ADVERTISEMENT

ചൈനയുടെ പ്രധാന ആയുധ വിപണിയാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന മിക്ക പോർവിമാനങ്ങളും ചൈനീസ് നിർമിതമാണ്. എന്നാൽ, ഈ പോർവിമാനങ്ങളിൽ മിക്കതും സമയത്തിനു ടെക്നോളജിയും ആയുധങ്ങളും പരിഷ്കരിക്കാൻ കഴിയാതെ പാക്കിസ്ഥാൻ ബുദ്ധിമുട്ടുകയാണ്. കടത്തിൽ മുങ്ങിയ പാക്കിസ്ഥാനു ചൈനീസ് പോർവിമാനങ്ങളുടെ പ്രവർത്തന, പരിപാലനച്ചെലവുകൾ താങ്ങാനാകുന്നില്ല. ഇതിനാൽ തന്നെ മിക്ക പോർവിമാനങ്ങളും യുദ്ധത്തിനിറങ്ങാൻ സജ്ജമല്ലെന്നും റിപ്പോർട്ടുകളുണ്ട്.

എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാൻ ശേഷിയുള്ള ചൈനീസ് നിർമിത ജെഫ്–17 തണ്ടർ പാക്കിസ്ഥാൻ വ്യോമസേനയുടെ പ്രധാന ശക്തിയാണ്. എന്നാൽ, ഇതിൽ ഉപയോഗിക്കുന്നത് പഴയ ടെക്നോളജിയും ആയുധ സംവിധാനങ്ങളുമാണ്. എന്നാൽ, ടെക്നോളജി പരിഷ്കരിക്കാനും അറ്റകുറ്റപണികൾക്കും വരുന്ന അധികചെലവുകൾ വഹിക്കാൻ പാക്കിസ്ഥാനു സാധിക്കുന്നുമില്ലെന്നാണ് റിപ്പോർട്ട്. ജെഎഫ് -17 ന്റെ ഉയർന്ന പരിപാലനച്ചെലവും പാക് വ്യോമസേനയ്ക്ക് തലവേദനയായിട്ടുണ്ട്. ഇന്ത്യയുടെ റഫാൽ പോലുള്ള അത്യാധുനിക പോർവിമാനങ്ങളുമായി ഏറ്റുമുട്ടാൻ ശേഷിയുള്ളത് പാക്കിസ്ഥാന്റെ കൈവശമില്ല. എന്നാൽ, പുതിയ പോർവിമാനങ്ങളും ആയുധ സംവിധാനങ്ങളും എത്തിച്ചുകൊടുക്കുന്നതിൽ ചൈനയ്ക്കും വലിയ താൽപര്യമില്ല.

ജെഎഫ് -17 തണ്ടർ പോർവിമാനം സംയുക്തമായി വികസിപ്പിക്കാനും നിർമിക്കാനും 1999 ലാണ് പാക്കിസ്ഥാനും ചൈനയും കരാർ ഒപ്പിട്ടത്. പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ചെലവ് പങ്കിടാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനു പോലും പാക്കിസ്ഥാന്റെ കൈവശം പണമില്ലെന്നതാണ് വസ്തുത.

ജെ-17 പോർവിമാനം ഇന്ത്യയുടെ സു -30 എംകെഐ, മിഗ് -29, മിറാഷ് -2000 എന്നിവയ്ക്ക് തുല്യമാകുമെന്നാണ് പാക്കിസ്ഥാൻ വിശ്വസിച്ചിരുന്നത്. എന്നാൽ, രണ്ട് വർഷം മുൻപ് അതിർത്തിയിൽ നടന്ന ഡോഗ്ഫൈറ്റിൽ ജെഎഫ്–17 ഇന്ത്യൻ പോർവിമാനങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ടിരുന്നു. മിക്ക ദൗത്യങ്ങളിലും ജെഫ്–17 പരാജയമാണെന്നാണ് പാക് വ്യോമ സേന തന്നെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അതേസമയം, പാക്കിസ്ഥാൻ വ്യോമസേനയുടെ കൈവശമുളള പോര്‍വിമാനങ്ങളിൽ 40 ശതമാനവും ഉപയോഗിക്കാനാവാതെ കട്ടപ്പുറത്ത് കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാനമായും ചൈനീസ് പോര്‍വിമാനങ്ങൾ ഉപയോഗിക്കുന്ന പാക് വ്യോമസേന വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനം റഫാലുകള്‍ ഇന്ത്യയിൽ വിന്യസിച്ചതോടെ പാക്കിസ്ഥാൻ വെപ്രാളത്തിലുമാണ്. പാക്കിസ്ഥാന്റെ രണ്ട് വ്യോമസേനാ താവളങ്ങളിലെ ജെഎഫ് -17 ഫൈറ്ററുകളിൽ 40 ശതമാനവും വിവിധ കാരണങ്ങളാൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോർവിമാനങ്ങളുടെ ഘടനാപരമായ പ്രശ്നങ്ങളായതിനാൽ പെട്ടെന്ന് പരിഹരിക്കാനും കഴിയുന്നില്ല.

