ADVERTISEMENT

ഇന്ററാക്ടീവ് മ്യൂസിക്കൽ എംബ്രോയ്ഡറി ഹൂപ്– കേട്ടിട്ട് എന്തെങ്കിലും പിടികിട്ടിയോ.. മലപ്പുറം അരീക്കോടിനടുത്ത കീഴുപറമ്പ് സ്വദേശിയായ ഷംന കോളക്കോടൻ തന്നെ പറയും– ഒരു കുഞ്ഞു തൂവാലയിൽ പ്രിയപ്പെട്ടവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് സമ്മാനിച്ചാലോ.. എപ്പോഴും പുതുമയുള്ള സമ്മാനങ്ങൾ തേടുന്നവർക്ക് ഈ കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഐഡിയ ഏറെ ഇഷ്ടപ്പെടും. പാട്ടിന്റെ ബാർകോഡ് കണ്ടെത്തി കൃത്യമായി തുന്നിയെടുക്കും. എംബ്രോയ്ഡറി ഹൂപിലെ ബാർ കോഡ് സ്കാൻ ചെയ്ത് പാട്ടു കേൾക്കാം. വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഈ പാട്ടുതുന്നൽ ഷംന പരീക്ഷിച്ചു തുടങ്ങിയത് ലോക്ഡൗൺ കാലത്താണ്. 

വർണനൂലുകളുടെ ലോകത്തേക്ക് 

അസാപ്പിൽ സ്കിൽ ട്രെയിനറായ ഷംന ലോക്ഡൗണിൽ വീട്ടിൽ ലോക്കായ സമയത്താണ് മുൻപ് വാങ്ങിവച്ച നൂലുകൾ ശ്രദ്ധിക്കുന്നത്. സമയം ചെലവാക്കാൻ ഒരു ഹോബി എന്ന നിലയിലാണ് എംബ്രോയ്ഡറി തുടങ്ങിയത്. മുൻപ് പഠിക്കുകയോ ചെയ്തുനോക്കുകയോ ചെയ്തിട്ടില്ലെങ്കിലും യൂട്യൂബിൽ പഠനം തുടങ്ങി. അതോടെ ഹരം കയറി പല നിറങ്ങളിൽ നൂലുകൾ വാങ്ങി ഹൂപ്പിൽ എംബ്രോയ്ഡറി ചെയ്തു തുടങ്ങുകയായിരുന്നു. ഫെയ്സ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തതോടെ ആവശ്യക്കാരായി. പിന്നീട് ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയതോടെ സംഗതി സീരിയസായി.

embroidery-work-1

‘തുന്നിത്തോൽപ്പിക്കാം കൊറോണ’ എന്ന ഹാഷ്ടാഗിൽ ഷംന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വർക്കുകൾ വരുമാനത്തിനൊപ്പം ഏറെ പേരെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ കാരണമായി. പല എംബ്രോയ്ഡറി ആർട്ടിസ്റ്റുകളെയും ഇതുവഴി പരിചയപ്പെട്ടു. പ്രോർട്രേറ്റ് എംബ്രോയ്ഡറികൾക്ക് ആവശ്യക്കാരേറിയതോടെ വരുമാനം വന്നുതുടങ്ങി. ഫാമിലി ഫോട്ടോകൾക്കുള്ള ധാരാളം ഓർഡറുകൾ വന്നു.

സാധാരണ എംബ്രോയ്ഡറി ആർട്ടിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി എന്തുചെയ്യാനാകും എന്ന അന്വേഷണമായി പിന്നീട്.  തുണിയിൽ ചെയ്യുന്നതിനൊപ്പം മരത്തടിയിലും പോസ്റ്റ്കാർഡിലും ഇലയിലും പെന്റഡന്റുകളിലും എന്തിന് ചായ അരിക്കാനെടുക്കുന്ന അരിപ്പകളിൽ വരെ എംബ്രോയ്ഡറി ഒരുക്കുന്നു. ഇതുവരെ ഇരുന്നൂറിലേറെ കസ്റ്റമൈസ്ഡ് വർക്കുകൾ ചെയ്തു കഴിഞ്ഞു. എംബ്രോയ്ഡറി ചെയ്തൊരുക്കിയ മനോഹരമായ പെൻഡന്റുകൾക്കും ആവശ്യക്കാരേറെ ഉണ്ടായിരുന്നു. ദിവസവും പുതുമയ്ക്കായുള്ള അന്വേഷണത്തിനിടെയാണ് മുൻപ് ഇൻസ്റ്റഗ്രാമിൽ കണ്ട ‘മ്യൂസിക്കൽ ഹൂപ് ’ഒന്നു ചെയ്തുനോക്കിയാലോ എന്ന് തോന്നുന്നത്.

