ADVERTISEMENT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോബിൻ ബസും അതിന്റെ ഉടമ റോബിൻ ഗീരീഷുമാണ് വാർത്താ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലോടുന്ന ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള നിയമപോരാട്ടങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. ബസിനെ അനുകൂലിച്ചും ബസിന്റെ ഉടമ ഗിരീഷിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാൽ, ഇത്രയേറെ പ്രശ്നങ്ങളിൽ നിൽക്കുമ്പോഴും വളരെ കൂളായി അതെല്ലാം നോക്കികാണാൻ കഴിയുന്നത് തന്റെ ഭാര്യ തന്ന ധൈര്യം കൊണ്ടാണെന്ന് പറയുകയാണ് ഗിരീഷ്. അപകടത്തിൽ എല്ലാം തളർന്ന തനിക്ക് തുണയായത് ഭാര്യ നിഷയാണെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗീരീഷ് വ്യക്തമാക്കി. തളർച്ചയിൽ നിന്ന് വളർന്നു വന്നതാണ് ഗിരീഷെന്നും മുന്നോട്ടും പലരുടെയും പ്രാർഥന ഞങ്ങളെ രക്ഷിക്കുമെന്നും ഗിരീഷിന്റെ ഭാര്യയും അഭിമുഖത്തിൽ പറഞ്ഞു. 

 ‘റോബിൻ’ ബസ് കോയമ്പത്തൂർ ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫിസ് വളപ്പിൽ പിടിച്ചിട്ടിരിക്കുന്നു. ബേബി ഗിരീഷ് സമീപം. ചിത്രം: മനോരമ
‘റോബിൻ’ ബസ് കോയമ്പത്തൂർ ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫിസ് വളപ്പിൽ പിടിച്ചിട്ടിരിക്കുന്നു. ബേബി ഗിരീഷ് സമീപം. ചിത്രം: മനോരമ

‘18 വർഷമായിട്ട് എന്റെ ശക്തി ഭാര്യയാണ്. ഞാൻ വീണ് കിടന്നപ്പോൾ ജീവിതത്തിൽ എനിക്ക് എല്ലാം ചെയ്ത് തന്നത് അവളാണ്. നാലര വര്‍ഷം കട്ടിലിൽ കിടപ്പിലായിരുന്നു. അന്ന് എല്ലാ കാര്യങ്ങളും ചെയ്തത് അവളാണ്. ഒരു നഴ്സിനെ പോലും വെക്കാതെ അവളെന്നെ ശ്രുശ്രൂഷിച്ചു. എന്റെ പാതിയല്ല. മുഴുവനുമാണ് ഇവൾ. വീണ് കിടന്ന കാലത്ത് എനിക്ക് എല്ലാമായത് ഇവളാണ്. അന്ന് എനിക്ക് മറ്റൊരു ജീവിതം ഉണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല’- ഗിരീഷ് പറഞ്ഞു. 

എന്നും ഗിരീഷിനൊപ്പം നിന്ന് കുടുംബം മുന്നോട്ട് കൊണ്ട് പോകാനാണ് താൻ ശ്രമിച്ചതെന്ന് നിഷ പറഞ്ഞു. ‘ഒത്തിരി സ്ട്രഗിൾ ചെയ്ത വ്യക്തിയാണ് ചേട്ടൻ. നേരായ മാർഗത്തിലൂടെ സഞ്ചരിച്ചതു കൊണ്ട് ഒത്തിരി ശത്രുക്കളുണ്ടായി. കുടുംബത്തിൽ നിന്നാണ് ഏറെ വേദന ലഭിച്ചത്. എല്ലാം അതിജീവിക്കാനുള്ള കരുത്ത് കിട്ടിയത് സഹോദരൻമാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ്. 

robin-bus-2
റോബിൻ ബസ്, Image Credits: Instagram

പലപ്പോഴും എനിക്കൊപ്പം പുള്ളി ഉണ്ടായിരുന്നില്ല. പ്രസവ സമയത്തു പോലും വീട്ടുകാരുടെ കൂടെയായിരുന്നു പോയിരുന്നത്. ഒന്നോ രണ്ടോ തവണ മാത്രമാണ് എന്റെയൊപ്പം വന്നത്. പക്ഷേ, അതൊന്നും എനിക്ക് സങ്കടമായിരുന്നില്ല. ഞാൻ ഒറ്റയ്ക്ക് പോകാറായിരുന്നു പതിവ്. പുള്ളിക്ക് ആരോഗ്യപരമായ പ്രശ്നമുണ്ട്, പിന്നെ നല്ല തിരക്കുമാണ്. അതുകൊണ്ട് ഒറ്റയ്ക്ക് പോകാറാണ് പതിവ്. പക്ഷേ, ഇപ്പോൾ എന്നോടൊപ്പം പലയിടങ്ങളിലേക്കും പുള്ളി വരാറുണ്ട്. ഞങ്ങള്‍ തമ്മിൽ പല വഴക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതൊക്കെ ചെറിയ കാര്യങ്ങള്‍ മാത്രമാണ്. പുള്ളിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ട് നിൽക്കുന്ന ആളല്ല ഞാൻ. പുള്ളിയെ പലപ്പോഴും തിരുത്തിയിട്ടുണ്ട്, കാര്യം പറഞ്ഞ് മനസ്സിലാക്കിയിട്ടുമുണ്ട്. 

