ADVERTISEMENT

ഇന്റര്‍നെറ്റിന്റെ പിതാവായി അറിയപ്പെടന്ന ബ്രിട്ടിഷ് കംപ്യൂട്ടര്‍ സയന്റിസ്റ്റായ സര്‍ ടിം ബെര്‍ണേഴ്‌സ്-ലീ ഇന്റര്‍നെറ്റിനെ പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 'എല്ലാം ഒരിക്കല്‍ കൂടി ചെയ്യാനാണ്’ അദ്ദേഹത്തിന്റെ ശ്രമമത്രെ. വേള്‍ഡ് വൈഡ് വെബ് സാധ്യമാക്കിയതിനാണ് അദ്ദേഹത്തിന് സര്‍ പദവി ലഭിച്ചത്. ഇന്റര്‍നെറ്റിന് ചില വന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും അത് പരിഹരിക്കാനാണ് തന്റെ ഇന്റപ്റ്റ് (Inrupt) എന്ന സ്റ്റാര്‍ട്ട്-അപ് ശ്രമിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഓപ്പണ്‍ സോഴ്‌സ് വെബിനെ തിരിച്ചു കൊണ്ടുവരാനാണ് അദ്ദേഹത്തന്റ ഉദ്യമം. 

 

ഫെയ്സ്ബുക് പോലെയുള്ള കൂറ്റന്‍, അടഞ്ഞ പ്ലാറ്റ്ഫോമുകളാണ് ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്ക്ക് തടസമെന്ന തിരിച്ചറിവിലാണ് അദ്ദേഹം തന്റെ പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത്. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ പദ്ധതിയായ സോളിഡിന്റെ (Solid) അടുത്ത പടി എന്ന നിലയിലാണ് ഇന്റപ്റ്റ് അവതരിപ്പിക്കുന്നത്. വെബിലേക്ക് ഒരാള്‍ ഒരു തവണ സൈന്‍-ഇന്‍ ചെയ്താല്‍ മതി എന്നാണ് പുതിയ ആശയം. അതു വഴി ഏതു സേവനവും സ്വീകരിക്കാം. വ്യക്തിയുടെ ഡേറ്റ പോഡുകളായി (pods- അറകള്‍) സ്‌റ്റോർ ചെയ്യപ്പെടും. അല്ലെങ്കില്‍ ഉപയോക്താവിനു തന്നെ നിയന്ത്രിക്കാവുന്ന ഓണ്‍ലൈന്‍ ഡേറ്റാ സ്‌റ്റോറുകളിലേക്ക് ഡേറ്റ ശേഖരിക്കാം.

 

തങ്ങളുടെ ഡേറ്റാ ഒരു തരത്തിലും നിയന്ത്രിക്കാനാകാത്തതിനാല്‍ ആളുകള്‍ക്ക് വളരെ വിഷമങ്ങള്‍ നേരിടുന്നു എന്നാണ് ഇന്റപ്റ്റിന്റെ സഹ സ്ഥാപകനും മുഖ്യ ടെക്‌നോളജി ഓഫിസറുമായ സര്‍ ടിം ബെര്‍ണേഴ്‌സ് പറയുന്നത്. പുതിയ മാറ്റം വഴി, കൂറ്റന്‍ സമൂഹ മാധ്യമ വെബ്‌സൈറ്റുകളെ ഇത്രവലിയ വിജയത്തിലേക്ക് എത്തിച്ച തരത്തിലുള്ള വ്യക്തികള്‍ തമ്മിലുള്ള ഡേറ്റാ ഷെയറിങും, സഹകരണവും നടക്കുമെന്നതു കൂടാതെ ഉപയോക്താവിന് തന്റെ ഡേറ്റ നിയന്ത്രിക്കാനുമാകും.

