ADVERTISEMENT

സൗന്ദര്യ–ആരോഗ്യ സംരക്ഷണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് കത്രീന കൈഫ്. പ്രായം 38 പിന്നിടുമ്പോഴും ബോളിവുഡിലെ നിറസാന്നിധ്യമായി നിൽക്കാൻ കത്രീനയെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നു കൂടിയാണിത്.  

 

കത്രീനയുടെ പഴ്സനൽ ട്രെയിനർ യാസിം കറാച്ചിവാലയിലൂടെയാണ് താരസുന്ദരിയുടെ വർക്കൗട്ട് റുട്ടീൻ പരിചിതമാകുന്നത്. ഫിറ്റ്നസ് നിലനിർത്താൻ ‌കഠിനമായ വർക്കൗട്ട് ആണ് കത്രീന പിന്തുടരുന്നതെന്നു യാസിം പറയുന്നു.  

 

workout

വീട്ടിലും ജിമ്മിലും കത്രീന വർക്കൗട്ട് ചെയ്യുന്നു. എത്ര തിരക്കായാലും ആഴ്ചയിൽ മൂന്ന് തവണ ‌ജിമ്മിൽ എത്തും. വ്യായാമത്തോടൊപ്പം യോഗയും ചെയ്യുന്നു.

 

കത്രീന വർക്കൗട്ട് തുടങ്ങുന്നത് ജോഗിങ്ങിലൂടെയാണ്. ശരീരം ഊർജസ്വലമാക്കാനും അധികമുള്ള കാലറികൾ ഒഴിവാക്കാനും ഇതു സഹായിക്കുന്നു. ഓട്ടം, സൈക്ലിങ്, വെയിറ്റ് ട്രെയിനിങ്, പ്ലാങ്ക് എന്നിങ്ങനെ വയറിന്റെ ആകൃതി നിലനിർത്താനുള്ള വർക്കൗട്ടുകൾക്കും കത്രീന സമയം കണ്ടെത്താറുണ്ട്. മസിലുകൾ ശക്തമാക്കാനും ശരീരം ഫിറ്റ് ആയി സൂക്ഷിക്കാനും താരം നീന്തലിനെ ആശ്രയിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല മാനസിക ഉല്ലാസത്തിനും യോഗ സഹായകരമാണ് എന്നാണ് താരത്തിന്റെ പക്ഷം.

 

കത്രീന തന്റെ വർക്ഔട്ടിൽ വളരെ ശ്രദ്ധാലുവാണ്. എത്ര കഠിനമായ വർക്ഔട്ടുകളും ആയാസമില്ലാതെ ചെയ്യാൻ കഴിയാറുണ്ട്. കഥാപാത്രങ്ങൾക്ക് അനുസൃതമായി ശാരീരിക മാറ്റങ്ങൾ വേണ്ടി വരുമ്പോൾ അതിനനുസരിച്ചുള്ള വർക്കൗട്ടുകളും ചെയ്യാറുണ്ടെന്ന് യാസിം പറയുന്നു. ഓരോ വർഷവും കത്രീനയുടെ വർക്കൗട്ട് പ്ലാനുകൾ യാസിം പുതുക്കുന്നു. വർക്കൗട്ട് ചെയ്യുന്നതിലെ വിരസത ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. 

 

∙ ഡയറ്റ് 

യാസിം കറാച്ചിവാല തന്നെ പ്ലാൻചെയ്ത ഡയറ്റ് ആണ് കത്രീന പിന്തുടരുന്നത്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ കൃത്യമായ അളവിൽ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇതു വഴി സാധിക്കുന്നു. രാവിലെ കുറഞ്ഞത് 4 ഗ്ലാസ് വെള്ളം കുടിക്കും. ശരീരത്തിലുള്ള അനാവശ്യ വസ്തുക്കൾ പുറംതള്ളാനും ഹൈഡ്രേറ്റഡ് ആയിരിക്കാനും ഇത് അനിവാര്യമാണ്. 

 

ഒരു ഗ്ലാസ് അനാർ ജ്യൂസും ഓട്മീലും ആണ് പ്രഭാത ഭക്ഷണം. മുട്ടയുടെ വെള്ളയും ഇതോടൊപ്പം കഴിക്കാറുണ്ട്. ചോറ്, പച്ചക്കറികൾ, സാലഡ് എന്നിവയാണ് ഉച്ചയ്ക്ക് ഭക്ഷണം. ഗ്രിൽഡ് ഫിഷ്, ബ്രൗൺ ബ്രെഡ്, ബട്ടർ എന്നിവയും ഉച്ചഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നു. ബ്രൗൺ ബ്രെഡും പീനട്ട് ബട്ടറും അല്ലെങ്കിൽ സാൻവിച്ച് ആണ് വൈകുന്നേരും കഴിക്കുന്നത്. എണ്ണയില്ലാതെ വേവിച്ചെടുക്കുന്ന പച്ചക്കറികൾ, ഗ്രീൻ സാലഡ്, ദാൽ, ചപ്പാത്തി, വെജിറ്റബിൾ സൂപ്പ് എന്നിവയാണ് രാത്രി ഭക്ഷണം. 

