ADVERTISEMENT

വസന്തൻ പെരുമാൾ‍ വിഷ്ണുപ്രസന്ന എന്ന ഗ്രാൻഡ് മാസ്റ്റർ വി.വിഷ്ണു പ്രസന്ന ചെസ് കളി പഠിച്ചത് 12 വയസ്സിലാണ്. എന്നാൽ 12 വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായ പ്രിയ ശിഷ്യനും കാൻഡിഡേറ്റ്സ് ചെസ് ജേതാവുമായ ഡി. ഗുകേഷിന്റെ കോച്ച് എന്ന നിലയിലാണ് ഇന്ന് വിഷ്ണുവിന്റെ പ്രശസ്തി.

ക്രിക്കറ്റിൽ ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന വിഷ്ണുവിനെ അമ്മയാണ് ചെസിലേക്കു വഴിതിരിച്ചുവിട്ടത്. അമ്മയ്ക്ക് അതിനു പ്രചോദനമായതോ 2000ലെ വിശ്വനാഥൻ ആനന്ദിന്റെ ലോകകപ്പ് വിജയം. പ്രായമേറി എന്ന പിൻമൊഴികൾ വകവയ്ക്കാതെ 23–ാം വയസ്സിൽ വിഷ്ണു ഗ്രാൻഡ് മാസ്റ്റർ ആയി.

ജീവിതത്തിൽ ഒരു വഴി തെളിയാത്ത സന്ദർഭത്തിൽ ഈ ചെന്നൈക്കാരൻ കോച്ചിങ്ങിലേക്കു തിരിഞ്ഞു. 2017ൽ ഹോളണ്ടിലെ വൈക് ആൻഡ് സീയിൽ നടന്ന പ്രശസ്തമായ ടൂർണമെന്റിൽ പങ്കെടുക്കുന്ന സുഹൃത്ത് ഭാസ്കരൻ അധിബനെ സഹായിക്കാൻ വിഷ്ണുവിനു ക്ഷണം വന്നു. എലീറ്റ് ചെസ് കളിക്കാരനായ അമേരിക്കൻ താരം വെസ്‌ലി സോയ്ക്കെതിരെ കിങ്സ് ഗാംബിറ്റും ലോക ചാംപ്യൻ മാഗ്നസ് കാൾസനെതിരെ സ്കാൻഡിനേവിയൻ പ്രാരംഭവും പരീക്ഷിക്കാൻ അധിബനെ വിഷ്ണു നിർബന്ധിച്ചു. അധിബൻ ആ 2 കളിയും സമനിലയാക്കിയെന്നു മാത്രമല്ല ശക്തരായ കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ രണ്ടാം സ്ഥാനവും നേടി.

പ്രമുഖ കളിക്കാർക്കിടയിൽ ഏറക്കുറെ ദുർബലമായ ഓപ്പണിങ് ചോയ്സ് എന്നു പ്രചാരത്തിലുള്ള പ്രാരംഭം ഉപയോഗിച്ച് ഈ കളികളിൽ നേടിയ ഫലങ്ങൾ വിഷ്ണുവിന്റെ ചിന്താഗതിയെത്തന്നെ മാറ്റിമറിച്ചു. അക്കാലത്താണ്, 2017 ജൂലൈയിൽ ഡി. ഗുകേഷ് വിഷ്ണുവിന്റെ അടുത്തെത്തുന്നത്. പിന്നീടങ്ങോട്ട് ഗുകേഷിന്റെ വളർച്ച പെട്ടെന്നായിരുന്നു. ഒന്നര വർഷത്തിനു ശേഷം , 12 വയസ്സിൽ ഗുകേഷിന്റെ ഗ്രാൻഡ് മാസ്റ്റർ നേട്ടം. ഇപ്പോൾ കാൻഡിഡേറ്റ്സ് ചെസ് വിജയിച്ച് ലോക ചാംപ്യനെ നേരിടാനുള്ള അർഹത. പ്രതാപവാനായ ശിഷ്യന്റെ വ്യത്യസ്തനായ കോച്ച് മനോരമയോടു സംസാരിക്കുന്നു.

ഗുകേഷിന്റെ പ്രകടനം

ഒറ്റവാക്കിൽ പറഞ്ഞാൽ സന്തോഷം! ഇത്രയും കഠിനമായ ടൂർണമെന്റിൽ സമ്മർദത്തെ അതിജീവിച്ചു എന്നതാണ് പ്രധാനം. ഏഴാം റൗണ്ടിൽ അലിറേസ ഫിറൂസ്ജയ്ക്കെതിരായ തോൽവിയിൽ തളരാതെ ആ തോൽവി തന്നെ ഊർജമാക്കിയാണ് ഗുകേഷ് തിരിച്ചുവന്നത്. 

ഗുകേഷിന്റെ ശക്തി

പലതരം കരുനിലകൾ കളിക്കാനുള്ള അറിവാണ് പുതിയ തലമുറയിലെ പ്രതിഭകളായ കുട്ടികളിൽനിന്ന് ഗുകേഷിനെ വേറിട്ടുനിർത്തുന്നത്. കളിയിൽ ഗുകിയുടെ ഫ്ലെക്സിബിലിറ്റി വളരെ വലുതാണ്. കളി മുന്നേറുന്നതിന് അനുസരിച്ച് തന്ത്രങ്ങൾ മാറ്റാനുള്ള കഴിവും ഗുകി കാട്ടിയ മനസ്സാന്നിധ്യവും എടുത്തു പറയേണ്ടതാണ്.

English Summary:

D Gukesh's coach vishnu prasanna Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com