ADVERTISEMENT

കൊൽക്കത്ത ∙ അടിയും തിരിച്ചടിയുമായി കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു റണ്ണിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത് 223 റൺസിന്റെ കൂറൻ വിജയലക്ഷ്യമുയർത്തിയ കൊൽക്കത്തയെ അവസാന പന്തുവരെ വിറപ്പിച്ചശേഷമായിരുന്നു ബെംഗളൂരുവിന്റെ കീഴടങ്ങൽ. മിച്ചൽ സ്റ്റാർക് എറിഞ്ഞ അവസാന ഓവറിൽ 2 വിക്കറ്റ് മാത്രം ശേഷിക്കെ 21 റൺസായിരുന്നു ബെംഗളൂരുവിന്റെ ലക്ഷ്യം. 

അനായാസ ജയം മോഹിച്ച കൊൽക്കത്തയെ വിറപ്പിച്ച് വാലറ്റക്കാരൻ കാൺ ശർമ ആദ്യ 4 പന്തുകളിൽ 3 സിക്സുകൾ പറത്തി. അതോടെ അവസാന 2 പന്തുകളിൽ 3 റൺസായി ലക്ഷ്യം ചുരുങ്ങി. എന്നാൽ അടുത്ത പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ശർമയെ പുറത്താക്കിയ സ്റ്റാർക് വീണ്ടും കളി തിരിച്ചു. 3 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിട‌െ ലോക്കി ഫെർഗൂസൻ റണ്ണൗട്ടായതോടെ, സ്വന്തം മണ്ണിൽ കൊൽക്കത്തയ്ക്ക് നേരിയ ജയത്തിന്റെ ആശ്വാസം. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 6ന് 222. ബെംഗളൂരു– 20 ഓവറിൽ 221ന് ഓൾഔട്ട്. ഓൾറൗണ്ട് പ്രക‌ടനത്തോടെ തിളങ്ങിയ കൊൽക്കത്ത താരം ആന്ദ്രേ റസ്സലാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

കളി തിരിച്ചത് റസ്സൽ

223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് തുടക്കത്തിലേ സൂപ്പർതാരം വിരാട് കോലിയെ (18) നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെയും (7). എന്നാൽ അതിവേഗ അർധ സെഞ്ചറികളുമായി രജത് പാട്ടിദാറും (23 പന്തിൽ 52 റൺസ്) ഇംഗ്ലണ്ട് താരം വിൽ ജാക്സും (32 പന്തിൽ 55) നിലയുറപ്പിച്ചതോടെ ടീമിനു പ്രതീക്ഷയായി. 48 പന്തിൽ 103 റൺസ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച്, ഇരുവരെയും പുറത്താക്കിയ ആന്ദ്രേ റസ്സലാണ് കൊൽക്കത്തയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചത്. 11 ഓവറിൽ 2ന് 137 എന്ന സ്കോറിലായിരുന്ന ബെംഗളൂരു 2 ഓവറിനുശേഷം 6ന് 155 എന്ന നിലയിലേക്കു തകർന്നു.  

സ്വീറ്റ് തുടക്കം

ഈഡൻ ഗാർഡൻസിൽ തടിച്ചുകൂടിയ കാണികളെ ആദ്യം ആവേശത്തിലാഴ്ത്തിയത് കൊൽക്കത്ത ഓപ്പണർ ഫിൽ സോൾട്ടിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു.  14 പന്തിൽ 7 ഫോറും 3 സിക്സുമട‌ക്കം 48 റൺസ് നേടിയ സോൾട്ട് നൽകിയ തുടക്കം മധ്യനിരയിൽ ഏറ്റുപിടിച്ചത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ (36 പന്തിൽ 50). 7 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ  ഇന്നിങ്സ്. അവസാന ഓവറുകളിൽ തകർത്തടിച്ച ആന്ദ്രേ റസ്സലും (20 പന്തിൽ 27*) രമൺദീപ് സിങ്ങും (9 പന്തിൽ 24*) ചേർന്ന് നേടിയത് 16 പന്തിൽ 43 റൺസ്. ഈ സീസണിൽ മൂന്നാം തവണയാണ് കൊൽക്കത്ത ടീം സ്കോർ 220 കടക്കുന്നത്. 

English Summary:

Kolkata Knight Riders wins by 1 run against Royal Challengers Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com