makeup-food

 

∙ ഭാരം നിയന്ത്രിക്കാൻ

മാക്രോബയോട്ടിക് ഡയറ്റ് ആണ് കത്രീന പിന്തുടരുന്നത്. ഇടവേളകളിൽ പച്ചക്കറികളും പഴങ്ങളും കഴിച്ചുകൊണ്ട് വിശപ്പ് ഒഴിവാക്കുകയാണ് ഈ ഡയറ്റ് വഴി ചെയ്യുന്നത്.  പാകം ചെയ്തു പാക്കറ്റിൽ വരുന്ന ആഹാരം, പഞ്ചസാര എന്നിവ പൂർണമായി ഒഴിവാക്കുന്നു. ശരീരഭാരം കൂടാൻ ഇവ കാരണമാകുന്നതിനാൽ ആണിത്. എണ്ണമയമുള്ള ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാന‍് ശ്രദ്ധിക്കുന്നു.

 

∙ സൗന്ദര്യം

38 വയസ്സാണ് കത്രീനയുടെ പ്രായം. 1.74 മീറ്റർ ഉയരവും, 58–60 കിലോഗ്രാം ഭാരവുമുണ്ട്. പ്രായം കൂടും തോറും കത്രീനയുടെ സൗന്ദര്യവും കൂടുന്നു എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. ഇതിനു പിന്നിലും കത്രീന പുലർത്തുന്ന അതീവ ശ്രദ്ധയ്ക്ക് പങ്കുണ്ട്. 

 

∙ സ്കിൻ കെയർ 

ഉറങ്ങും മുൻപ് ഓയിൽ ബേസ്ഡ് ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കും. മേക്കപ്പ്‌ വൃത്തിയായി നീക്കാൻ ഇതു സഹായിക്കുന്നു. ഉറങ്ങും മുൻപ് ചർമം മോയ്സ്ച്റൈസ് ചെയ്യുന്നത് വളരെ പ്രധാനമാണ് എന്നും കത്രീന പറയുന്നു. പകൽ സമയങ്ങളിൽ ക്ലെൻസിങ് ലോഷൻ ഉപയോഗിച്ച് മുഖം വൃത്തിയാക്കാൻ ശ്രദ്ധിക്കാറുണ്ട്. ബോഡി മസാജുകൾ, മിനറൽ മഡ് ഫെയ്സ് മാസ്ക് എന്നിവയാണ് കത്രീന സ്ഥിരമായി ഉപയോഗിക്കുന്ന സൗന്ദര്യസംരക്ഷക വസ്തുക്കൾ.

 

∙ മേക്കപ്പ്‌ 

ഷൂട്ടിങ് ഇല്ലെങ്കിൽ കത്രീന മേക്കപ് പൂർണമായും ഒഴിവാക്കുന്നു. ഐസിൽ പൊതിഞ്ഞുവച്ച മസ്‌ലിന്‍ ക്ലോത് ഉപയോഗിച്ച് മേക്കപ്പിനു മുൻപ് മുഖം മസാജ് ചെയ്യുന്നു. ആപ്രികോട്ട് ഓയിൽ, ഓയിൽ ബേസ്ഡ് ആയ സൺസ്‌ക്രീൻ എന്നിവയാണ് കത്രീന കൈഫിന്റെ ഒഴിച്ചു കൂടാനാവാത്ത സ്‌കിൻ കെയർ ടൂളുകൾ.

 

മുടിയുടെ സംരക്ഷണം 

എല്ലാ ദിവസവും മുടി കഴുകുന്നതാണ് കത്രീന കൈഫിന്റെ രീതി. അതിനുശേഷം ഒരു ലീവ് ഇൻ കണ്ടീഷനർ മുടി മൃദുവാക്കുന്നതിനായി പുരട്ടും. കുളിച്ചശേഷം മുടി ബ്ലോ ഡ്രൈ ചെയ്യുന്നത് പതിവാണ്. എന്നാൽ ഹീറ്റ് പ്രൊട്ടക്ടർ പുരട്ടിയശേഷം മാത്രമാണ് ഹീറ്റ് സ്റ്റൈലിങ് ടൂളുകൾ ഉപയോഗിക്കുക.

 

Content Summary : Katrina Kaif Beauty Secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com