ADVERTISEMENT

ഹൈദരാബാദ്∙ കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ‘റൺമഴ’യ്ക്കൊടുവിൽ പൊരുതിത്തോറ്റെങ്കിലും, പത്തു ദിവസങ്ങൾക്കിപ്പുറം ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. 207 റൺസിന്റെ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ബെംഗളൂരുവിനെതിരെ അപ്രതീക്ഷിത ബാറ്റിങ് തകർച്ച നേരിട്ട സൺറൈസേഴ്സിന്, 35 റൺസിന്റെ തോൽവി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 206 റൺസ്. സൺറൈസേഴ്സിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിച്ചു. ജയിച്ചെങ്കിലും ഒൻപതു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ബെംഗളൂരു അവസാന സ്ഥാനത്തും, തോറ്റ സൺറൈസേഴ്സ് എട്ടു കളികളിൽനിന്ന് അഞ്ച് വിജയങ്ങൾ സഹിതം 10 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.

തോൽവി ഉറപ്പായ ഘട്ടത്തിലും ഒരു വശത്ത് നിലയുറപ്പിച്ച ഷഹബാസ് അഹമ്മദാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട ഷഹബാസ് ഓരോ സിക്സും ഫോറും സഹിതം 40 റൺസുമായി പുറത്താകാതെ നിന്നു. 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത അഭിഷേക് ശർമ, 15 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ആർസിബിക്കായി കാമറോൺ ഗ്രീൻ, കാൺ ശർമ, സ്വപ്നിൽ സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഈ സീസണിൽ കൂറ്റൻ സ്കോറുകൾ കണ്ടെത്തുന്നതി ശീലമാക്കിയ സൺറൈസേഴ്സ്, ആർസിബി ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം മറികടക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ആദ്യ ഓവറിൽത്തന്നെ അവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. വിൽ ജാക്സ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ ഇൻ ഫോം ബാറ്റർ ട്രാവിസ് ഹെഡ് പുറത്ത്. മൂന്നു പന്തിൽ ഒരു റണ്ണായിരുന്നു സമ്പാദ്യം. അഭിഷേക് ശർമ ഒരു വശത്ത് തകർത്തടിച്ച് 13 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 31 റൺസെടുത്തെങ്കിലും യഷ് ദയാലിന്റെ പന്തിൽ പുറത്തായി. പിന്നീട് അവർക്ക് പ്രതീക്ഷ നൽകിയത് 15 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മാത്രം. അതു അധികനേരം നീണ്ടുനിന്നില്ല. കാമറോൺ ഗ്രീനിന്റെ പന്തിൽ മുഹമ്മദ് സിറാജിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി.

ട്രാവിസ് ഹെഡിനു പുറമേ എയ്ഡൻ മർക്രം (എട്ടു പന്തിൽ ഏഴ്), നിതീഷ് റെഡ്ഡി (13 പന്തിൽ 13), ഹെൻറിച് ക്ലാസൻ (മൂന്നു പന്തിൽ ഏഴ്), അബ്ദുൽ സമദ് (ആറു പന്തിൽ 10) എന്നിവർ നിരാശപ്പെടുത്തി. ഭുവനേശ്വർ കുമാർ 13 പന്തിൽ മൂന്നു ഫോറുകളോടെ 13 റൺസെടുത്ത് പുറത്തായി. ജയ്‌ദേവ് ഉനദ്കട് ഒൻപതു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു. ആർസിബിക്കായി കാൺ ശർമ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും സ്വപ്നിൽ സിങ് മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയും കാമറോൺ ഗ്രീൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിൽ ജാക്സ്, യഷ് ദയാൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

∙ ആർസിബിക്ക് കരുത്തായി പാട്ടിദാർ, കോലി

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആർസിബി, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്. ഐപിഎലിൽ ഒരു ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറി കുറിച്ച രജത് പാട്ടിദാറിന്റെ ഇന്നിങ്സാണ് അവർക്കു രക്ഷയായത്. വിരാട് കോലിയും 51 റൺസുമായി ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ ബഹുദൂരം മുന്നേറിയെങ്കിലും, അതിനായി എടുത്തത് 43 പന്തുകൾ. കാമറൂൺ ഗ്രീൻ 20 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 36 റൺസുമായി പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലേയറായി കളത്തിലെത്തിയ സ്വപ്നിൽ സിങ് അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി.

പാട്ടിദാർ വെറും 19 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സറും സഹിതമാണ് 50 റൺസെടുത്തത്. മയാങ്ക് മർക്കണ്ഡെയ്‌ക്കെതിരെ ഒരു ഓവറിൽ നേടിയ നാലു സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു. അർധസെഞ്ചറിക്കു തൊട്ടുപിന്നാലെ ജയ്‌ദേവ് ഉനദ്കടിനു വിക്കറ്റ് സമ്മാനിച്ച് പാട്ടിദാർ പുറത്തായി. കോലി 37 പന്തിൽ നിന്നാണ് അർധസെഞ്ചറി തികച്ചത്. 42 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 51 റൺസെടുത്ത കോലിയേയും പുറത്താക്കിയത് ഉനദ്കട് തന്നെ. മഹിപാൽ ലോംറോറിനേക്കൂടി പുറത്താക്കിയ ഉനദ്കട്, നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി 12 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്തു. ആദ്യ മൂന്ന് ഓവറിൽ തകർത്തടിച്ച കോലി–ഡുപ്ലേസി സഖ്യം നേടിയത് 43 റൺസാണ്. വിൽ ജാക്സ് (ഒൻപതു പന്തിൽ ആറ്), ലോംറോർ (നാലു പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. അവസാന ഘട്ടത്തിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം 11 റൺസെടുത്ത് പുറത്തായി.

നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജയ്ദേവ് ഉനദ്കടാണ് സൺറൈസേഴ്സ് നിരയിൽ കൂടുതൽ തിളങ്ങിയത്. ടി.നടരാജൻ നാല് ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മയാങ്ക് മാർക്കണ്ഡെ മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങിയും ക്യാപ്റ്റൻ പറ്റ് കമ്മിൻസ് നാല് ഓവറിൽ 55 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഷഹബാസ് അഹമ്മദിന്റെ പ്രകടനം ശ്രദ്ധേയമായി.

ഐപിഎലിൽ ആർസിബിക്കായി അതിവേഗ അർധസെഞ്ചറികൾ നേടിയവർ

17 ക്രിസ് ഗെയ്ൽ – പുണെ വാരിയേഴ്സിനെതിരെ 2013ൽ
19 റോബിൻ ഉത്തപ്പ – പഞ്ചാബ് കിങ്സിനെതിരെ 2010ൽ
19 രജത് പാട്ടിദാർ – സൺറൈസേഴ്സിനെതിരെ 2024ൽ
21 എ.ബി. ഡിവില്ലിയേഴ്സ് – രാജസ്ഥാനെതിരെ, 2012ൽ
21 രജത് പാട്ടിദാർ – കൊൽക്കത്തയ്‌ക്കെതിരെ 2024ൽ

English Summary:

Sunrisers Hyderabad vs Royal Challengers Bengaluru, IPL Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com