 

ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത് സര്‍വീസ്, ബിബിസി, ബെല്‍ജിയത്തിലെ ഫ്‌ളാന്‍ഡേഴ്‌സിലെ സർക്കാർ തുടങ്ങിയവ തങ്ങളുടെ പ്രാരംഭ പദ്ധതിയുമായി സഹകരിക്കാമെന്ന് സമ്മതിച്ചു കഴിഞ്ഞതായി ടെക്‌നോളജി എക്‌സിക്യൂട്ടീവും ഇന്റപ്റ്റിന്റെ മേധാവിയുമായ ജോണ്‍ബ്രൂസ് അറിയിച്ചു. മറ്റു പല കമ്പനികളും രാജ്യങ്ങളും ഏപ്രിലോടെ തങ്ങള്‍ക്കൊപ്പം ചേരുമെന്നും അവര്‍ പറയുന്നു. തങ്ങളുടെ ഫ്രീ സര്‍വീസിന് ഒരു വ്യക്തിയെ സൈന്‍-ഇന്‍ ചെയ്യിച്ച ശേഷം അയാളുടെ ഡേറ്റ ഉപയോഗിച്ച് കാശുകാരാകുന്ന പണിയാണ് പല ഇന്റര്‍നെറ്റ് തമ്പുരാന്മാരും ഇന്നു നടത്തിവരുന്നത്. ഉപയോക്താവിന്റെ തല കമ്പനികളുടെ കക്ഷത്തിലുമാകും. 

Tesla-model3

 

ഇന്റപ്റ്റിന് അടുത്തതായി വേണ്ടത് സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാര്‍ ഈ പ്ലാറ്റ്‌ഫോമിനായി പ്രോഗ്രാമുകള്‍ എഴുതുക എന്നതാണ്. നിലവിലുള്ള വെബിനെപ്പോലെ തന്നെ ഇന്റപ്റ്റ് കേന്ദ്രസ്ഥാനത്ത് നിലകൊള്ളും. ഇന്റപ്റ്റിലുള്ളത് ചില പ്രോട്ടോക്കോളുകളാണ്. കംപ്യൂട്ടറുകള്‍ (ഫോണുകളും) എങ്ങനെ പരസ്പരം സംവാദിക്കും എന്നത് ഇതായിരിക്കും തീരുമാനിക്കുക. ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതിനു പിന്നില്‍ ഇന്റപ്റ്റ് ആയിരിക്കും. ഇതിന്റെ സാധ്യതകള്‍ അപാരമാണ്. ചുരുക്കി പറഞ്ഞാല്‍ ഇന്റര്‍നെറ്റിനെ പുനര്‍സൃഷ്ടിക്കുക എന്ന ദൗത്യമാണ് ഇന്റപ്റ്റിന്റേത്. എന്നാല്‍, ഇന്റര്‍നെറ്റിനെ തങ്ങളുടെ കുത്തകയാക്കി വച്ച് ഇപ്പോള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ പുതിയ ആശയത്തോടു സഹകരിക്കുമോ എന്ന കാര്യമൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.

 

∙ ടെസ്‌ല ഇന്ത്യയില്‍!

 

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനി ഇന്ത്യയിലെത്തുന്നു എന്ന വാര്‍ത്തകള്‍ കുറച്ചു നാളായി കേള്‍ക്കുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനി രാജ്യത്ത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി കാണാം. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ജനുവരി 8ന് റജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രം ടെസ്‌ല ക്ലബ് ഇന്ത്യയാണ് ട്വീറ്റു ചെയ്തിരിക്കുന്നത്. മൂന്നു ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്- ഡേവിഡ് ജോണ്‍ ഫെയ്‌സ്റ്റെയ്ൻ, വൈഭവ് തനേജാ, വെങ്കട്ട്‌രംഗം ശ്രീരാം എന്നിവരാണ്. ബെംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ഹെഡ്ക്വാട്ടേഴ്‌സ് എന്നു പറയുന്നു. ഇന്ത്യയില്‍ ആദ്യം അവതരിപ്പിക്കാന്‍ പോകുന്നത് മോഡല്‍ 3 ആയിരിക്കുമെന്നു പറയുന്നു. ഇതിന് 55 ലക്ഷം രൂപയായിരിക്കും വില.

