ADVERTISEMENT

ചെന്നൈ ∙ ആവേശപ്പോരിനൊടുവിൽ സ്വന്തം തട്ടകത്തിൽ തോൽവിയേറ്റുവാങ്ങി ചെന്നൈ. തകർപ്പൻ സെഞ്ചറിയുമായി മാർകസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗവിന് 6 വിക്കറ്റിന്റെ ജയം. 63 പന്തിൽ 124 റൺസാണു സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. 6 സിക്സും 13 ഫോറും ഉൾപ്പെട്ട ഇന്നിങ്സ് ലക്നൗവിന്റെ നെടുംതൂണായി. സ്കോർ: ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്. ലക്നൗ: 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 213.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിരയിൽ നിക്കോളാസ് പുരാൻ (34), ദീപക് ഹൂഡ (17), കെ.എൽ.രാഹുൽ (16), ദേവദത്ത് പടിക്കൽ (13) എന്നിവരും മികച്ച പ്രകടനമായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിങ് കരുത്തിൽ ലക്നൗവിന് 211 റൺസ് വിജയലക്ഷ്യമാണു ചെന്നൈ കുറിച്ചത്. 60 പന്തിൽനിന്ന് 108 റൺസുമായി പുറത്താകാതെ നിന്ന ഗെയ്ക്‌വാദിനു അതേനാണയത്തിൽ മറുപടി നൽകി സ്റ്റോയിനിസ് വിജയം സ്വന്തമാക്കി.

സെഞ്ചറി പിന്നിട്ട ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ആഹ്ലാദം. Photo: @IPL / X
സെഞ്ചറി പിന്നിട്ട ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ആഹ്ലാദം. Photo: @IPL / X

ചെന്നൈ നിരയിൽ 27 പന്തിൽനിന്ന് 66 റൺസുമായി ശിവം ദുബെ ക്യാപ്റ്റനു പിന്തുണ നൽകി. നേരിട്ട ഏക ബോൾ ബൗണ്ടറിയിലേക്ക് പായിച്ച് മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയും പങ്കുചേർന്നു. രവീന്ദ്ര ജഡേജ (16), ഡാരിയൽ മിച്ചൽ (11), അജിൻക്യ രഹാനെ (1) എന്നിങ്ങനെയാണു മറ്റുള്ളവരുടെ സമ്പാദ്യം. 4 ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത മാറ്റ് ഹെൻറി, 4 ഓവറിൽ 50 റൺസ് വഴങ്ങിയ മൊഹ്സിൻ ഖാൻ, 4 ഓവറിൽ 47 റൺസ് വിട്ടുകൊടുത്ത യാഷ് താക്കൂർ എന്നിവർ ലക്നൗവിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

4 ഓവറിൽ 35 റൺസ് വിട്ടുകൊടുത്ത മതീഷ പതിരാന ചെന്നൈയ്ക്കായി 2 വിക്കറ്റ് വീഴ്‍ത്തി. മുസ്താഫിസുർ റഹ്മാനും ദീപക് ചാഹറും ഓരോ വിക്കറ്റ് വീതവും നേടി. ലക്നൗവുമായുള്ള കഴിഞ്ഞ കളിയുടെ കടം വീട്ടാനുറച്ചാണു ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ ടീം ഇറങ്ങിയതെങ്കിലും നിരാശരായാണു മടങ്ങുന്നത്. ടോസ് നേടിയ ലക്നൗ ഫീൽഡിങ് തിരഞ്ഞെടുത്തതോടെ ചെന്നൈ ബാറ്റിങ് വെടിക്കെട്ടിനു തിരികൊളുത്തി. എന്നാൽ മറുപടി ബാറ്റിങ്ങിൽ സ്റ്റോയിനിസ് കത്തിക്കയറിയതോടെ ചെന്നൈയുടെ ആരാധക മഞ്ഞപ്പട നിരാശരായി.

English Summary:

IPL 2024: Chennai Super Kings vs Lucknow Super Giants Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com