ADVERTISEMENT

ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തിനും മറ്റു രാജ്യങ്ങൾക്കുമേൽ പുലർത്താൻ നോക്കുന്ന അധീശത്വത്തിനും തടയിടാൻ ത്രികക്ഷി സുരക്ഷാസംവിധാനമൊരുക്കാൻ യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ അണിചേരുന്നത് കഴിഞ്ഞ ദിവസത്തെ പ്രധാന വാ‍ർത്തായാണ്.ഓക്കസ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിരോധമുന്നണിക്കു യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൻ എന്നിവർ ചേർന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു രൂപമേകിയത്.ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയ്ക്ക് നീറ്റിലിറക്കാനായി ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിവ്യൂഹം പണിയാനും യുഎസും ബ്രിട്ടനും സഹായിക്കും.  

 

∙ ഓസ്ട്രേലിയയെന്ന തുറുപ്പുചീട്ട്

 

കഴിഞ്ഞ കുറച്ചുനാളായി കലുഷിതമായ രാജ്യാന്തര ബലാബല മത്സരം നടക്കുന്ന മേഖലയാണ് പസിഫിക് മേഖല. ഓസ്ട്രേലിയയും ചൈനയും സജീവ വ്യാപാര പങ്കാളികളുമായിരുന്നു. ഓസ്ട്രേലയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യമാണ് ചൈന. എന്നാൽ ഷി ചിൻപിങ് യുഗത്തിനു ശേഷമുള്ള, ചൈനയുടെ തെക്കൻ ചൈനാക്കടലിലെ കടന്നുകയറ്റം ഓസ്ട്രേലിയയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല.ഇതോടൊപ്പം തന്നെ ഓസ്ട്രേലിയൻ ടെലികോം ഡിപ്പാർട്മെന്റ്, 5ജി വിതരണക്കാരുടെ പട്ടികയിൽ നിന്നു ചൈനീസ് കമ്പനിയായ വാവെയെ ഒഴിവാക്കിയതും, കോവിഡിന്റെ ഉദ്ഭവം സംബന്ധിച്ചുള്ള ഗവേഷണത്തെ ഓസ്ട്രേലിയ പ്രോത്സാഹിപ്പിക്കുന്നതും ചൈനയെയും ചൊടിപ്പിച്ചിട്ടുണ്ട്.

ഓസ്ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി പണിയുന്നതാണ് ഓക്കസ് പദ്ധതിയിലെ ആദ്യഘട്ടം. ഇത് അഡലെയ്ഡിലായിരിക്കും ഉണ്ടാക്കുക. ഇതു യാഥാർഥ്യമാകുന്നതോടെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുള്ള ഏഴാമത്തെ രാജ്യമായി ഓസ്ട്രേലിയ മാറും. എന്നാൽ ഇതിനർഥം ഓസ്ട്രേലിയ ആണവായുധങ്ങളുടെ പിന്നാലെ പോകുമെന്നല്ലെന്നും പ്രധാനമന്ത്രി സ്കോട് മോറിസൺ വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയുടെ പേരെടുത്തു പറയാൻ 3 രാജ്യങ്ങളിലെയും നേതാക്കൾ തയാറായിട്ടില്ല. എന്നാ‍ൽ തെക്കൻ ചൈനാക്കടലിൽ ചൈന പുലർത്തുന്ന അധീശത്വവും തായ്‌വാന്റെ സ്വാതന്ത്ര്യത്തിലുള്ള അസഹിഷ്ണുത കൂടുന്നതുമാണ് ഇങ്ങനൊരു നീക്കത്തിനു വഴിയൊരുക്കിയിരിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു. ഏതു നിമിഷവും തയ്‌വാനെ ചൈന ആക്രമിച്ചേക്കാമെന്ന ആശങ്ക ലോകശക്തികൾക്കുണ്ട്.

