ADVERTISEMENT

ടൊറന്റോ (കാനഡ) ∙ കാൻഡിഡേറ്റ്സ് ചെസ് ചാപ്യൻഷിപ്പിൽ തീ പാറിയ രണ്ടാം ദിനത്തിൽ ലോക മൂന്നാംനമ്പർ താരം ഹികാരു നകാമുറയെ അട്ടിമറിച്ച് വിദിത് ഗുജറാത്തിയുടെ വൈദ്യുത പ്രകടനം. നവീനനീക്കത്തിലൂടെ തുടങ്ങി മൂന്നു തുടർച്ചയായ സാക്രിഫൈസുകളിലൂടെ കളി കൈയിലെടുത്ത് വിദിത് അമേരിക്കൻ താരത്തെ ഞെട്ടിച്ചു. 2022ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിനു ശേഷം 47 ക്ലാസിക്കൽ കളികളിൽ അജയ്യനായി തുടർന്ന ഹികാരുവിന് ആദ്യ തോൽവി. മറ്റൊരു കളിയിൽ മൂന്നു തുടരൻ കാലാൾ ബലികളിലൂടെ ആരാധകരെ സംഭ്രമിപ്പിച്ച ആർ. പ്രഗ്നാനന്ദയ്ക്കെതിരെ കൃത്യമായ പ്രതിരോധ നീക്കങ്ങളിലൂടെ മറുപടി നൽകി ഡി. ഗുകേഷിന്റെ വിജയം. 

 അക്രമാസക്തം എന്ന് അക്ഷരാർഥത്തിൽ വിശേഷിപ്പിക്കാവുന്ന കളിയിൽ അലിറേസ ഫിറൂസ്ജയെ തകർത്ത് യാൻ നീപോംനീഷിയുടെ ആദ്യ ജയം. നിജത് അബസോവിന്റെ വൻ പിഴവ് മുതലാക്കി ഫാബിയാനോ കരുവാനോയുടെ ആദ്യ ജയം– ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ രണ്ടാംദിനം രക്തരൂക്ഷിതവും സംഭവബഹുലമായി. 

വനിതാവിഭാഗത്തിൽ ഇന്ത്യയുടെ വൈശാലിക്കെതിരെ വിജയത്തോടെ ചൈനയുടെ ടാൻ സോങ്‌യി ലീഡുയർത്തിയപ്പോൾ അലക്സാന്ദ്ര ഗോരിയാച്കിന, അന്ന മ്യൂസിചുകിനെ തോൽപിച്ചു. കൊനേരു ഹംപിയുടെ കളി സമനിലയായി. നകാമുറയ്ക്കെതിരെ റുയ‌് ലോപസ് പ്രാരംഭത്തിൽ കറുത്ത കരുക്കളുമായി കളിച്ച വിദിത് ഒരു കാലാളെ ബലിനൽകിയാണ് തുടങ്ങിയത്. 11–ാം നീക്കത്തിൽ ബിഷപ്പിനെ ബലി നൽകിയെങ്കിലും അപകടം തിരിച്ചറിഞ്ഞ ഹികാരു ആ ബലി സ്വീകരിച്ചില്ല. രാജാവിന്റെ വശത്ത് കൃത്യമായ നീക്കങ്ങളിലൂടെ ആക്രമണം അഴിച്ചുവിട്ട വിദിത് കരുനില മെച്ചപ്പെടുത്തി. 29 നീക്കങ്ങളിൽ അമേരിക്കൻ താരം തോൽവി  സമ്മതിച്ചു.

English Summary:

Gukesh wins against Pragnananda in chess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com