ADVERTISEMENT

ടൊറന്റോ (കാന‍ഡ) ∙ ക്വീൻസ് ഗാംബിറ്റ് അക്സപ്റ്റഡ്! ലോക 3–ാം നമ്പർ താരം അമേരിക്കയുടെ ഹികാരു നകാമുറയ്ക്കെതിരെ ദൊമ്മരാജു ഗുകേഷ് ആ തീരുമാനമെടുക്കുമ്പോൾ ഇന്ത്യയിൽ അർധരാത്രി പിന്നിട്ടിരുന്നു. കാനഡയിൽനിന്ന് ഒൻപതര മണിക്കൂർ മുൻപിലാണ് ഇന്ത്യൻ സമയം. തൊട്ടടുത്ത ബോർഡിൽ ജീവൻമരണ പോരാട്ടത്തിലാണ് ഫാബിയാനോ കരുവാനയും യാൻ നീപോംനീഷിയും. ഗുകേഷ് 8.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. നകാമുറ, നീപോംനീഷി, കരുവാന എന്നിവർക്ക് 8 പോയിന്റ് വീതം. നിർണായകമായ അവസാന റൗണ്ടിൽ എല്ലാവരും ഒരുപോലെ സമ്മർദത്തിൽ.

കാൻഡിഡേറ്റ്സ് ചെസ് മത്സരം ലൈവ് സ്ട്രീമിങ് നടത്തുന്ന വൈബ്സൈറ്റുകളിൽ ഒന്നിൽ മുൻ ലോക ചാംപ്യൻ മാഗ്നസ് കാൾസൻ കമന്ററി പറയാൻ എത്തിയത് അപ്പോഴാണ്. ഗുകേഷിന്റെ പത്താം നീക്കത്തെ (സി*ഡി4) വിമർശിച്ചായിരുന്നു കാൾസന്റെ തുടക്കം. എന്നാൽ ഗുകിയുടെ തൊട്ടടുത്ത നീക്കം ( 11. ബി 4) കാൾസന്റെ നിലപാട് തിരുത്തി: ‘ഐ ലവ് വാട്ട് ഗുകേഷ് ഹാസ് ഡൺ’. ഞാനത് മുൻപെങ്ങും കണ്ടിട്ടു കൂടിയില്ല. (കളി കഴിഞ്ഞ് നകാമുറയും അതുതന്നെ പറഞ്ഞു: ആ നീക്കം കഴിഞ്ഞ് എനിക്കു കളിയിൽ സാധ്യതകളേ ഇല്ലായിരുന്നു). കരുനില മെച്ചപ്പെടുത്താൻ ഹികാരു കാലാളെ ബലി നൽകിയെങ്കിലും നേരിയ മുൻതൂക്കം ഗുകേഷിനു തന്നെയായിരുന്നു. 24–ാം നീക്കത്തിൽ നകാമുറ രാജ്ഞിയെ പരസ്പരം വെട്ടിമാറ്റാൻ അവസരം നൽകി. കളി സങ്കീർണമാക്കി രാജ്ഞിയെ നിലനിർത്തി വിജയത്തിനായി പൊരുതണമോ എന്ന് ഗുകേഷ് ശങ്കിച്ച നിമിഷം.

അവസാനം രാജ്ഞിയെ വെട്ടിമാറ്റാൻ തീരുമാനിച്ചെങ്കിലും ഒരു കാലാൾ മുൻതൂക്കമുണ്ടായിരുന്ന ഗുകി കളി മുന്നോട്ടുതന്നെ തുടർന്നു. ഇതിനിടയിൽ കമന്ററി റൂമിൽ മാഗ്നസ്, മുൻപൊരിക്കൽ ഗുകേഷ് തന്നോട് ഉപദേശം തേടിയ കഥ പറഞ്ഞു. ചുരുക്കം ഇങ്ങനെ: ‘ജർമനിയിൽവച്ച് കണ്ടപ്പോൾ കാൻ‍ഡിഡേറ്റ്സിൽ താൻ എങ്ങനെ കളിക്കണമെന്ന് ഗുകേഷ് എന്നോട് ഉപദേശം ചോദിച്ചു.   അബദ്ധങ്ങൾ കാണിക്കരുതെന്നും തന്റെ സാധ്യതകളിൽ മാത്രം ഫോക്കസ് ചെയ്യുകയാണ് നല്ലതെന്നും മറ്റുള്ളവർ ‘ക്രേസി’യായി കളിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു’.