ജെഎഫ് -17 ന്റെ മുകൾഭാഗത്തെ ഇലക്ട്രിക്കൽ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ല. ഇരട്ട സീറ്റുള്ള ജെഎഫ് -17 ബിയിലും ഇതേ പ്രശ്നം കാണിക്കുന്നുണ്ട്. പറക്കുന്നതിനിടെ എന്തെങ്കിലും സംഭവിച്ചാൽ പൈലറ്റിന് രക്ഷപ്പെടാൻ അടിയന്തഘട്ടങ്ങളിൽ ഈ മേൽക്കൂര തനിയെ തുറക്കേണ്ടതുണ്ട്. അടിയന്തഘട്ടങ്ങളിൽ ഇത് തുറക്കാതെ വന്നാൽ പൈലറ്റിന് ജീവൻ വരെ നഷ്ടമാകും. ചില പോർവിമാനങ്ങളുടെ ഫ്യൂസ്‌ലേജിലും പ്രശ്നങ്ങളുണ്ട്.

ഇതിനിടെ ചൈനീസ് നിർമിത പാക് യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും തുടരുകയാണ്. കഴിഞ്ഞ 18 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ പതിനഞ്ചിൽ കൂടുതൽ എഫ്–7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. കേവലം പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.

ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രി കോർപ് ആണ് എഫ്–7പിജി പോർവിമാനങ്ങൾ നിർമിക്കുന്നത്. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് ഈ കമ്പനി. ജെ–7 പോർവിമാനങ്ങൾ നിർമിക്കുന്നതും ഇതേ കമ്പനിയാണ്. സോവിയറ്റ് യൂണിയന്റെ മിഗ്–21 പോർവിമാനത്തിന്റെ തനി പകർപ്പാണ് ജെ–7.

എഫ്–7പിജിക്കു പുറമെ മറ്റു ചില പോർവിമാനങ്ങളും ചൈന പാക്കിസ്ഥാനു നൽകുന്നുണ്ട്. എന്നാൽ ഈ പോർവിമാനങ്ങൾ വേണ്ട സമയത്ത് പരിഷ്കരിച്ച് പുറത്തിറക്കാൻ പാക്കിസ്ഥാനിൽ സംവിധാനമില്ല. പാക് പത്രങ്ങളിലെ റിപ്പോർട്ട് പ്രകാരം 2002ലാണ് ചൈനയിൽ നിന്ന് പാക്കിസ്ഥാൻ എഫ്–7പിജി പോർവിമാനങ്ങൾ വാങ്ങുന്നത്.

അടുത്തിടെയും പെഷവാറിലെ വ്യോമതാവളത്തില്‍ എഫ്–7പിജി പോർവിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചിരുന്നു. നിലവിൽ പാക്കിസ്ഥാന്റെ കൈവശം അമ്പതോളം എഫ്–7പിജി പോർവിമാനങ്ങളുണ്ട്. ഇതിൽ മിക്കതും ടേക്ക് ഓഫിന് പോലും ശേഷിയില്ലാത്തതാണ്. പുതിയ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ശേഷിയും ഈ പോർവിമാനങ്ങൾക്കില്ല.

ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക സഹായം നിർത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയിൽ നിന്നാണ്. 2010 ൽ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാൻ അമേരിക്കയിൽ നിന്നു വാങ്ങിയിരുന്നത്. എന്നാൽ 2017 ൽ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു.

പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ്–7 യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും പതിവ് വാർത്തയാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീഴുന്നത്. എഫ്–6 ഉപേക്ഷിച്ചാണ് എഫ്–7 രംഗത്തിറക്കിയത്. കഴിഞ്ഞ 14 വർഷത്തിനിടെ ചൈനീസ് നിർമിത, ഏഴോ എട്ടോ എഫ്–7പിഎസ്, എഫ്ടി–7പിജി യുദ്ധ വിമാനങ്ങൾ തകർന്നു വീണു പാക്കിസ്ഥാനു നഷ്ടമായിട്ടുണ്ട്. സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയിൽ നിന്ന് ഈ വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. നമീബിയ. നൈജീരിയ, സുഡാൻ, താൻസാനിയ, സിംബാബ്‌വെ, അൽബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എഫ്–7 വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്.

English Summary: China-Pakistan's all-weather multi-role fighter JF-17 turns out to be failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT