ADVERTISEMENT

ലോക സുന്ദരികളുടെ സ്വപ്നമായ, ഇന്ദ്രനീലക്കല്ലുപതിച്ച കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് വേദിയാകാനൊരുങ്ങി ഇന്ത്യ. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന 71–ാമത് ലോക സൗന്ദര്യമത്സരത്തിന് ന്യൂഡൽഹിയിലും മുംബൈയിലും അരങ്ങൊരങ്ങും. മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലെയുടെ വാക്കുകൾ പങ്കുെവച്ചുകൊണ്ട് മിസ് വേൾഡ് ഒൗദ്യോഗിക പേജാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. 

'ആവേശം നിറഞ്ഞുനിൽക്കുന്ന ഈ അന്തരീക്ഷത്തിൽ അഭിമാനത്തോടെ ​ഞങ്ങൾ പ്രഖ്യാപിക്കുകയാണ് ഇത്തവണ മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷങ്ങൾ ഇ‌താ നിങ്ങളെ കാത്തിരിക്കുന്നു. ഗംഭീരമായ യാത്രക്കായി തയ്യാറെടുത്തോളൂ.' ജൂലിയ പറഞ്ഞു. 28 വർഷങ്ങൾക്ക് ശേഷമാണ് മിസ് േവൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. 

വേൾഡ് ടോപ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചാലഞ്ച് തുടങ്ങിയ മത്സരങ്ങൾ ന്യൂഡൽഹിയിലും മുംബൈയിലുമായി അരങ്ങേറും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പർപസ് ചാലഞ്ച് ഫെബ്രുവരി 21ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലായിരിക്കും നടക്കുക. 

ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. മുംബൈ ജിയോ വേൾഡ് കൺവെന‍‍ഷൻ സെന്ററിലായിരിക്കും മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. മാർച്ച് ഒൻപതിന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം 10.30യോടെ അവസാനിക്കും. കഴിഞ്ഞ തവണ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ പോളണ്ട് സ്വദേശിനി കരോലിന വിജയിയെ കിരീടമണിയിക്കും. 

1996 ബെംഗളുരുവിലാണ് ഏറ്റവും ഒടുവിൽ ഇന്ത്യയിൽ ലോക സൗന്ദര്യ മത്സരം നടന്നത്. 88 മത്സരാർഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്ന് മത്സരത്തിൽ പങ്കെടുത്തത്. ഗ്രീസിൽ നിന്നുള്ള െഎറിൻ സ്ക്ലിവയായിരുന്നു അന്ന് സൗന്ദര്യ കിരീടം ചൂടിയത്. 

120 രാജ്യങ്ങളിൽ നിന്ന് മത്സരാർഥികൾ പങ്കെടുക്കുന്ന സൗന്ദര്യ മത്സരത്തിൽ ഇത്തവണ ഇന്ത്യയെ പ്രതിനീധീകരിക്കുന്നത് കർണാടക സ്വദേശിനിയായ സിനി ഷെട്ടിയാണ്. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സിനി ഷെട്ടി സമൂഹ മാധ്യമങ്ങളിലെ മിന്നും താരമാണ്. ഫിനാൻസ് അക്കൗണ്ടിങ്ങിൽ ബിരുദമെടുത്തിട്ടുള്ള സിനി ഭരതനാട്യം നർത്തകി കൂടിയാണ്. മുൻ മിസ് ഇന്ത്യ കർണാടക വിജയിയായിരുന്നു.  

1966–ൽ റെയ്ത ഫാരിയ ആണ് ആദ്യമായി ലോക സൗന്ദര്യ കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യയിലേക്ക് കിരീടമെത്തുന്നത്, 1994–ൽ െഎശ്വര്യ റായിയിലൂടെ. ഇന്ത്യൻ യുവത്വം മിസ് വേൾഡ് മത്സരങ്ങളെ ഗൗരവത്തോടെ വീക്ഷിച്ചുതുടങ്ങിയത് അതിനുശേഷമായിരുന്നു. പിന്നീട് 1997ൽ ഡയാന ഹെയ്ഡനും, 99–ൽ യുക്താമുഖിയും, 2000ത്തിൽ പ്രിയങ്ക ചോപ്രയും കിരീടം സ്വന്തമാക്കി. പിന്നീട് 17 വർഷങ്ങൾക്ക് ശേഷം മാനുഷി ഛില്ലറിലൂടെയാണ് ഇന്ത്യ കിരീടം ചൂടിയത്. 

1951–ൽ ടെലിവിഷൻ ഹോസ്റ്റായ എറിക് മോർലിയാണ് മിസ് വേൾഡ് മത്സരം ആരംഭിക്കുന്നത്. തുടക്കത്തിൽ ബിക്കിനി മത്സരമായിരുന്നു. മത്സരത്തിനെതിരേ നിരവധി വിമർശനങ്ങൾ തുടക്ക കാലത്ത് ഫെമിനിസ്റ്റ് ഗ്രൂപ്പുകളിൽ നിന്ന് ഉയർന്നിരുന്നു. 1950 മുതൽ മത്സരം ബിബിസി സംപ്രേഷണം ചെയ്തതോടെ മിസ് വേൾഡ് മത്സരം പോപ്പുലറായി. 1960–70 കാലഘട്ടത്തിൽ ബ്രിട്ടീഷ് ടെലിവിഷനിൽ ഏറ്റവുമധികം ആളുകൾ കാണുന്ന പരിപാടിയായിരുന്നു മിസ് വേൾഡ് മത്സരം.

വിമർശനങ്ങളെ നല്ലരീതിയിൽ സ്വീകരിച്ച സംഘാടകർ വെറും സൗന്ദര്യമത്സരമെന്നതിലുപരി മിടുക്കികളായ പെൺകുട്ടികളുടെ ബുദ്ധിസാമർഥ്യവും വ്യക്തിത്വവും  മാറ്റുരയ്ക്കുന്ന മത്സരമെന്ന രീതിയിലേക്ക് മിസ് വേൾഡിനെ വളർത്തി. 1980ലാണ് ബ്യൂട്ടി വിത് പർപസ് എന്ന മോട്ടോ മിസ് വേൾഡ് സ്വീകരിക്കുന്നത്. 

കോടികൾ വരുന്ന പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ലോകമെങ്ങും നടക്കുന്ന പല ചടങ്ങുകളിലും പ്രത്യേക ക്ഷണം ലഭിക്കും. യാത്രകൾക്കായി വിമാന ടിക്കറ്റ്, താമസം, മനോഹരമായ ഡിസൈനർ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പ്രമുഖ സ്റ്റൈലിസ്റ്റുമാരുടെ സേവനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ മിസ് വേൾഡായി ഇരിക്കുന്ന കാലയളവിൽ ഇവർക്ക് ലഭിക്കും. 

English Summary:

India to host Miss World 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com