 

∙ ഇന്റല്‍ 11-ാം തലമുറ ചിപ്പിന് ഹാര്‍ഡ്‌വെയര്‍-കേന്ദ്രീകൃത റാന്‍സംവെയര്‍ കണ്ടെത്തല്‍ ശേഷി

canon-50mm-f-1-8-stm

 

ഇന്റലിന്റെ 11-ാം തലമുറ പ്രോസസറില്‍ ഹാര്‍ഡ്‌വെയര്‍-കേന്ദ്രീകൃത റാന്‍സംവെയര്‍ കണ്ടെത്തല്‍ ശേഷി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി കമ്പനി പറയുന്നു. കോര്‍ വിപ്രോ (Core vPro) ചിപ്പുകളിലായിരിക്കും ഈ അതിശക്തമായ ഫീച്ചര്‍ ഉണ്ടാകുക എന്നാണ് വാര്‍ത്തകള്‍. തങ്ങളുടെ ത്രെറ്റ്ഡിറ്റെക്ഷന്‍ ടെക്‌നോളജി അഥവാ ടിഡിടി ഉള്‍ക്കൊള്ളിച്ചായിരിക്കും ഇവ എത്തുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

∙ അടുത്ത തലമുറ ഐപാഡ് പ്രോ നിരാശപ്പെടുത്തുമോ?

 

ഓരോ 18 മാസത്തിനുള്ളിലും പുതിയ ഐപാഡ് പ്രോ മോഡലുകള്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ ഡേറ്റ കാണിച്ചുതരുന്നത്. എന്നു പറഞ്ഞാല്‍, ഈ വര്‍ഷത്തെ മോഡല്‍ ഒക്ടോബറിനു മുൻപ് വിപണിയില്‍ എത്തണം. എന്നാല്‍, അത് മാര്‍ച്ചില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ സൂചന. ആപ്പിളിന്റെ 11-ഇഞ്ച്, 12.9-ഇഞ്ച് പ്രോ മോഡലുകളുടെ ചില ചിത്രങ്ങള്‍ ലീക്കു ചെയ്തതായി അവകാശങ്ങള്‍ ഉയരുന്നു. ഇവയ്ക്ക് പഴയ മോഡലുമായി തട്ടിച്ചു നോക്കിയാല്‍ കാര്യമായ ഡിസൈന്‍ മാറ്റങ്ങളില്ലെന്നാണ് സൂചന. ക്യാമറ സിസ്റ്റത്തിന്റെ ഇരിപ്പും മറ്റും പഴയ മോഡലിലേതു പോലെയാണെന്നതാണ് വിമര്‍ശനത്തിനു കാരണം. എന്നാല്‍, അവയ്ക്കുള്ളില്‍ പുതിയ സെന്‍സറുകള്‍ ഉണ്ടാകാമെന്ന് എതിര്‍ വാദവും ഉയരുന്നു. കൂടാതെ, മിനി ഓലെഡ് സ്‌ക്രീനുമായി ഇറങ്ങാന്‍ പോകുന്ന ആദ്യ ഐപാഡുകള്‍ ആകാമെന്നതും ഇവയെ വേര്‍തിരിച്ചു നിർത്തുന്നു എന്നും പറയുന്നു.

