ADVERTISEMENT

വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ പുതിയ നയങ്ങള്‍ അംഗീകരിക്കേണ്ടതായി വന്നേക്കാമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. യൂറോപ്പിലേതു പോലെ നയങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും വാട്‌സാപ് ഉപയോഗിക്കാനുളള അവസരം ലഭിക്കാനുള്ള സാധ്യത ഉണ്ടാകുമോ എന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. വാട്‌സാപ്പിന്റെ നയങ്ങള്‍ അംഗീകരിക്കുക എന്നത് ഒരാള്‍ക്ക് സ്വന്തമായി എടുക്കാവുന്ന തീരുമാനമാണ് എന്നാണ് ഡല്‍ഹി ഹൈക്കോടതി നീരീക്ഷിച്ചത്. വേണ്ടെങ്കില്‍ വാട്‌സാപ് ഉപേക്ഷിക്കാമല്ലോ എന്നാണ് കോടതി പറഞ്ഞത്. 

 

അതൊരു സ്വകാര്യ ആപ്പാണ്. അതില്‍ തുടരണോ എന്ന കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാം. നയങ്ങള്‍ അംഗീകരിക്കേണ്ട. മറ്റേതെങ്കിലും ആപ് ഉപയോഗിക്കൂ എന്നാണ് ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ പരാതിക്കാരനോടു പറഞ്ഞത്. മൊബൈല്‍ ആപ്പുകള്‍ അംഗീകരിക്കാനായി നമുക്കു മുന്നില്‍ വയ്ക്കുന്ന ഉപാധികള്‍ വായിച്ചു നോക്കിയാല്‍ നമ്മള്‍ എന്തിനെല്ലാമാണ് അംഗീകാരം നല്‍കുന്നത് എന്നു കണ്ട് അദ്ഭുതപ്പെട്ടു പോകുമെന്നും ജഡ്ജി പറഞ്ഞു. ഗൂഗിള്‍ മാപ്‌സ് പോലും നിങ്ങളുടെ ഡേറ്റ പിടിച്ചെടുത്ത് സ്റ്റോർ ചെയ്യുന്നു– കോടതി നിരീക്ഷിച്ചു. പരാതിക്കാരന്‍ പറയുന്നതു പോലെ എന്തു ഡേറ്റയാണ് ചോരാന്‍പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, കൂടുതല്‍ വാദം കേള്‍ക്കായായി കേസ് ജനുവരി 25-ാം തിയതിയിലേക്കു മാറ്റി. കേന്ദ്ര സർക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ വിശകലനം ചെയ്യേണ്ടതായി ഉണ്ടെന്ന കാര്യത്തില്‍ കോടതിയോടു യോജിച്ചു.

 

വാട്‌സാപ്പിന്റെ പുതിയ നയങ്ങള്‍ നടപ്പിലാക്കരുതെന്ന് എന്നു കാണിച്ചു നല്‍കിയ പരാതിയില്‍ ആദ്യം വാദം കേള്‍ക്കാനിരുന്ന ജസ്റ്റിസ് പ്രതിഭ എം. സിങ് പിന്മാറിയുന്നു. അവര്‍ ഈ കേസില്‍ വാദം കേള്‍ക്കുന്നതിനെതിരെ വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക് രംഗത്തെത്തിയിരുന്നു. വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും വേണ്ടി അഡ്വക്കറ്റുമാരായ കബില്‍ സിബലും, മുകുല്‍ രോഹതാഗിയും കോടതിയില്‍ ഹാജരായി. കുടുംബാംഗങ്ങളും കൂട്ടുകാരും തമ്മിലുള്ള ചാറ്റ് എന്‍ക്രിപ്റ്റഡായി തുടരുമെന്നും അവര്‍ കോടതിയെ അറിയിച്ചു. വാട്‌സാപ്പിനെതിരെ പരാതി നല്‍കിയത് ഒരു വക്കീലാണ്. ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഇന്ത്യന്‍ ഭരണഘടനയില്‍ അനുവദിച്ചു തരുന്ന വ്യക്തി സ്വകാര്യത ലംഘിക്കുമെന്നു കാണിച്ചാണ് പരാതി നല്‍കിയത്. സർക്കാരിന്റെ പോലും മേല്‍നോട്ടമില്ലാതെ വാട്‌സാപ് ഉപയോക്താവിന്റെ ഓണ്‍ലൈന്‍ ചെയ്തികള്‍ മുഴുവന്‍ നോക്കിക്കാണാന്‍ ആപ്പിനാകുമെന്നാണ് അദ്ദേഹം വാദിച്ചത്. കൂടാതെ, യൂറോപ്പിലും മറ്റും പുതിയ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാം. അത്തരം ഒരു അവസരം ഇന്ത്യക്കാര്‍ക്കു നല്‍കുന്നില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

