ADVERTISEMENT

ബാർസിലോന ∙ ഇതിനെക്കാൾ വലിയൊരു വിജയം, ഇതിനെക്കാൾ നാണംകെട്ടൊരു തോൽവി–ഇതു രണ്ടും അടുത്ത കാലത്തുണ്ടായിട്ടില്ല! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ആദ്യപാദം 3–2ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ സ്വന്തം ഗ്രൗണ്ടിൽ ഫ്ര‍ഞ്ച് ക്ലബ് പിഎസ്ജിയെ നേരിട്ട ബാർസിലോനയ്ക്കു വൻ തോൽവി. സൂപ്പർതാരം കിലിയൻ എംബപെ 2 നിർണായക ഗോളുകൾ നേടിയ മത്സരത്തിൽ പിഎസ്ജിക്ക് എവേ ഗ്രൗണ്ടിൽ 4–1 വിജയം. ഇരുപാദങ്ങളിലുമായി 6–4 വിജയത്തോടെ പിഎസ്ജി സെമിയിലേക്ക്. ജർമനിയിലെ ഡോർട്മുണ്ടിൽ, ആദ്യപാദം 2–1നു ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിട്ട സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനും കാലിടറി. തോൽവി 4–2ന്; ഇരുപാദങ്ങളിലുമായി 5–4ന് ഡോർട്മുണ്ടും സെമിയിൽ. പിഎസ്ജി – ഡോർട്മുണ്ട് സെമിഫൈനൽ ആദ്യപാദം 29ന് അർധരാത്രി നടക്കും.

എംബപെ മോഡൽ

തോറ്റുനിൽക്കുന്ന മത്സരങ്ങളിൽനിന്നു ടീമിനെ വിജയത്തിലേക്കു പിടിച്ചുയർത്താൻ കെൽപുള്ള നായകനാണു താനെന്നു കിലിയൻ എംബപെ മുൻപു പലവട്ടം തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ ബാർസയെ അവരുടെ മടയിൽ കീഴടക്കാനുള്ള ശൗര്യം പിഎസ്ജിക്ക് ഉണ്ടാവില്ലെന്നു വിചാരിച്ച അനേകം ആരാധകരെ അമ്പരപ്പിച്ചാണ് എംബപെയും സംഘവും വിജയനൃത്തം ചവിട്ടി മടങ്ങിയത്. 12–ാം മിനിറ്റിൽ റാഫിഞ്ഞയുടെ ഗോളിൽ ബാർസ ലീഡ് നേടിയതോടെ കളി തീർന്നെന്നു കരുതിയതാണ്. എന്നാൽ, പിഎസ്ജി താരം ബ്രാഡ്‌ലി ബാർക്കോളയെ ഫൗൾ ചെയ്ത് ബാ‍ർസ ഡിഫൻഡർ റൊണാൾഡ് അരൗഹോ ചുവപ്പുകാർഡ് വാങ്ങിയതോടെ കളിമാറി. 10 പേരിലേക്കു ബാർസ ചുരുങ്ങിയതോടെ പിഎസ്ജിയുടെ ഗോളടിമേളം തുടങ്ങി. മുൻ ബാർസ താരം ഉസ്മാൻ ഡെംബലെ (40–ാം മിനിറ്റ്), വിറ്റിഞ്ഞ (54) എന്നിവർക്കു പിന്നാലെയായിരുന്നു എംബപെയുടെ 2 ഗോളുകൾ. 61–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ഗോളാക്കിയ എംബപെ 89–ാം മിനിറ്റിൽ ടീമിന്റെ 4–ാം ഗോളും നേടി. 

അട്ടിമറിച്ച് ഡോർട്മുണ്ട്

വിജയപരാജയങ്ങൾ മാറിമറിഞ്ഞ 2 പകുതികൾക്കൊടുവിലാണ് അത്‌ലറ്റിക്കോ മഡ്രിഡിനെ തോൽപിച്ച് ബൊറൂസിയ ഡോർട്മുണ്ട് വിജയസോപാനം കയറിയത്. ആദ്യപാദത്തിൽ വഴങ്ങിയ 2–1 തോൽവിക്കു പകരമെന്നോണം ആദ്യപകുതിയിൽ 2 ഗോളുകളടിച്ച് ഡോർട്മുണ്ട് ലീഡ് നേടി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ 2 ഗോളുകൾ തിരിച്ചടിച്ച് അത്‌ലറ്റിക്കോ കളി തങ്ങളുടെ പക്ഷത്താക്കി. എന്നാൽ, വീണ്ടും 2 ഗോളുകൾ കൂടി നേടി ഡോർട്മുണ്ട് വിജയം സ്വന്തമാക്കി. ജൂലിയൻ ബ്രാൻഡ്റ്റ് (34–ാം മിനിറ്റ്), ഇയാൻ മാറ്റ്സെൻ (39), നിക്ലാസ് ഫുൾക്രൂഗ് (71), മാർസൽ സബിറ്റ്സർ (74) എന്നിവരാണു ഡോർട്മുണ്ടിന്റെ ഗോളുകൾ നേടിയത്. 

English Summary:

Mbappe brace helps PSG beat 10-man Barca 4-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com