ADVERTISEMENT

ജീവിതം ചക്രങ്ങളിൽ ഉരുളാൻ തുടങ്ങിയപ്പോഴും ഈ ദമ്പതികൾ പിൻമാറാൻ തയാറായില്ല. വൈകല്യത്തെ മനോബലം കൊണ്ട് കീഴ്പ്പെടുത്തിയ പോലെ അവർ ചൈനയിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങളിലൊന്നിന്റെ നെറുകയിലെത്തി വിളിച്ചു പറഞ്ഞു, ‘‘ഞങ്ങൾ ജീവിതം ആസ്വദിക്കുകയാണ്’’. അതെ ചൈനയിലെ ദമ്പതികളായ ഷു യുജിയും, ഫാൻ സിയാവോയും ലോകത്തിന് ഒരു മാതൃകയാണ്. വീൽചെയറിലിരുന്ന്  ഉയരം കൂടിയ പർവതങ്ങളിലൊന്നായ ഹുവാങ്ഷാനിന് മുകളിലെത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇരുവരും. പർവതം മാത്രമല്ല, ലോകത്ത് രണ്ടു കാലുകൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം വീൽചെയറിലിരുന്നു ചെയ്യുകയാണ് ഈ ദമ്പതികൾ.

വീൽചെയറിലിരുന്ന് ജീവിതം നയിക്കുന്ന ഇവർ രാജ്യത്തിനകത്ത് പല സ്ഥലങ്ങളിലേയ്ക്ക് യാത്രകൾ നടത്തുന്നു, പർവതങ്ങൾ കയറുന്നു, നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. മൂന്ന് വർഷം മുമ്പ്, കൈകാലുകൾക്ക് വൈകല്യമുള്ള ഷു യുജിയും ഫാൻ സിയാവോയും കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ നിംഗ്‌ബോയിൽ മനോഹരമായ ഒരു "വീൽചെയർ കല്യാണം" നടത്തി. ആ അപൂർവമായ കല്യാണം അന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈനായി കണ്ടു. 

2009-ൽ, 20-ാം വയസ്സിൽ, നട്ടെല്ലിനെ ബാധിക്കുന്ന അക്യൂട്ട് മൈലിറ്റിസ് രോഗം മൂലം തളർവാതത്തിലായപ്പോൾ ഷുവിന്റെ ജീവിതം വീൽചെയറിലേക്ക് ചുരുങ്ങുകയായിരുന്നു. സർവകലാശാല പ്രവേശന പരീക്ഷ എഴുതാനിരിക്കെ വാസ്കുലർ ട്യൂമർ മൂലമാണ്  ഭാര്യ ഫാനിന്റെ നട്ടെല്ലിന് ക്ഷതം സംഭവിക്കുന്നത്. രണ്ടു ദിശയിൽ വീൽചെയറിൽ ജീവിതം തള്ളി നീക്കിയ ഇരുവരും ഒരു സുഹൃത്ത് മുഖേനെയാണ് പരിചയപ്പെട്ടത്. സൗഹൃദം വൈകാതെ പ്രണയത്തിന് വഴിമാറി. 

വീൽചെയറിലായ ഫാൻ ആദ്യമായി വീടിന് പുറത്തേക്ക് പോയത് ഷു യുജിയക്ക് ഒപ്പമായിരുന്നു. അത് അനന്തമായ അവരുടെ സാഹസികതയുടെ തുടക്കമായിരുന്നു. ലോകത്തിന്റെ പല കോണുകളിലേക്കും പിന്നീട് അവരുടെ വീൽചെയറെത്തി. ബീജിംഗ്, സിയാമെൻ, വുഹാൻ, മൗണ്ട് ഹുവാങ്ഷാൻ തുടങ്ങിയ നിരവധി സ്ഥലങ്ങൾ തങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് ഫാൻ പറയുന്നു. യാത്രകളിൽ എല്ലാത്തരം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടുവെന്നും, ഇത് ഭാവിയിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിടാനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയാണെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു. 

ചൈനയുടെ കിഴക്കൻ പ്രവിശ്യയായ അൻഹുയിയിലെ ഹുവാങ്ഷാൻ പർവതനിരയിൽ കയറാനുള്ള അവരുടെ സമീപകാല സാഹസികത കൂടുതൽ ആളുകളെ ആകർഷിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റും ചൈനയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നുമാണിത്. ഇരുവരും ചേർന്ന് ആയിരക്കണത്തിന് പേരെ തങ്ങളുടെ ജീവിതം കൊണ്ട് പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്. യാത്രയും പർവതാരോഹണവും മാത്രമല്ല നൃത്തവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചവരാണ് ഈ ദമ്പതികൾ. നൃത്തം തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നാണ് ഇരുവരും പറയുന്നത്. 

ഇവരുടെ കഥ ജീവിതത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു കൂടുതൽ പ്രചോദനമാവുകയും ജീവിതത്തെ പോസറ്റീവായി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ യാത്രകളിൽ സന്തത സഹചാരിയായി കുഞ്ഞുമകളുമുണ്ട്.  

English Summary:

Couple Conquers Huangshan Peak in Wheelchairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com