ADVERTISEMENT

103-ാം വയസ്സിൽ 49കാരിയെ വിവാഹം ചെയ്ത് സ്വാതന്ത്ര്യ സമര സേനാനിയായ ഹബീബ് നാസർ. ഫിറോസ് ജഹാനെയാണ് ഭോപ്പാൽ സ്വദേശിയായ ഹബീബ് വിവാഹം ചെയ്തത്. കഴിഞ്ഞവർഷമാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഏതാനും ആഴ്ചകൾക്കു മുൻപ് ഇവരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. വിവാഹത്തിനുശേഷം ഇരുവരും വീട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത്.

ഹബീബിന്റെ മൂന്നാമത്തെ വിവാഹമാണിത്. രണ്ടാം ഭാര്യയുടെ മരണശേഷം ജീവിതത്തിൽ വളരെയധികം ഒറ്റപ്പെടൽ തോന്നിയതോടെയാണ് പുതിയൊരു ജീവിതപങ്കാളിയെ കണ്ടെത്താൻ തീരുമാനിച്ചതെന്ന് ഹബീബ് പറയുന്നു. ഫിറോസ് ജഹാന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭർത്താവിന്റെ മരണശേഷം ഫിറോസും തികച്ചും ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. കൂടാതെ, പ്രായാധിക്യമുള്ള ഹബീബിനെ പരിചരിക്കാൻ ആരുമില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് ഫിറോസിനെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഒന്നിനും ഒരു കുറവും ഇല്ലെന്നും കുറവ് മനുഷ്യന്റെ ഹൃദയത്തിൽ മാത്രമാണ് തോന്നുന്നതെന്നും വിവാഹശേഷം ഒരുമിച്ചുള്ള വിഡിയോയിൽ ഹബീബ് പറയുന്നു. ചുറ്റും കൂടിയവർ അപൂർവ ദമ്പതികളെ അഭിനന്ദിക്കുന്നുമുണ്ട്. നാസിക് സ്വദേശിനിയായിരുന്നു ഹബീബിന്റെ ആദ്യ ഭാര്യ. അവരുടെ മരണശേഷം ലക്നൗ സ്വദേശിനിയെ വിവാഹം ചെയ്തു. രണ്ടാം ഭാര്യയും പിന്നീട് മരണപ്പെടുകയായിരുന്നു. 

ഹബീബിന്റെ ജീവിതത്തെക്കുറിച്ച് കേട്ടതോടെ ഈ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് കൂട്ടും പിന്തുണയും അത്യാവശ്യമാണെന്ന് ഫിറോസ് മനസ്സിലാക്കി. വിവാഹത്തെക്കുറിച്ച് അറിഞ്ഞ പലരും താൻ ആരുടെയെങ്കിലും നിർബന്ധം മൂലമാണോ ഈ ജീവിതത്തിന് സമ്മതം മൂളിയതെന്ന് സംശയിക്കുന്നുണ്ടെന്ന് ഫിറോസ് പറയുന്നു. എന്നാൽ, സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി സ്വയം എടുത്ത തീരുമാനമായിരുന്നു ഇതെന്ന് ഉറപ്പിച്ചു പറയുകയാണ് അവർ. 103 വയസ്സ് ഉണ്ടെങ്കിലും ഹബീബ് ആരോഗ്യവാനാണ്. ഇനിയും ഏറെക്കാലം തങ്ങൾക്ക് ഒരുമിച്ച് കഴിയാനാകുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

English Summary:

At 103, Freedom Fighter Habib Nasser Finds Love Again in a Remarkable Third Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com