ADVERTISEMENT

ചർമം എങ്ങനെയാണോ സംരക്ഷിക്കുന്നത് അത്രയും തന്നെ പരിഗണന ആവശ്യമുണ്ട് ചുണ്ടുകൾക്കും. വരണ്ടുപോകാതെ സംരക്ഷിക്കുക. അതിനൊപ്പം തന്നെ മൃദുത്വം നിലനിർത്തുക. ചുണ്ടുകളുടെ കാര്യത്തിൽ ഈ പറഞ്ഞ രണ്ടുകാര്യങ്ങൾക്കും പ്രാധാന്യമേറെയാണ്. ഇവിടെയാണ് ലിപ് മാസ്കുകൾ അരങ്ങിലേയ്ക്ക് എത്തുന്നത്. ചുണ്ടുകളെ സംരക്ഷിക്കാൻ ലിപ് മാസ്കുകൾ ഉപയോഗിക്കാമെങ്കിലും രാസപദാർഥങ്ങൾ അടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്നത് ചിലപ്പോൾ ചുണ്ടുകളുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താനിടയുണ്ട്. ആശങ്കപ്പെടേണ്ടതില്ല, പ്രകൃതിദത്തമായ ചില ചേരുവകൾ ഉപയോഗിച്ച് രാസഘടകങ്ങൾ തീരെയില്ലാത്ത ലിപ് മാസ്കുകൾ വീട്ടിൽ തന്നെയുണ്ടാക്കാം. 

തൈരും ബേക്കിങ് സോഡയും  
കാൽ ടീസ്പൂൺ തൈരും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും നന്നായി യോജിപ്പിക്കുക. കുറച്ച് ലാവെൻഡർ അല്ലെങ്കിൽ റോസ് ഹൈഡ്രോസോൾ കൂടി ഇതിനൊപ്പം ചേർക്കാം. ചുണ്ടുകളിൽ പുരട്ടിയതിനു ശേഷം പത്തു മുതൽ പതിനഞ്ച് മിനിറ്റ് വരെ വച്ചതിനു ശേഷം കഴുകാം. ഇത് ചുണ്ടുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുമെന്ന് മാത്രമല്ല, മൃദുത്വം നിലനിർത്താനും വരണ്ടു പോകാതിരിക്കാനും സഹായിക്കുകയും ചെയ്യും.

വെളിച്ചെണ്ണയും തേനും 
വെളിച്ചെണ്ണയുടെ ഗുണങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ, ചർമ സംരക്ഷണത്തിൽ എന്നത് പോലെ തന്നെ ചുണ്ടുകളെ പരിപാലിക്കുവാനും വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രേറ്റിങ് പ്രോപ്പർട്ടീസ് സഹായിക്കും. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അതേ അളവിൽ തേനും എടുത്തതിനു ശേഷം രണ്ടും ഒരുമിച്ച് ചേർത്ത് ചുണ്ടുകളിൽ ഒരു ലിപ് മാസ്ക് ആയി ഉപയോഗിക്കാം. വെളിച്ചെണ്ണ മാത്രമായി വേണമെങ്കിലും പുരട്ടാവുന്നതാണ്.

തൈരും കിവിയും 
തൈര് ചേർന്നിട്ടുള്ള ലിപ് മാസ്കുകൾ ചുണ്ടുകളിലെ മൃതകോശങ്ങളെ അകറ്റും. അതിനു സഹായിക്കുന്നത് തൈരിലെ ലാക്ടിക് ആസിഡാണ്. ചുണ്ടിലെ പഴയ കോശങ്ങളെ ഇവ പുറംതള്ളും. ലിപ് മാസ്ക് തയാറാക്കുന്നതിനായി രണ്ട് ടീസ്പൂൺ ഗ്രീക്ക് യോഗർട്ടും ഒരു ടീസ്പൂൺ കിവി ഉടച്ചതും നന്നായി യോജിപ്പിക്കാം. ഈ പേസ്റ്റ് ചുണ്ടുകളിൽ പുരട്ടാവുന്നതാണ്. 

ഒലിവ് ഓയിലും ബ്രൗൺ ഷുഗറും
ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള രണ്ടു പദാർഥങ്ങളാണ് ഒലിവ് ഓയിലും ബ്രൗൺ ഷുഗറും. ചുണ്ടിലെ മൃത കോശങ്ങളെ അകറ്റാൻ ബ്രൗൺ ഷുഗർ സഹായിക്കുമ്പോൾ ഒലിവ് ഓയിൽ ചുണ്ടുകൾക്ക് ഈർപ്പം സമ്മാനിക്കുകയും മൃദുത്വം നിലനിർത്തുകയും ചെയ്യും. രണ്ടു ടീസ്പൂൺ ഒലിവ് ഓയിലിലേയ്ക്ക് ഒരു ടീസ്പൂൺ ബ്രൗൺ ഷുഗർ കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. പത്തു മിനിറ്റിനു ശേഷം ഈ മിശ്രിതമെടുത്ത് രണ്ടു മുതൽ മൂന്നു മിനിറ്റ് നേരം ചുണ്ടുകളിൽ പതിയെ റബ് ചെയ്യാം. അഞ്ചു മിനിറ്റ് കഴിഞ്ഞു പതിയെ തുടച്ചു മാറ്റാവുന്നതാണ്.

കറ്റാർ വാഴ 
കേശ സംരക്ഷണത്തിലും ചർമ പരിപാലനത്തിനും അത്യുത്തമമായ ഒന്നാണ് കറ്റാർവാഴ. ചുണ്ടുകൾ വരണ്ടു പോകാതെ കാക്കുന്നതിനു ഇതിലുള്ള ഘടകങ്ങൾ സഹായിക്കും. കറ്റാർവാഴ ജെല്ലെ് ചുണ്ടുകളിൽ പുരട്ടാവുന്നതാണ്. ബദാം എണ്ണയ്‌ക്കൊപ്പമോ ഒലിവ് ഓയിലിനൊപ്പമോ മിക്സ് ചെയ്തും ഉപയോഗിക്കാം. 

English Summary:

Discover the Secret to Soft, Supple Lips with Natural Lip Masks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com