ADVERTISEMENT

ബാർസിലോന ∙ കരിയറിൽ ഒരു ക്ലബ്ബിനു വേണ്ടി മാത്രം ഏറ്റവും കൂടുതൽ ഗോളുകളെന്ന തന്റെ റെക്കോർഡിന് ഒപ്പമെത്തിയ എഫ്സി ബാർസിലോന താരം ലയണൽ മെസ്സിയെ ഇതിഹാസതാരം പെലെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ശനിയാഴ്ച വലെൻസിയയോടു 2–2നു സമനിലയിൽ പിരി‍ഞ്ഞ മത്സരത്തിലാണു ബാർസ ജഴ്സിയിൽ മെസ്സി തന്റെ 643–ാം ഗോൾ നേടിയത്. ‘ഹൃദയം സ്നേഹംകൊണ്ടു തുളുമ്പുമ്പോൾ നമുക്കു വഴി മാറാനാവില്ല. ഒരേ ജഴ്സിതന്നെ എല്ലാ ദിവസവും അണിയുന്നതിന്റെ വികാരം എനിക്കറിയാം. ലയണൽ, ഈ റെക്കോർഡിലെത്തിയതിൽ നിനക്ക് അഭിനന്ദനങ്ങൾ..’– പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മെസ്സിക്കു ബാർസ പോലെ, ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടിയാണ് പെലെ പതിറ്റാണ്ടുകൾ‌ക്കു മുൻ‌പ് 643 ഗോളുകൾ നേടിയത്. എഡ്സൻ അരാന്റെസ് ഡോ നാസിമെന്റോ എന്ന കളിക്കാരനെ പെലെ എന്ന താരമാക്കിയത് സാന്റോസ് ഫുട്‌ബോൾ ക്ലബ്ബാണ്. അതുപോലെ സാന്റോസ് ഫുട്‌ബോൾ ക്ലബ്ബിനെ സാന്റോസ് ആക്കിയത് പെലെയും. സാന്റോസും പെലെയും തമ്മിലുളള ബന്ധത്തിന് പറഞ്ഞറിയിക്കാൻ ആവാത്ത ദൃഢതയുണ്ട്. നീണ്ട പതിനെട്ടു വർഷത്തെ പെലെയുടെ സേവനം സാന്റോസിനൊപ്പമുണ്ടായിരുന്നു. ഇതിനിടയിൽ പെലെ ബ്രസീലിന്റെ മുത്തായി, ലോകഫുട്‌ബോളിന്റെ എല്ലാമെല്ലാമായി. സാന്റോസുമായുള്ള പെലെയുടെ ഇഴപിരിയാത്ത ബന്ധത്തിന്റെ കഥ വായിക്കാം:

∙ പെലെയുടെ സ്വന്തം സാന്റോസ്

ബ്രസീലിലെ വളരെ പുരാതനമായ ഒരു ഫുട്‌ബോൾ ക്ലബ്ബാണ് സാന്റോസ് ഫുട്‌ബോൾ ക്ലബ്. ബ്രസീലിലെ  സാവോ പോളോയിൽ 1912 ഏപ്രിൽ പതിനാലിനാണ് സാന്റോസ് പിറന്നത്. 1935ൽ  ആദ്യമായി സാന്റോസ് സംസ്‌ഥാന ലീഗ് ജേതാക്കളായി. അതിനുശേഷവും പലകുറി അവർ സംസ്‌ഥാന ലീഗ് ഫുട്‌ബോൾ കിരീടജേതാക്കളായി.

