ADVERTISEMENT

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ച പരിശീലകൻ ആരാണെന്ന ചോദ്യത്തിന്, ഏതൊരു മഞ്ഞപ്പട ആരാധകനും ഒരു ഉത്തരം മാത്രമായിരിക്കും പറയുക. സെർബിയക്കാരന്‍ ഇവാൻ വുക്കോമാനോവിച്ച് എന്ന ആശാൻ. ആരാധകർ അത്രയേറെ നെഞ്ചോടു ചേർത്തുവച്ച പേരായിരുന്നു അത്. സെർബിയയിൽനിന്ന് ഇവാൻ 2021 ൽ ആദ്യമായി കേരളത്തിലെത്തുമ്പോൾ മുൻപുള്ള പരിശീലകരെപ്പോലെ മാത്രമായിരുന്നു ആരാധകർക്ക് അദ്ദേഹവും. സ്റ്റീവ് കോപ്പലിനു ശേഷം പരിശീലകരുടെ ഒരു കൂട്ടപ്പൊരിച്ചിൽ തന്നെ ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന കാലം. ഓരോ സീസണിലും പരിശീലകരെ മാറ്റിമാറ്റി പരീക്ഷിച്ച മാനേജ്മെന്റ് 2021 ൽ ഇവാൻ വുക്കോമാനോവിച്ചിനെ കണ്ടെത്തി.

തുടർന്നിങ്ങോട്ടു നടന്നതു ചരിത്രം. ആദ്യ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച് ഇവാൻ ആരാധകരെ കയ്യിലെടുത്തു. ഫൈനലിൽ ഹൈദരാബാദിനോടു തോറ്റെങ്കിലും അപ്പോഴേക്കും ആരാധകരുടെ പ്രിയപ്പെട്ട ആശാനായി ഇവാൻ മാറിയിരുന്നു. പണത്തെക്കാളും കപ്പിനേക്കാളും വലുത് ബ്ലാസ്റ്റേഴ്സും അതിന്റെ ആരാധകരുമാണെന്ന് ഇവാൻ പലവട്ടം അഭിമുഖങ്ങളിൽ പറഞ്ഞു. തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാൻ‍ വുക്കോമാനോവിച്ച് ഒരു കിരീടമെന്ന ആരാധകരുടെ സ്വപ്നത്തിന് നിറം പകർന്നു. 2021 -22 സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ ഇവാന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

ഇവാൻ വുക്കോമനോവിച്ച് (Photo courtesy: Twitter/ivanvuko19)
ഇവാൻ വുക്കോമനോവിച്ച് (Photo courtesy: Twitter/ivanvuko19)

1977 ജൂൺ 19ന് സെർബിയയിലെ ഉഷിസിൽ ജനിച്ച ഇവാൻ സെർബിയൻ ക്ലബ്ബായ സ്ലൊബോഡ ഉഷിസിന്റെ അണ്ടർ 19 ടീമിൽ കളിച്ചാണു ഫുട്ബോൾ താരമെന്ന നിലയിൽ കരിയർ തുടങ്ങുന്നത്. ക്ലബ്ബിന്റെ സീനിയർ ടീമിൽനിന്നും സെർബിയയിലെ തന്നെ എഫ്കെ ഒബിലിക്കിൽ താരം ചേർന്നു. പിന്നീട് കരിയറിലെ നേട്ടങ്ങള്‍ തേടി ഇവാൻ ജർമനിയിലേക്കും ഫ്രാൻസിലേക്കും ചേക്കേറി. 2001 ൽ സെർബിയൻ വമ്പൻമാരായ റെഡ് സ്റ്റാർ ബൽഗ്രേഡിന്റെ ഭാഗമായി. 2003 ൽ ഡൈനാമോ മോസ്കോയിലും കളിച്ചു. കരിയറിന്റെ അവസാന കാലത്ത് ചൈനീസ് ക്ലബ്ബായ ക്വിങ്ദാവോ ജൊനൂനിലും ഇവാൻ കളിച്ചിട്ടുണ്ട്.

2013 ൽ പരിശീലക റോളിൽ

2012ലാണ് ഇവാൻ വുക്കോമാനോവിച്ച് ഫുട്ബോൾ താരമെന്ന നിലയിൽ പ്രഫഷനൽ കരിയർ അവസാനിപ്പിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ബൽജിയൻ‍ ക്ലബ്ബായ സ്റ്റാൻഡാർഡ് ലേജിന്റെ അസിസ്റ്റന്റ് മാനേജരായി. 2014 ൽ ടീമിന്റെ പ്രധാന പരിശീലകനായി ഇവാന്‍ ചുമതലയേറ്റു. 2016ൽ സ്ലൊവാക്യൻ ക്ലബ്ബ് സ്ലൊവാൻ ബ്രാറ്റിസ്‍ലാവയുടെ പരിശീലകനായി. 56 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ചു. സൈപ്രസ് ക്ലബ്ബ് അപ്പോളോൺ ലിമസോൾ വിട്ടാണ് ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. 

Ivan Vukomanovic

68 മത്സരങ്ങളിൽ ഇവാൻ ടീമിനൊപ്പം തുടർന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിലെ വിവാദ ഫ്രീകിക്ക് ഗോളിന്റെ പേരിൽ ടീമിനെ ഒന്നാകെ ഗ്രൗണ്ടിൽനിന്ന് പിൻവലിച്ച്, പ്രതിഷേധിച്ചാണ് ഇവാൻ ആരാധകരെ ആദ്യമായി ഞെട്ടിച്ചത്. അതിനു ശേഷം ബ്ലാസ്റ്റേഴ്സിന് പിഴയായി കോടികള്‍ അടയ്ക്കേണ്ടിവന്നു. ഇവാൻ വുക്കോമാനോവിച്ചിന് വിലക്കും പിഴ ശിക്ഷയും നേരിടേണ്ടിവന്നു. ഐഎസ്എല്ലിലെ ഒരു കിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഇവാനും ബ്ലാസ്റ്റേഴ്സ് ക്യാംപ് വിടുന്നത്. സ്വപ്നം എന്നെങ്കിലും സഫലമാകുമെന്ന പ്രതീക്ഷയിൽ മഞ്ഞപ്പട ഇനിയും കാത്തിരിപ്പു തുടരും.

കലൂർ സ്റ്റേ‍‍ഡിയത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച്. Photo: FB@KBFC
കലൂർ സ്റ്റേ‍‍ഡിയത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച്. Photo: FB@KBFC

ടീമിന്റെ വളർച്ചക്കായി കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇക്കാലയളവിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാൻ ചെയ്ത എല്ലാ കാര്യങ്ങൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. 

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിൽ ഒന്നാണിത്. ആദ്യ ദിവസം മുതൽ എനിക്ക് ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ഈ വേർപിരിയലിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇതാണ് ശരിയായ തീരുമാനമെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലബിനായി അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങൾക്കും ഒപ്പം ക്ലബ്ബിന്റെ ഭാവിക്കായി അദ്ദേഹം സ്ഥാപിച്ച അടിത്തറയ്ക്കും ഞാനെന്നും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. അദ്ദേഹം എന്നും ബ്ലാസ്റ്റേഴ്സ് കുടുംബത്തിലെ അവിഭാജ്യ അംഗമായിരിക്കും. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

English Summary:

Ivan Vukomanovic career as coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com