ADVERTISEMENT

ഒളിംപിയ (ഗ്രീസ്) ∙ അപ്പോളോ ദേവന്റെ കടാക്ഷമില്ലാതെ ഇത്തവണ ഒളിംപിക് ദീപം തെളിഞ്ഞു. കാലാവസ്ഥ മുഖം കറുപ്പിച്ചു നിന്ന ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ ഇത്തവണ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ദീപം തെളിക്കൽ നടന്നത്. പാരിസ് ഒളിംപിക്സ് ഒരുക്കങ്ങളുടെ ഭാഗമായ പ്രധാന ചടങ്ങായ ദീപശിഖ പ്രയാണത്തിനായുള്ള ദീപം സൂര്യപ്രകാശത്തിൽനിന്നു തെളിക്കുന്നതായിരുന്നു പതിവ്.

എന്നാൽ, മേഘാവൃതമായ കാലാവസ്ഥയിൽ സൂര്യപ്രകാശം കുറവായതിനാൽ തലേദിവസത്തെ റിഹേഴ്സലിൽ കത്തിച്ച തീനാളം ദീപശിഖയിലേക്കു പകരുകയായിരുന്നു. തൊട്ടുപിന്നാലെ മാനം തെളിഞ്ഞെങ്കിലും പരമ്പരാഗത ശൈലിയിലെ ദീപം തെളിക്കൽ വേണ്ടെന്നു സംഘാടകർ തീരുമാനിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ഒളിംപിയയിലെ പുരാതന സ്റ്റേഡിയത്തിൽനിന്ന് 5000 കിലോമീറ്ററിലേറെ ഗ്രീസിലൂടെ പ്രയാണം നടത്തിയാണു ദീപശിഖ ഒളിംപിക്സ് വേദിയായ പാരിസിലേക്കു പോവുക. ഗ്രീക്ക് അഭിനേത്രി മേരി മിനയാണ് ദീപശിഖ തെളിക്കൽ ചടങ്ങിൽ പ്രധാന കാർമികത്വം വഹിച്ചത്. തുടർന്ന്, ടോക്കിയോ ഒളിംപിക്സിൽ റോവിങ്ങിൽ സ്വർണം നേടിയ ഗ്രീസ് താരം സ്റ്റെഫാനോസ് ദുസ്കോസ് ദീപശിഖ ഏറ്റുവാങ്ങി. 

ഫ്രാൻസിലേക്ക് കപ്പൽ പ്രയാണം 

27നു ദീപശിഖ ഫ്രാൻസിലേക്കു പ്രയാണം തുടങ്ങും. 1896ൽ ആദ്യയാത്ര നടത്തിയ ‘ബെലേം’ എന്ന പായ്ക്കപ്പലിലാണ് ദീപശിഖ ഫ്രാൻസിലേക്കു കൊണ്ടുപോകുന്നത്. ഫ്രഞ്ച് ചരിത്രത്തിന്റെ ഭാഗമായ ഈ ചരക്കുകപ്പൽ രണ്ടു പതിറ്റാണ്ടോളം ബ്രസീലിലേക്കും ഗയാനയിലേക്കും വെസ്റ്റിൻഡീസിലേക്കുമൊക്കെ യാത്രകൾ നടത്തി. മേയ് 8നു മാഴ്സൈയിലെത്തും. ഫ്രാൻസിലെ 64 പ്രവിശ്യകളിലൂടെയാണ് ദീപശിഖ പിന്നീടു പ്രയാണം നടത്തുക. ജൂലൈ 26നു സെയ്ൻ നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിൽ ഒളിംപിക്സിനു തുടക്കം കുറിച്ച് ദീപശിഖയെത്തും.

പാരിസിലേക്ക് ഇന്ത്യൻ സംഘം 

പാരിസ് ഒളിംപിക്സിലേക്ക് ഇതുവരെ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമും ടേബിൾ ടെന്നിസ് പുരുഷ, വനിതാ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഷൂട്ടിങ്ങിൽ 20 പേരും ബോക്സിങ്ങിൽ 4 പേരും അത്‍ലറ്റിക്സിൽ കഴിഞ്ഞ തവണത്തെ സ്വർണ ജേതാവ് നീരജ് ചോപ്രയുൾപ്പെടെ 9 പേരും യോഗ്യത നേടിയിട്ടുണ്ട്. ഗുസ്തി, സെയ്‌ലിങ്, കുതിരയോട്ടം എന്നിവയിൽ ഓരോരുത്തർ വീതവും യോഗ്യത നേടി. പുരുഷ ഹോക്കി ടീമിൽ പി.ആർ.ശ്രീജേഷും ലോങ്ജംപിൽ എം.ശ്രീശങ്കറും മലയാളിസാന്നിധ്യമാണ്. 

English Summary:

Paris Olympics flame lit relay begins in Olympia, Greece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com