ADVERTISEMENT

കൊൽക്കത്ത∙ പഞ്ചാബിനെതിരെ വമ്പൻ സ്കോര്‍ ഉയർത്തിയിട്ടും കൊൽക്കത്തയ്ക്കു രക്ഷയില്ല. ഈ‍ഡൻ ഗാർഡന്‍സിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് വിജയ റൺസ് കുറിച്ചത്. സ്കോർ– കൊൽക്കത്ത: ആറിന് 261, പഞ്ചാബ്: 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 262. സെഞ്ചറി നേടിയ ജോണി ബെയർസ്റ്റോയാണ് പഞ്ചാബിന്റെ വിജയശിൽപി.

48 പന്തുകൾ നേരിട്ട ഇംഗ്ലിഷ് താരം 108 റൺസുമായി പുറത്താകാതെനിന്നു. ശശാങ്ക് സിങ് (28 പന്തിൽ 68), പ്രബ്സിമ്രൻ സിങ് (20 പന്തിൽ 54) എന്നിവർ അർധസെ‍ഞ്ചറി തികച്ചു. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ പിന്തുടർന്നു ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണ് ഇത്. ഏറ്റവും കൂടുതൽ സിക്സുകൾ പിറന്ന ട്വന്റി20 പോരാട്ടം കൂടിയായിരുന്നു ഇത്. ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 42 സിക്സുകളാണ്.

വെടിക്കെട്ട് തുടക്കമായിരുന്നു മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റേത്. പവർ പ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി പഞ്ചാബ് നേടിയത് 93 റൺസ്. ദുഷ്മന്ത ചമീര എറിഞ്ഞ രണ്ടാം ഓവറിൽ ഓപ്പണർ പ്രഭ്സിമ്രൻ സിങ് 23 റൺസാണ് അടിച്ചുകൂട്ടിയത്. 18 പന്തുകളിൽ താരം അർധ സെഞ്ചറി പൂർത്തിയാക്കി. അനുകൂല്‍ റോയിയുടെ ഓവറിൽ രണ്ടു സിക്സും മൂന്നു ഫോറുകളും അടിച്ച് ജോണി ബെയർസ്റ്റോ ഓപ്പം ചേർന്നതോടെ പഞ്ചാബ് സ്കോർ അതിവേഗം കുതിച്ചു. പ്രഭ്സിമ്രനെ സുനിൽ നരെയ്ന്‍ റൺഔട്ടാക്കുകയായിരുന്നു.

തകർത്തടിക്കുകയെന്നതു മാത്രമായിരുന്നു പിന്നീടെത്തിയ പഞ്ചാബ് ബാറ്റർമാരുടെയും ലക്ഷ്യം. 16 പന്തുകള്‍ നേരിട്ട റിലീ റൂസോ 26 റൺസെടുത്തു പുറത്തായി. ബെയർസ്റ്റോയ്ക്കു കൂട്ടായി ശശാങ്ക് സിങ് എത്തിയതോടെ 15 ഓവറിൽ പഞ്ചാബ് 200 കടന്നു. 45 പന്തുകളിൽനിന്നാണ് ബെയര്‍സ്റ്റോ സെഞ്ചറി തികച്ചത്. അവസാന 12 പന്തുകളിൽ പഞ്ചാബിനു ജയിക്കാൻ വേണ്ടത് വെറും ഒൻപതു റൺസായിരുന്നു. എന്നാൽ പിന്നീടു ലഭിച്ച നാലു പന്തുകളിൽ പഞ്ചാബ് വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറിൽ‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 261 റൺസ്. 2024 സീസണിൽ വമ്പൻ സ്കോറുകൾ പടുത്തുയർത്തുന്നതു ശീലമാക്കിയ കൊൽക്കത്ത പഞ്ചാബിനെതിരെയും അതു തുടരുകയായിരുന്നു. 37 പന്തിൽ 75 റൺസെടുത്ത ഫിൽ സോൾട്ടും, 32 പന്തിൽ 71 റൺസെടുത്ത സുനിൽ നരെയ്നുമാണ് കൊൽക്കത്ത ഇന്നിങ്സിന്റെ കരുത്തായത്. 

സോൾട്ട് ആറും നരെയ്ൻ നാലും സിക്സുകൾ ബൗണ്ടറി കടത്തി. ഇരുവരും പുറത്തായതിനു പിന്നാലെയെത്തിയ വെങ്കടേഷ് അയ്യർ (23 പന്തിൽ 39), ആന്ദ്രെ റസ്സൽ (12 പന്തിൽ 24), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (10 പന്തിൽ 28) എന്നിവരും സ്വന്തം റോളുകൾ ഭംഗിയാക്കി. പഞ്ചാബിനു വേണ്ടി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. സാം കറൻ, ഹർഷൽ പട്ടേൽ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. സീസണിൽ പഞ്ചാബിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. 10 പോയിന്റുമായി കൊൽക്കത്ത രണ്ടാമതുണ്ട്.

English Summary:

Kolkata Knight Riders vs Punjab Kings, IPL Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com