ബൗറിലെ മേയർ നടത്തിവന്ന ബോയ്‌സ് ടൂർണമെന്റിൽ പങ്കെടുത്തോടെ പെലെ എന്ന പതിനൊന്നുകാരൻ ഫുട്‌ബോളറായി മാറുകയായിരുന്നു. വാൾഡിമർ ഡി ബ്രിട്ടോ എന്ന മുൻ ബ്രസീൽ ദേശീയ ഫുട്‌ബോളർ ബൗറിലെ സബ്‌ജൂനിയർ കളിക്കാർക്കായി പരിശീലനത്തിനെത്തിയപ്പോൾ അദ്ദേഹം പെലെയിലെ ഫുട്‌ബോളറെ തിരിച്ചറിഞ്ഞു (1934ൽ ബ്രസീലിനെ ലോകകപ്പിൽ പ്രതിനിധീകരിച്ച താരമാണ് ബ്രിട്ടോ). ഇത് പെലെയുടെ ഫുട്‌ബോൾ ജീവിതത്തിന് തുടക്കം കുറിച്ചു. പെലെയുടെ പിതാവിന്റെ സുഹൃത്തുകൂടിയായിരുന്നg ബ്രിട്ടോ. സ്‌നേഹനിധിയായ ആ പരിശീലകൻ അദ്ദേഹത്തിന് ഫുട്‌ബോളിന്റെ പല തന്ത്രങ്ങളും പറഞ്ഞുകൊടുത്തു. 

Brazil Pele Birthday
ന്യൂയോർ‌ക്ക് കോസ്മോസ് താരമായിരിക്കെ പെലെ (ഫയൽ ചിത്രം)

പെലെയ്‌ക്ക് 15 വയസായപ്പോൾ ബ്രിട്ടോ അദ്ദേഹത്തെ സാന്റോസ് ക്ലബ്ബിൽ ചേർക്കുവാൻ പ്രോത്സാഹിപ്പിച്ചു. ട്രൗസറും ബനിയനും മാത്രം ധരിച്ച് പരിചയമുളള പെലെ അന്ന് ജീവിതത്തിൽ ആദ്യമായി പാന്റസും ഷർട്ടും ധരിച്ച് സാന്റോസ് നഗരത്തിലേക്ക് യാത്രതിരിച്ചു. സാന്റോസിൽ അദ്ദേഹത്തെ കാത്തിരുന്നത് സ്‌നേഹനിധികളായ ഒരു പറ്റം പ്രഫഷനൽ കളിക്കാരായിരുന്നു. പെലെയെ ബ്രിട്ടോ സാന്റോസ് ക്ലബ് ഡയറക്‌ടർക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു– ഇവൻ ഫുട്‌ബോളിൽ ഏറ്റവും വലിയവനാകും. ബ്രിട്ടോയുടെ വാക്കുകൾ പൊന്നായി.

അവിടുത്തെ പരിശീലനസൗകര്യം മുഴുവൻ മുതലാക്കിയ പെലെ അതോടെ ഒരു പൂർണ പ്രഫഷനൽ ഫുട്‌ബോളറായി മാറുകയായിരുന്നു. 15–ാം വയസിൽതന്നെ സാന്റോസ് ക്ലബ്ബിന്റെ ജൂനിയർ, ജുവനൈൽ, അമച്വർ ടീമുകളിൽ കളിക്കാൻ പെലെയ്‌ക്ക് ഭാഗ്യമുണ്ടായി. 16–ാം വയസിൽ പ്രഫഷനൽ ടീമിലെ സ്‌ഥിരം താരമായി. 1956 സെപ്‌റ്റംബർ 9ന് പെലെ സാന്റോസിനുവേണ്ടി ആദ്യമായി ബൂട്ടണിഞ്ഞു. എഫ്സി കൊറിന്തിയൻസിനെതിരായ മത്സരത്തിൽ നാലു ഗോളുകൾനേടി സാന്റോസിന്റെ പ്രിയപ്പെട്ടവനായി. അക്കൊല്ലം തന്നെ സാന്റോസ് സ്‌റ്റേറ്റ് ലീഗ് ജേതാക്കളുമായി. പെലെയുടെ ബുട്ടിൽനിന്നു തന്നെ ആ വർഷം പിറന്നത് 17 ഗോളുകളായിരുന്നു.