∙ ഫ്രാൻസിന് രോഷം

എന്നാൽ ഇക്കാര്യത്തിൽ യുഎസിന്റെയും ബ്രിട്ടന്റെയും ഉറ്റ സഖ്യകക്ഷിയായ ഫ്രാൻസിന് അതൃപ്തിയുണ്ട്. ഫ്രാൻസിന്റെ കീഴിലുള്ള നേവൽ ഗ്രൂപ് എന്ന നാവികായുധ കമ്പനിയുമായി 90 ബില്യൺ കരാറിൽ ആണവ അന്തർവാഹിനികൾക്ക് ഓസ്ട്രേലിയ ഓർഡർ നൽകിയിരുന്നതാണ്. ഇപ്പോൾ യുഎസും ബ്രിട്ടനും കൂടി വന്നതോടെ ഈ കരാർ ഫ്രാൻസിനു നഷ്ടമായി. പുറകിൽ നിന്നുള്ള കുത്തെന്നാണു ചില ഫ്രഞ്ച് ഉദ്യോഗസ്ഥർ കരാറിനെ വിശേഷിപ്പിച്ചത്.

 

∙ തെക്കൻ ചൈനാക്കടലിൽ വടംവലി

 

അടുത്തിടെ ബ്രിട്ടനും ചൈനയുയർത്തുന്ന ഈ ഭീഷണികളിൽ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. ജൂലൈയിൽ ബ്രിട്ടന്റെ പുതിയ വിമാനവാഹിനിക്കപ്പൽ ക്വീൻ എലിസബത്ത് തെക്കൻ ചൈനാക്കടലിൽ എത്തിയത്  ചൈനയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.ആണവ അന്തർവാഹിനികളെ മുന്നോട്ടു നയിക്കുന്ന ന്യൂക്ലിയർ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ ഇതുവരെ ബ്രിട്ടനല്ലാതെ മറ്റൊരു രാജ്യത്തിനും യുഎസ് നൽകിയിട്ടില്ല. എന്നാൽ ഇതോടെ ഓസ്ട്രേലിയും ഇതിൽ പങ്കാളിയാകും. നിലവിൽ കോളിൻ ക്ലാസ് എന്നറിയപ്പെടുന്ന അന്തർവാഹിനികളാണ് ഓസ്ട്രേലിയൻ നേവിക്കുള്ളത്. ഡീസൽ ഊർജത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒരുപാടുകാലം കടലിൽ കിടക്കാൻ കഴിയില്ല.എന്നാൽ ആണവ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ വരുന്നതോടെ ഇക്കാര്യത്തിൽ മാറ്റമാകും. പിന്നീട് 5 മാസത്തോളം പസിഫിക് മേഖലയിൽ കിടക്കാനും വളരെ നിശ്ശബ്ദമായി പ്രവർത്തിക്കാനും ഓസ്ട്രേലിയൻ നേവിക്ക് അവസരമൊരുങ്ങും.

 

എന്നാൽ ഓസ്ട്രേലിയയുടെ പുതിയ കൂട്ടുകെട്ടും ആണവ പദ്ധതിയും അയൽ ദ്വീപരാജ്യമായ ന്യൂസീലൻഡിന് അത്ര പിടിച്ചിട്ടില്ല. ആണവോർജം ഉപയോഗിക്കുന്ന അന്തർവാഹിനികൾ ന്യൂസീലൻഡിന്റെ അധീനതയിലുള്ള സമുദ്രത്തിൽ ഇറക്കാൻ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി ജസീൻഡ ആൽഡേൺ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ചൈന ശക്തമായ പ്രതിഷേധം അറിയിച്ചു. മേഖലയിലെ സമാധാനം തകർക്കുന്നതും ആയുധകിടമൽസരം കൂട്ടുന്നതുമായ കാര്യമാണ് ഇതെന്നാണു ചൈനയുടെ അഭിപ്രായം.

 

English Summary: America's New Anti-China Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com