ഇന്നലെ കോയമ്പത്തൂരിൽ നിന്നു പത്തനംതിട്ടയിലേക്കു സർവീസ് നടത്തിയ റോബിൻ ബസിനെ വാളയാർ ആർടിഒ ചെക്‌പോസ്‌റ്റിനു സമീപം നാട്ടുകാർ സ്വീകരിച്ചപ്പോൾ.
കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിനെ വാളയാർ ആർടിഒ ചെക്പോസ്റ്റിനു സമീപം നാട്ടുകാർ സ്വീകരിച്ചപ്പോൾ

വിവാഹം കഴിഞ്ഞ് 4 വർഷമായപ്പോഴാണ് ഗിരീഷിന് അപകടം ഉണ്ടായത്. അന്ന് ഞങ്ങൾ സ്ട്രഗിൾ ചെയ്താണ് എല്ലാം നേടയിത്. അതുകൊണ്ട് ഇന്ന് ഒന്നും പ്രശ്നമല്ല. പൂർണമായും കൈ തളർന്ന അവസ്ഥയായിരുന്നു അന്ന്. കയ്യിന്റെ ഞരമ്പ് വലിഞ്ഞ് പ്രശ്നമുണ്ടായിരുന്നു. അന്ന് സർജറി ചെയ്തിരുന്നില്ല. പിന്നെ ഇൻഫക്ഷൻ വന്ന കാല് വച്ച് അദ്ദേഹം നടന്നു. അത് പ്രശ്നമാകുമെന്ന് കരുതിയാണ് സർജറി ചെയ്തത്. ഇൻഫക്ഷൻ കാരണം കാലിന്റെ എല്ല് രണ്ടര ഇഞ്ച് കട്ട് ചെയ്ത് കഴിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന് നടക്കാൻ പറ്റുമോ എന്ന ടെൻഷൻ ഡോക്ടർക്ക് ഉണ്ടായിരുന്നു. എന്നാൽ, മസിലിന്റെ പവർ കൊണ്ടാണ് പുള്ളി നടക്കുന്നത്. വലതുകാലും വലതു കയ്യും ഞാൻ മാത്രമല്ല, ചേട്ടന്റെ സഹോദരൻമാർ കൂടിയാണ്. തളർന്ന് പോയിട്ടും പുള്ളി തിരിച്ചു വന്നത് ബസിൽ നിന്നുള്ള ഊർജം കൊണ്ടാണ്. 

ഇന്നു സർവീസ് തുടങ്ങുന്നതിനു മുൻപ് റോബിൻ ബസിന് ആരാധകരുടെ സ്വീകരണം (വിഡിയോ ദൃശ്യം)
റോബിൻ ബസിനെ ആരാധകർ സ്വീകരിക്കുന്നു (വിഡിയോ ദൃശ്യം)

വണ്ടി പിടിച്ച സമയത്തൊക്കെ വീട്ടിൽ എല്ലാ കാര്യങ്ങളും സംസാരിക്കുമായിരുന്നു. പ്രശ്നത്തെ പറ്റി വീട്ടിൽ സംസാരിച്ചപ്പോൾ അത് ശരിയായ കാര്യമാണെന്നാണ് എനിക്ക് തോന്നിയത്. പിന്നെ പുള്ളിക്കൊപ്പം നിൽക്കാൻ ആളുകളുണ്ട്. ശരിയായ വഴി പറഞ്ഞു കൊടുക്കാറുണ്ട്. പല നല്ല ഉദ്യോഗസ്ഥരും പുള്ളിക്കൊപ്പം നിന്നു. അതുെകാണ്ട് വലിയ ടെൻഷനൊന്നുമില്ലായിരുന്നു. പിന്നെ പുള്ളിക്ക് നല്ല ആത്മസംയമനമാണ്. പണ്ടൊക്കെ എപ്പോഴും ദേഷ്യം വരുന്ന വ്യക്തിയായിരുന്നു. ഉദ്യോഗസ്ഥരൊക്കെ ഇങ്ങനെ വളഞ്ഞിട്ട് പിടിച്ചിട്ടും വളരെ കൂളാണ് പുള്ളി. അവരോട് സംസാരിക്കുന്നതും കൂളായിട്ടാണ്. അപ്പോൾ എല്ലാ ശരിയാകുമെന്നാണ് കരുതുന്നത്. പക്ഷേ, വർഷങ്ങളായി കൂടെയുള്ള വക്കീൽ മരിച്ചു എന്നത് കേട്ടപ്പോൾ വലിയ വിഷമമായി. ചിലപ്പോൾ വക്കീലിന്റെ പ്രാർഥനയായിരിക്കും ഞങ്ങളുടെ വിജയം. അതുമാത്രമല്ല, പലരും ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ട്. ഗീരീഷിൽ ജനം വിശ്വാസം അർപ്പിച്ചിട്ടുണ്ട്’-നിഷ പറഞ്ഞു. 

English Summary:

How Nisha Became Girish's Pillar of Strength

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com