തീർന്നില്ല, സാന്റോസിനെ പിന്നെയും പെലെ പലതവണ സാവോ പോളോ സ്‌റ്റേറ്റ് ചാംപ്യൻമാരാക്കി – 1958, 1960, 1961, 1962, 1964, 1965, , 1967, 1968, 1969, 1973. പെലെ സാന്റോസിനൊപ്പം ചേർന്നശേഷം പത്തു തവണ അവർ സ്‌റ്റേറ്റ് ലീഗ് ജേതാക്കളായി. സാവോ പോളോ സ്‌റ്റേറ്റ് ലീഗിൽ പെലെയായിരുന്നു പലതവണയും ടോപ് സ്‌കോറർ. സാന്റോസിനു വേണ്ടി 1956ൽ ലീഗിൽ 17 ഗോൾ നേടിയ പെലെ 1958ൽ 58 ഗോളും അടുത്തവർഷം 45 ഗോളും സ്‌കോർ ചെയ്‌തു. 1961 ൽ 47 ഗോളും 1965ൽ 49 ഗോളും പെലെയുടെ പേരിൽ കുറിക്കപ്പെട്ടു. അതുപോലെതന്നെ ലിബർട്ടഡാറോസ് കപ്പ് രണ്ടു തവണ സാന്റോസിന് നേടിക്കൊടുത്തു (1961, 1962). ബ്രസീലിയൻ കപ്പ് ആറു തവണയും (1961, 1962, 1963, 1964, 1965, 1968,) ലോക ക്ലബ് ചാംപ്യൻഷിപ്പ് രണ്ടു തവണയും നേടി– 1962, 1963. ചുരുക്കത്തിൽ പെലെയിലൂടെ സാന്റോസും സാന്റോസിലൂടെ പെലെയും വളർന്നുവലുതായി. സാന്റോസിലെ മികച്ച പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ് പെലെ 1957ൽ ബ്രസീലിന്റെ ദേശീയ ടീമിൽ ഇടംകണ്ടെത്തിയത്.

Brazil Pele Birthday
ന്യൂയോർക്ക് കോസ്മോസ് താരമായിരിക്കെ നേടിയ കിരീടത്തിൽ മുത്തമിടുന്ന പെലെ (ഫയൽ ചിത്രം)

1959 ഒക്‌ടോബർ രണ്ടിന് സാവോ പോളോ ലീഗിൽ യുവെന്റസിനെതിരായ മത്സരത്തിൽ സാന്റോസിനുവേണ്ടി നേടിയ ഗോളാണ് പെലെയുടെ ഏറ്റവും സുന്ദരമായ ഗോൾ എന്ന് വിലയിരുത്തപ്പെടുന്നു. അന്ന് ആ ഗോളിന്റെ വീഡിയോ കവറേജ് ഇല്ലായിരുന്നെങ്കിലും പെലെയുടെ ആവശ്യപ്രകാരം ആ സുന്ദരനിമിഷം കംപ്യൂട്ടർ ആനിമേഷനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. ‘പെലെ ഇറ്റേർണോ’ എന്ന ചിത്രത്തിലൂടെ ഈ ആനിമേഷൻ ഗോൾ ലോകത്തെ കാട്ടി. 

1974വരെ പെലെ സാന്റോസിനൊപ്പം തുടർന്നു. 1974 ഒക്‌ടോബർ രണ്ടിനാണ് പെലെ ഏറ്റവും ഒടുവിലായി സാന്റോസിനായി ബൂട്ടണിഞ്ഞത്. 19 സീസണുകൾ പൂർത്തിയാക്കി. 665 മത്സരങ്ങളിൽനിന്നായി അദ്ദേഹം 643 ഗോളുകൾ സാന്റോസിനായി നേടി. സാന്റോസിനെക്കൂടാതെ പെലെ മറ്റൊരു ക്ലബിനുവേണ്ടി മാത്രമേ കളിച്ചുളളൂ– ന്യൂയോർക്ക് കോസ്‌മോസിനുവേണ്ടി. മൂന്നു വർഷത്തെ കരാറിൽ അവർക്കുവേണ്ടി ജഴ്‌സിയണിഞ്ഞ പെലെ 1977ൽ പ്രഫഷനൽ ഫുട്‌ബോളിനോട് വിടചൊല്ലി.

English Summary: messi-equals-peles-record-for-most-goals-recorded-for-the-same-club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com