 

∙ സൈബര്‍ ആക്രണണകാരികല്‍ കോവിഡ്-19 വിശദാംശങ്ങള്‍ ഇയു ഹാക്കിലൂടെ പുറത്താക്കി

 

കോവിഡ്-19ന്റെ മരുന്നുകളെയും വാക്‌സീനുകളെയും പറ്റിയുള്ള യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്താക്കി. ഫൈസറും ബയോണ്‍ടെക് എസ്ഇയും (BioNTech SE) റിവ്യൂവിനായി കഴിഞ്ഞ മാസം സമര്‍പ്പിച്ചിരുന്ന രേഖകള്‍ അടക്കമാണ് പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് ഫൈസറിന്റെ ഓഹരി 2.2 ശതമാനവും, ബയോണ്‍ടെക്കിന്റേത് 5.1 ശതമാനവും അമേരിക്കയില്‍ തകര്‍ന്നു. തങ്ങള്‍ സമര്‍പ്പിച്ച ചില രേഖകള്‍ ഹാക്കര്‍മാര്‍ക്കു ലഭിച്ചുവെന്ന് ഇരു കമ്പനികളും കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മഹാമാരി തുടങ്ങിയതു മുതല്‍ ഹാക്കര്‍മാര്‍, റഷ്യയുടെയും ചൈനയുടെയും പിന്‍ബലത്തോടെ വാക്‌സീന്‍ നിര്‍മാണ കമ്പനികളെയും സർക്കാരുകളെയും ആക്രമിച്ചു വരികയാണ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

∙ ജപ്പാനില്‍ ക്യാമറ വില്‍പന 40 ശതമാനം ഇടിഞ്ഞു

 

ക്യാമറാ വില്‍പനയുടെ സൂചനകളില്‍ ഒന്നായി കരുതപ്പെടുന്ന ജപ്പാന്‍ വിപണിയില്‍ 2019നെ അപേക്ഷിച്ച് 2020യില്‍ വില്‍പന 404 ശതമാനം ഇടിഞ്ഞതായി ബിസിഎന്‍ റീട്ടെയില്‍ പുറത്തുവിട്ട വിവരങ്ങളില്‍ കാണാം. അതിന്റെ മുന്‍ വര്‍ഷത്തെ, അതായത് 2018നെ അപേക്ഷിച്ച് 2019ല്‍ 16.8 ശതമാനമായിരുന്നു ഇടിഞ്ഞിരുന്നത്. ക്യാമറാ വിപണി എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയായി ഇതു കണക്കാക്കപ്പെടുന്നു.

 

∙ ഡിസംബറില്‍ ഏറ്റവും അധികം വിറ്റു പോയത് ക്യാനന്‍ ആര്‍5

 

കഴിഞ്ഞ മാസം ജപ്പാനില്‍ ഏറ്റവുമധികം വിറ്റുപോയ ക്യാമറാ മോഡല്‍ ക്യാന്‍ ആര്‍5 ആണെന്നും കണക്കുകള്‍ കാണിക്കുന്നു. രണ്ടാം സ്ഥാനത്ത് നിക്കോണ്‍ സെഡ് 7 II ആണ്. ഫൂജി എക്‌സ്-എസ്10 ആണ് മൂന്നാം സ്ഥാനത്ത്. 

 

∙ നിക്കോണ്‍ താമസിയാതെ ഡി3500, ഡി5600 മോഡലുകള്‍ നിര്‍മിക്കുന്നത് നിർത്തിയേക്കും

 

തങ്ങളുടെ ഡിഎസ്എല്‍ആര്‍ ശ്രേണിയിലെ തുടക്ക മോഡലുകളായ ഡി3500, ഡി5600 എന്നിവയുടെ നിര്‍മാണം നിർത്താന്‍ ഒരുങ്ങുകയാണ് പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന ജാപ്പനീസ് ക്യാമറാ നിര്‍മാണ ഭീമന്‍ നിക്കോണ്‍ എന്നു സൂചനകള്‍. മേല്‍പ്പറഞ്ഞ മോഡലുകളെ പഴയ പ്രൊഡക്ടുകള്‍ എന്ന വിവരണത്തോടെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

 

English Summary: Father of the Web Tim Berners-Lee prepares 'do-over'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com