embroidery-work-3

ഇന്ററാക്ടീവ് മ്യൂസിക്കൽ എംബ്രോയ്ഡറി ഹൂപ്

റാസ ബീഗത്തിന്റെ ‘ഓമലാളേ’ ആയിരുന്നു ആദ്യ പരീക്ഷണം. അത് അത്ര വിജയമായില്ല. ബാർകോഡ് ആയതുകൊണ്ടുതന്നെ ഒരു ചെറിയ പിഴവ് പോലും പരാജയമാകും. ആറുതവണ ചെയ്ത ശേഷമാണ് ആദ്യപരീക്ഷണം വിജയംകണ്ടത്. പിന്നീട് ആവശ്യക്കാർ വന്നതനുസരിച്ച് മറ്റുപാട്ടുകളും തുന്നി നൽകി ഷംന. ഇൻസ്റ്റഗ്രാമിൽ മുൻപ് അത്ര ആക്ടീവ് അല്ലാതിരുന്ന ഷംനയ്ക്ക് ഇപ്പോൾ തന്റെ വർക്കുകൾക്കുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോം കൂടിയാണ് ഇൻസ്റ്റഗ്രാം.

വർക്‌ഷോപ്, ബിഗിനേഴ്സ് കിറ്റ്

ഷംനയുടെ വർക്കുകൾ കണ്ട പലരും എംബ്രോയ്ഡറി പഠിക്കാൻ ആഗ്രഹിച്ച് ഇൻബോക്സിൽ വിവരങ്ങൾ തിരക്കാറുണ്ട്. ഹോബി ആയി തുടങ്ങാൻ ആഗ്രഹിക്കുന്നവരും മുൻപ് പഠിച്ചുതുടങ്ങിയവരുമൊക്കെ കൂട്ടത്തിൽ കാണും. ഏതു നൂൽ വേണം, ഏതു മറ്റീരിയൽ വേണം എന്നൊക്കെ സംശയങ്ങളുമായി കൂടുതൽ പേരെത്തിയതോടെയാണ് എംബ്രോയ്ഡറി കിറ്റ് എന്ന ആശയം മനസിലെത്തുന്നത്. നൂലും അനുബന്ധ സാധനങ്ങളുമെല്ലാമായി 399 രൂപ മുതൽ ബിഗിനേഴ്സ് എംബ്രോയ്ഡറി കിറ്റ് ലഭ്യമാക്കിത്തുടങ്ങി. ഫെയ്സ്ബുക് വഴിയായിരുന്നു വിതരണം. ആവശ്യക്കാർക്ക് കൊറിയറായി വീടുകളിൽ എത്തിച്ചുകൊടുക്കും. ഇതുവരെ ഏഴ് ബാച്ചുകളിലായി 200ഓളം കിറ്റുകൾ നൽകികഴിഞ്ഞു. ബേസിക്സ് പഠിക്കേണ്ടവർക്കായി ഓൺലൈൻ വർ‌ക്‌ഷോപ്പും നടപ്പാക്കുന്നു.  ഓണത്തിന് അർഹരായവർക്ക് ബിഗിനേഴ്സ് കിറ്റുകൾ സമ്മാനിച്ചിരുന്നു ഷംന. 

embroidery-work-4

വെല്ലുവിളികൾ, വിജയം

ലോക്ഡൗണിൽ ഹോബി ആയി തുടങ്ങിയതാണെങ്കിലും ഷംനയ്ക്കിപ്പോൾ ഇതൊരു മികച്ച വരുമാന മാർഗം കൂടിയാണ്. 14 ഇ‍ഞ്ച് ഫ്രെയിമിൽ ചെയ്ത ഒരു കുടുംബചിത്രമാണ് ഏറ്റവും ദൈർഘ്യമേറിയ വർക്ക്. മുൻപ് മരത്തിൽ ചെയ്ത വർക്കായിരുന്നു ഏറ്റവും വെല്ലുവിളി ഉയർത്തിയത്. തുളകൾ ഡ്രിൽ ചെയ്ത ശേഷം എംബ്രോയ്ഡറി ചെയ്യാനായി ശ്രമം. എന്നാൽ ആദ്യം ഡ്രിൽ ചെയ്തതെല്ലാം അബദ്ധമായി. എന്നിട്ടും തോറ്റുപിന്മാറാതെ സമയമെടുത്ത് ശ്രമം തുടർന്നു വിജയിച്ചു ഷംന. അങ്ങനെയങ്ങനെ തുന്നൽ പരീക്ഷണ ങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. പരിശ്രമങ്ങൾക്കെല്ലാം കൂട്ടായി ഉപ്പയും ഉമ്മയും സഹോദരങ്ങളും ചേരുന്ന കുടുംബവും ഷംനയ്ക്കൊപ്പമുണ്ട്. എംഎസ്‌ഡബ്ല്യു ബിരുദ ധാരിയും ഇപ്പോൾ എംഎ സൈക്കോളജി വിദ്യാർഥിനിയും കൂടിയാണ് ഷംന കോളക്കോടൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com