Summary:

Viral video of Rajinikanth requesting SRH owner to make Kavya Maran happy by picking a strong team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com