ADVERTISEMENT

ക്രിസ്മസ് കാലത്ത് ക്രിസ്മസ് കാർഡുകൾക്കു വേണ്ടി കാത്തിരുന്നിട്ടുണ്ടോ? കാത്തിരുന്നു കാത്തിരുന്ന് കയ്യിലെത്തുന്ന കാർഡ് ആകാംഷയോടെ വായിക്കുമ്പോൾ കിട്ടിയിരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഒരു കാലത്ത് പലരുടെയും ജീവിതത്തിൽ വിലമതിക്കാനാവാത്ത ക്രിസ്മസ് സമ്മാനമായിരുന്നു കാർഡുകൾ. എന്നാൽ ഇന്ന് പഴങ്കഥ പോലെ ഓർമകളിൽ മാത്രമൊതുങ്ങി ക്രിസ്മസ് കാർഡുകൾ മാഞ്ഞുപോയി. കടകളിൽ കാർഡുകൾ കിട്ടാനില്ല. കിട്ടിയാൽ തന്നെ ആര് അയക്കാൻ. ഒറ്റ ക്ലിക്കിൽ പായിക്കുന്ന വാട്സാപ്പ് സ്റ്റിക്കറിന്റെ ആശംസകൾക്കപ്പുറം കുശലാന്വേഷണം നടത്താൻ മറ്റൊന്നുമില്ല. ടെക്നോളജി വളർന്നു, ആളുകൾ മാറി. എങ്കിലും ഓർമകൾക്കൊപ്പം സഞ്ചരിക്കുന്ന ചിലർ നമുക്കിടയിൽ ഉണ്ട്.

പക്ഷാഘാതം ശരീരത്തിന്‍റെ പാതി തളർത്തിയെങ്കിലും ക്രിസ്മസ് പുതുവത്സര ആശംസാകാർഡുകൾ അയയ്ക്കുകയെന്ന പതിവ് കഴിഞ്ഞ 55 വർഷമായി തുടരുകയാണ് നടുവത്ത് മൂച്ചിക്കലിലെ റവ. ഫാദർ ഹെൻറി. കാർഡുകൾ അയയ്ക്കുക മാത്രമല്ല, 1968 മുതൽ തനിക്ക് കിട്ടിയ കാർഡുകളുടെ വലിയ ശേഖരവുമുണ്ട് ഇദ്ദേഹത്തിന്റെ കയ്യിൽ. രണ്ടായിരത്തിലധികം കാർഡുകൾ ഈ ശേഖരത്തിലുണ്ട്. അയച്ച ആളുടെ പേരിൽ തന്നെ ഫയലായാണ് ഓരോ വർഷവുമെത്തുന്ന കാർഡുകൾ സൂക്ഷിക്കുന്നത്. അമേരിക്കയിലെ ഫാദർ മില്ലറുടെ മുതൽ സഹപാഠികളുടെ വരെ കാർഡുകൾ ഇതിലുണ്ട്. കൂടുതൽ കാർഡുകളും ഇന്ത്യയ്ക്കകത്തു നിന്നും അയച്ചു കിട്ടിയവയാണ്. അടുപ്പമുള്ള എല്ലാവർക്കും കാർഡുകൾ അയച്ചു കൊടുക്കും. പുതിയ ബന്ധം ഉണ്ടാക്കിയെടുക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും കാർഡുകൾ അയയ്ക്കുന്നതു വഴി കഴിയുമെന്നാണ് ഫാദർ ഹെൻറി പറയുന്നത്.

