ADVERTISEMENT

ചൈനയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിലെ പെണ്‍ സാന്നിധ്യമാണ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ചാവിഷയം. ചൈനയുടെ ചാങ്ഇ 5 ചാന്ദ്ര ദൗത്യത്തിന്റെ സ്‌പേസ് കമാന്‍ഡറായ 24കാരി സൗ ചെങ്‌യു ആണ് പൊടുന്നനെ മാധ്യമശ്രദ്ധയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ചൈന നടത്തുന്ന മൂന്നാമത്തെ വിജയകരമായ ചന്ദ്രനിലിറങ്ങിയ ദൗത്യമാണ് ചാങ്ഇ-5. അതോടൊപ്പം തന്നെ പേടകം തിരിച്ച് വിജയകരമായി തന്നെ ഭൂമിയിലും ലാൻഡ് ചെയ്തിരിക്കുന്നു. 

 

ചൈനീസ് ചാന്ദ്ര ദൗത്യത്തില്‍ റോക്കറ്റ് കണക്ടര്‍ സംവിധാനത്തിന്റെ ചുമതലയായിരുന്നു സൗ ചെങ്‌യുവിനുണ്ടായിരുന്നത്. രാജ്യത്തിന്റെ അഭിമാന ദൗത്യം വിജയിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന പേരിലാണ് ഈ യുവ ശാസ്ത്രജ്ഞ ചൈനയില്‍ താരമായി മാറിയത്. ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയില്‍ ചൈനീസ് ചാന്ദ്ര ദൗത്യം വിജയിച്ച നവംബര്‍ 23 മുതല്‍ സൗ തരംഗമാണ്. ചെറുപ്രായത്തില്‍ സൗ ചൈനയുടെ അഭിമാന ദൗത്യം വിജയിപ്പിക്കുന്നതില്‍ വഹിച്ച പങ്കാണ് പലരും ആവര്‍ത്തിക്കുന്നത്. 

 

ചൈനയിലെ ഗുയിസൗ പ്രവിശ്യയില്‍ നിന്നുള്ള സൗ പ്രശസ്തിയില്‍ നിന്നും മാറി നടക്കാനാണ് ശ്രമിക്കുന്നത്. തങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഭിമുഖം നല്‍കാന്‍ സൗ ചെങ്‌യു തയ്യാറായില്ലെന്നാണ് പല ചൈനീസ് മാധ്യമങ്ങളും പറയുന്നത്. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരിട്ട ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്കെത്തിക്കുക എന്നതായിരുന്നു. ഇതുവഴി ചന്ദ്രനെക്കുറിച്ചുള്ള നിര്‍ണായകമായ പല വിവരങ്ങളും  ലഭിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. 

 

ദൗത്യം വിജയിച്ചതോടെ 40 വര്‍ഷത്തിനിടെ ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ഭൂമിയിലെത്തിക്കുന്ന ആദ്യ രാജ്യമായി ചൈന മാറി. ചരിത്രത്തില്‍ ഇതുവരെ അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യത്തില്‍ വിജയിച്ചിട്ടുള്ളത്. ബഹിരാകാശ വന്‍ശക്തിയാവാനുള്ള ചൈനീസ് ശ്രമങ്ങളുടെ പ്രധാന പടിയായാണ് ഈ ചാന്ദ്ര ദൗത്യത്തെ വിലയിരുത്തുന്നത്. രാഷ്ട്ര പുനരുജ്ജീവനത്തിന്റെ ഒരു കാല്‍വെപ്പെന്നാണ് ചാങ്ഇ-5 ദൗത്യത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിശേഷിപ്പിച്ചത്. ചൈനീസ് പുരാണത്തിലെ ചാന്ദ്ര ദേവതയാണ് ചാങ്ഇ. ചൈനയിലെ ശരത്കാലത്തെ ചാന്ദ്ര ഉത്സവത്തില്‍ ചാങ്ഇ ദേവതയാണ് നിറഞ്ഞു നില്‍ക്കുക. 

 

തങ്ങളുടെ ദൗത്യത്തിനു പിന്നിലെ വനിതാ സാന്നിധ്യം ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് പല കാരണങ്ങള്‍ കൊണ്ടും ചൈനയുടെ തന്നെ ആവശ്യമായിരുന്നുവെന്നാണ് ബിബിസിയുടെ ചൈനീസ് വിശകലന വിദഗ്ധയായ കെറി അലന്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് മാധ്യമങ്ങളില്‍ 24കാരിയായ സൗ ചെങ്‌യു നിറഞ്ഞത് അതുകൊണ്ടാണ്. 'ബഹിരാകാശരംഗത്തെ ചൈനീസ് മുന്‍ നിരപോരാളി' 'മൂത്ത സഹോദരി' തുടങ്ങി പല വിശേഷണങ്ങള്‍ നല്‍കിയാണ് പുതു തലമുറക്ക് മുൻപില്‍ സൗ ചെങ്‌യുവിനെ ചൈനീസ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. 

 

കുറച്ചുകാലമായി വനിതാ നേതാക്കളെ പല രംഗങ്ങളിലും ഉയര്‍ത്തിക്കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ചൈനയില്‍ നടക്കുന്നുണ്ടെന്നും കെറി അലന്‍ പറയുന്നു. പ്രധാന സ്ഥാനങ്ങളെല്ലാം കയ്യാളുന്നത് പുരുഷന്മാരാണെന്ന ആരോപണം നേരത്തെ തന്നെ ചൈനീസ് ഭരണകൂടത്തിനെതിരെയുണ്ട്. നവംബറില്‍ ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വായനക്കാര്‍ക്കിടയില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയിരുന്നു. ശ്രദ്ധേയമായ വനിതാ വ്യക്തിത്വങ്ങളെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു ഈ സര്‍വേ. ഇതിന്റെ തുടര്‍ച്ചയാണ് സൗ ചെങ്‌യുവിന്റെ താരപദവിയെന്നാണ് വിലയിരുത്തല്‍.

 

English Summary: The woman behind China's Chang'e-5 Moon mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com