ഇതേസമയം, ഫാബിയാനോ–നീപോംനീഷി മത്സരം കാൾസൻ പറഞ്ഞതുപോലെ ‘ഭ്രാന്ത’മായ തലങ്ങളിൽ കുഴഞ്ഞുമറിഞ്ഞു നീങ്ങുകയായിരുന്നു. ഗുകേഷിന്റെ കളി സമനിലയിലേക്കു നീങ്ങുന്ന നിലയ്ക്കു വിജയത്തിൽ കുറഞ്ഞ ഒന്നും ഇരുവരെയും തുണയ്ക്കില്ലെന്നു മനസ്സിലാക്കി പിഴവുകളും അസാധാരണ നീക്കങ്ങളും പുറത്തെടുത്ത കളി.

നീപോംനീഷിയുടെ പിഴവുകൾ മുതലെടുത്ത് ഫാബിയാനോ വിജയത്തിലേക്കു കുതിക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആ കളിയിലേക്കായി, ഗുകേഷിന്റെയും. വികാരരഹിതനായി, അക്ഷോഭ്യനായി സ്വന്തം ബോർഡിൽ മാത്രം നോക്കിയിരിക്കാറുള്ള ഗുകേഷിന്റെ നേട്ടം ആ ബോർഡിലേക്കായി. ഇടയ്ക്കിടെ സ്വന്തം സീറ്റിൽനിന്ന് എണീറ്റ് ആ ബോർഡിലേക്ക് മാത്രമായി ശ്രദ്ധ. 

അതിനിടെ കരുക്കളെല്ലാം വെട്ടിമാറ്റി ഹികാരു നകാമുറ– ഗുകേഷ് സമനില പിറന്നു. സമ്മർദത്തിനൊടുവിൽ ഫാബിയാനോയ്ക്ക് പിഴച്ചപ്പോൾ കളി സമനിലയിലേക്കെന്നു തോന്നി. തനിക്കു കിട്ടിയ ആനുകൂല്യം മുതലാക്കാനാകാതെ നീപ്പോയും പിഴവുകൾ വരുത്തി.  പുലരാറായപ്പോൾ, ഇന്ത്യൻ സമയം 5.45ന്, 109 നീക്കങ്ങൾക്കൊടുവിൽ നീപോംനീഷി–ഫാബിയാനോ മത്സരം സമനിലയായി. അപ്പോൾ  ഇന്ത്യയിൽ ആഹ്ലാദത്തിന്റെ കരുനില രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ഡി. ഗുകേഷ്: പ്രായം - 17 വയസ്സും 10 മാസവും 25 ദിവസവും

പ്രധാന നേട്ടങ്ങൾ

∙ 7–ാം വയസ്സിൽ ചെസ് കളി തുടങ്ങി

∙ 9–ാം വയസ്സിൽ ഏഷ്യൻ സ്കൂൾ ചെസ് ചാംപ്യൻ

∙ 12–ാം വയസ്സിൽ അണ്ടർ 12 ലോക യൂത്ത് ചാംപ്യൻ 

∙ ഗ്രാൻഡ് മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം. (12 വയസ്സും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുകേഷ് ഗ്രാൻഡ് മാസ്റ്ററായത്. 12 വയസ്സും 4 മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്ററായ ഇന്ത്യൻ വംശജൻ അഭിമന്യു മിശ്രയാണ് ഒന്നാമത്).

∙2750 എലോ റേറ്റിങ് പോയിന്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.

∙കാൻഡിഡേറ്റ്സ് ചെസിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 20–ാം വയസ്സിൽ ജേതാവായ റഷ്യൻ താരം ഗാരി കാസ്പറോവിന്റെ 40 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി. 

∙വിശ്വനാഥൻ ആനന്ദിനു ശേഷം കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് ജയിക്കുന്ന ഇന്ത്യൻ താരം. 5 വട്ടം ലോകചാംപ്യനായിട്ടുള്ള വിശ്വനാഥൻ ആനന്ദിനു ശേഷം കാൻഡിഡേറ്റ്സ് ചെസ് ജേതാവാകുന്ന ഇന്ത്യക്കാരനാണു ഗുകേഷ്. 2014ലാണ് ഒടുവിൽ  ആനന്ദ് കാൻഡിഡേറ്റ്സ് ജയിച്ചത്.

പ്രായം കടന്ന പക്വതയും കരുനിലയെ അപഗ്രഥിക്കാനുള്ള സവിശേഷമായ കഴിവും ഗുകേഷിനുണ്ട്. ക്ലാസിക്കൽ ചെസിൽ എനിക്കു മുൻതൂക്കമുണ്ടെന്നു ഞാൻ കരുതുന്നുണ്ടെങ്കിലും കളിക്കാൻ വളരെ പ്രയാസമുള്ള എതിരാളിയാണ് ഗുകേഷ്.

English Summary:

D Gukesh becomes youngest man to win Candidates chess championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com