"2019 ൽ സ്ട്രോക്ക് വന്ന ശേഷം കാർഡയയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഭാര്യയുടെ സഹായത്തോടെ കാർഡുകൾ അയയ്ക്കുമായിരുന്നു. സ്ട്രോക്കു വന്ന് ചികിത്സയ്ക്കായി കുറച്ചു കാലം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. അന്നു പരിചയപ്പെട്ട മറ്റു രോഗികളുടെയെല്ലാം അഡ്രസ് വാങ്ങിയ ശേഷമാണ് ആശുപത്രി വിട്ടത്. അന്നു മുതൽ ഇന്നു വരെ മുടങ്ങാതെ അവർക്കെല്ലാവർക്കും കാർഡ് അയയ്ക്കാറുണ്ട്. കഴിഞ്ഞ 13 വർഷമായി സ്വന്തമായുണ്ടാക്കിയ കാർഡുകളാണ് അയയ്ക്കുന്നത്"– അദ്ദേഹം പറഞ്ഞു. കെട്ടുകണക്കിനു കാർഡുകളുമായി പോസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ ആശ്ചര്യപ്പെട്ട ജീവനക്കാരുടെ വിലാസം വാങ്ങി അവർക്കും അയച്ചു കൊടുത്തതും ഓർമയിലുണ്ട്. തന്റെ കയ്യിലുള്ള കാർഡുകൾ അയച്ചു തന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും എന്നാൽ അവരയച്ച കാർഡുകൾ എടുത്തു നോക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണെന്നും ഫാദർ ഹെൻറി പറയുന്നു.

പോസ്റ്റോഫീസിൽ എത്തിയിരുന്ന ചാക്കു കണക്കിനു ക്രിസ്മസ് കാർഡുകൾ അഡ്രസു കണ്ടുപിടിച്ച് ഉടമയ്ക്കെത്തിച്ചു നൽകിയതിന്റെ ഓർമകളാണ് പാമ്പാടി പോസ്റ്റോഫീസിലെ പോസ്റ്റുമാൻ റെജികുമാറിനു പങ്കുവയ്ക്കാനുള്ളത്. "30 വർഷം മുമ്പ് അഞ്ചലോട്ടക്കാരനായിട്ടായിരുന്നു തുടക്കം. അന്ന് സമ്പന്നരായ ആളുകൾ വിദേശ രാജ്യങ്ങളിൽ നിന്നും അയച്ചിരുന്ന കാർഡുകൾ വലിയ അത്ഭുതം ഉണ്ടാക്കുന്നവയായിരുന്നു. നാട്ടിൽ കാണാത്ത തരം ടെക്നോളജികളായിരുന്നു ആ കാർഡുകളിൽ ഉപയോഗിച്ചിരുന്നത്. ചിലതൊക്കെ ആളുകളുടെ കയ്യിലെത്തുമ്പോഴേക്കും നാശമായിട്ടുണ്ടാകും". മ്യൂസിക് കാർഡുകളൊക്കെ ചിലപ്പോൾ സോർട്ട് ചെയ്ത് സീലടിക്കുമ്പോൾ പൊട്ടി കംപ്ലയിന്റാകും. പരാതിയുമായി പോസ്റ്റോഫീസിലെത്തുന്ന ആളുകളെ അനുനയിപ്പിക്കുന്നതും അദ്ദേഹം ഓർത്തെടുക്കുന്നു.

postman
പാമ്പാടി പോസ്റ്റോഫീസിലെ പോസ്റ്റുമാൻ റെജികുമാർ.

"ഇന്നത്തെ പോലെ ഫോണും ഇന്റർനെറ്റും ഒന്നും ഇല്ലാതിരുന്ന കാലത്ത് ആളുകൾക്ക് ആശയവിനിമയം നടത്താൻ കത്തും കാർഡുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. കാര്യങ്ങളെല്ലാം പരിമിതമായ വാചകങ്ങളിൽ എഴുതുകയും വേണം. കൂടുതൽ എഴുതിയാൽ കാശ് കൂട്ടി വാങ്ങിക്കും. വിദേശത്തേക്കെഴുതുന്ന ഒരു കത്തിന് മറുപടി നാട്ടിലെത്തണമെങ്കിൽ 15 ദിവസമെടുക്കും. ആ കാത്തിരിപ്പും കിട്ടിക്കഴിയുമ്പോഴുള്ള സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു ക്രിസ്മസ് കാർഡ് അയയ്ക്കുമ്പോഴും കിട്ടുമ്പോഴുമുണ്ടാകുന്ന ഫീലിങ് പുതിയ തലമുറയിലേക്കു കൂടി പകർന്നു നൽകണമെന്നാണ് റെജി കുമാർ പറയുന്നത്.

English Summary:

Christmas cards memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com