ADVERTISEMENT

ലോകത്ത് മറ്റ് ഇടങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് വിവാഹം വലിയ ആഘോഷമാണ്. പണം ഉള്ളവരെന്നോ  ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ കഴിവിന്റെ പരമാവധി പണം മുടക്കി വിവാഹ സൽക്കാരങ്ങൾ ഒരുക്കുന്നത് പുതുമയുമല്ല. ഇങ്ങനെ വിവാഹങ്ങൾക്കു വേണ്ടി ചെലവാക്കുന്ന തുക കൊണ്ടുമാത്രം എടുത്താൽ പൊങ്ങാത്ത കടക്കെണിയിൽ ചെന്നുപെട്ട് ശേഷിച്ച ജീവിതം നരകമാക്കുന്നവരും കുറവല്ല. എന്നാൽ വധുവിന്റെയോ വരന്റെയോ വീട്ടുകാർക്ക് ബാധ്യത വരുത്താതെ തന്നെ വിവാഹം ആഘോഷമാക്കാൻ സാധിച്ചാലോ? അത്തരം ഒരു വിവാഹ ആചാരമാണ് മധ്യപ്രദേശിലെ ഭിൽ ഗോത്രക്കാർക്കിടയിലുള്ളത്. ഇവിടെ വിവാഹത്തിന്റെ മുഴുവൻ ചെലവും വഹിക്കുന്നത് ആ സമൂഹം ഒരുമിച്ചാണ്. 

ഝാബുവ, മൻഡ്‌സോർ, രത്‌ലം, അലിരാജ്പൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ വിവാഹ രീതി പ്രധാനമായും നിലനിൽക്കുന്നത്. ഇവിടെ ജീവിക്കുന്ന ഭിൽ ഗോത്രക്കാർ വിവാഹത്തിന്റെ ഭാഗമായി ‘നൊത്ര’ എന്നൊരു ചടങ്ങ് സംഘടിപ്പിക്കും. ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾ വിവാഹ ചെലവിനായി കാര്യമായ സംഭാവനകൾ നൽകും. ഇങ്ങനെ പിരിച്ചു കിട്ടുന്ന പണം കൊണ്ടാണ് വിവാഹം ആഘോഷമാക്കുന്നത്. ഇത്തരത്തിൽ പണം ലഭിക്കുന്ന കുടുംബമാകട്ടെ ഗോത്രവർഗ്ഗത്തിലെ മറ്റു കുടുംബങ്ങൾക്ക് വിവാഹ സമയത്ത് സമാനമായ രീതിയിൽ പണം നൽകി തിരികെ സഹായിക്കും. 

ഇങ്ങനെ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുന്നത് ഗോത്ര വർഗ്ഗത്തിലെ അംഗങ്ങൾക്കിടയിലെ ഒത്തൊരുമയും സാഹോദര്യവും ദൃഢമാക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ‘നൊത്ര’ ചടങ്ങിൽ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ചടങ്ങ് സംഘടിപ്പിക്കുന്ന കുടുംബത്തിന് തന്നെയാണ്. ചിലർ ബന്ധുക്കളെ മാത്രം ചടങ്ങിന് ക്ഷണിക്കുമ്പോൾ മറ്റു ചിലർ ഗ്രാമവാസികളെ ഒന്നാകെ അതിന്റെ ഭാഗമാക്കാറുണ്ട്. നൊത്രയിലേയ്ക്കുള്ള ക്ഷണം നടത്തുന്ന വ്യക്തിയെ ‘ടെഡ’ എന്നാണ് വിളിക്കുന്നത്. വിവാഹ ചടങ്ങ് ‘സജ്ഹ’ എന്നും അറിയപ്പെടുന്നു.

തടി ഉരുപ്പടികൾ ഉപയോഗിച്ച് കൈകൾ കൊണ്ട് നിർമിക്കുന്ന ഒരു പ്രത്യേക കൂടാരത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ‘ഡാഗ്ല’ എന്നാണ് കൂടാരത്തിന്റെ പേര്. ഗോത്രവർഗ്ഗത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇവിടേക്ക് എത്തിയാണ് വിവാഹ സൽക്കാരത്തിന് വേണ്ട ഭക്ഷണം ഒരുക്കുന്നത്. ക്ഷണിക്കപ്പെട്ട ഓരോ കുടുംബവും അവരവരുടെ വീടുകളിൽ നിന്നും പാത്രങ്ങളും ഭക്ഷണസാമഗ്രികളും എത്തിച്ചാണ് വിരുന്നൊരുക്കുന്നത്. 

എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ ഇവരുടെ വിവാഹ ചടങ്ങിലും കാണാം. തടി കൂടാരത്തിനു പകരം ആധുനിക രീതിയിലുള്ള കൂടാരങ്ങൾ പലയിടങ്ങളിലും വിവാഹത്തിനായി നിർമിക്കപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ അതിഥികൾക്ക്  ഇരിക്കാനായി ഉണങ്ങിയ പുല്ലുകൾ മാത്രമാണ് വിരിച്ചിരുന്നതെങ്കിൽ ഇപ്പോൾ കസേരകളും മേശകളും ഉപയോഗിക്കുന്നു. ചുരുക്കം ചില ഇടങ്ങളിൽ കൂട്ടു ചേർന്നുള്ള പാകം ചെയ്യൽ ഒഴിവാക്കി കാറ്ററിംഗ് സർവീസുകളെ ആശ്രയിക്കുന്നുമുണ്ട്. ഇതിന്റെ ഫലമായി വിവാഹ ചെലവുകളും വർദ്ധിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിവാഹത്തിന്റെ ചെലവ് എത്രത്തോളം വരുമെന്നത് വിവാഹം നടത്തുന്ന കുടുംബത്തിന്റെ അവസ്ഥ അനുസരിച്ച് തന്നെയായിരിക്കും. ചില വിവാഹ ചടങ്ങുകൾക്ക് 50,000 രൂപ മാത്രമേ ചെലവാകു. എന്നാൽ അതേ സമൂഹത്തിലെ മറ്റു ചില വിവാഹങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ സംഭാവനയായി പിരിച്ചെടുക്കാറുണ്ട്.

English Summary:

A Tribal Tradition Where The Entire Community Shares Wedding Expenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com