പ്രതീകാത്മക ചിത്രം (Photo by Indranil MUKHERJEE / AFP)
പ്രതീകാത്മക ചിത്രം (Photo by Indranil MUKHERJEE / AFP)

 

∙ വാട്‌സാപ്പിന്റെ ഇന്ത്യയിലെ ഭാവി ശോഭനം? ജിയോമാര്‍ട്ടുമായി ഉടന്‍ ബന്ധിപ്പിക്കും

 

അടുത്ത ആറു മാസത്തിനുള്ളില്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്‌സട്രീസിന്റെ ജിയോമാര്‍ട്ട് ആപ്പ് വാട്‌സാപ്പുമായി ബന്ധിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്‌സാപ്പിന്റെ 40 കോടിയിലേറെ ഉപയോക്താക്കളിലേക്ക് ജിയോ മാര്‍ട്ട് എത്തിക്കുക എന്നതായിരിക്കും കമ്പനിയുടെ ലക്ഷ്യം. തങ്ങളുടെ പ്രധാന ബിസിനസ് മേഖലയായിരുന്ന എണ്ണ പ്രകൃതി വാതക മേഖലയില്‍ നിന്നു മാറി ഒരു ടെക്‌നോളജി കമ്പനിയായി അവതരിച്ച റിലയന്‍സ് കഴിഞ്ഞ വര്‍ഷം 2600 കോടി ഡോളറാണ് വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ ആഗോള ഭീമന്മാരില്‍ നിന്നടക്കം സ്വരൂപിച്ചത്. ഇന്ത്യയിലെ ഇകൊമേഴ്‌സ് ഭീമന്മാരായ ആമസോണിനും, ഫ്‌ളിപ്കാര്‍ട്ടിനുമെതിരെയുള്ള നീക്കമാണ് അടുത്തതായി അംബാനിയുടെ ജിയോമാര്‍ട്ട് നടത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വര്‍ഷങ്ങളായി ഉപയോഗിച്ചു ശീലിച്ച വാട്‌സാപ്പില്‍ തന്നെ നിന്ന് തങ്ങള്‍ക്കു വേണ്ട സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാിരിക്കും ചെയ്യുക.

 

∙ വാട്‌സാപ് പേ ഇടപാടുകള്‍ ഒരു മാസത്തിനുള്ളില്‍ ഇരട്ടിയായി

 

tim-cook

വാട്‌സാപ്പിലൂടെയുള്ള പണമിടപാടുകള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായതായി കണക്കുകളില്‍ കാണാം. എട്ടു ലക്ഷത്തിലേറെ പണം കൈമാറ്റങ്ങളാണ് ആപ്പിലൂടെ ഡിസംബറില്‍ നടന്നിരിക്കുന്നത്. ഏകദേശം 29.72 കോടി രൂപ് ഇങ്ങനെ കൈമാറിയതായും പറയുന്നു.

 

∙ വാട്‌സാപ്പിന്റെ എതിരാളി ഹൈക്കിനു പൂട്ടുവീണു

 

ഇന്ത്യയില്‍ വാട്‌സാപ്പിന്റെ എതിരാളിയാകാന്‍ കൊതിച്ച ഹൈക്ക് ആപ്പിന് കഴിഞ്ഞ ദിവസം പൂട്ടുവീണു. ഈ ആപ്പിന് 2016ല്‍ ഏകദേശം 140 കോടി ഡോളര്‍ മൂല്യമുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയും ഉണ്ടായിരുന്ന ഈ ആപ്പ് പെട്ടെന്നു പൂട്ടിപ്പോകാനുള്ള കാരണം അവ്യക്തമാണ്. ചൈനാ ബാന്ധമായിരിക്കാം കാരണമെന്നു സംശയിക്കുന്നവരുണ്ട്.

 

∙ സമൂഹ മാധ്യമങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ഹംഗറി പരിഗണിക്കുന്നു

 

ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ സമൂഹ മാധ്യമങ്ങള്‍ അടക്കമുള്ള ടെക്‌നോളജി കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമൂഹ മാധ്യമങ്ങള്‍ പുറത്താക്കിയതു പോലെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് എന്നാണ് പ്രഥമദൃഷ്ട്യാ തോന്നാവുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിനാല്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ഹംഗറി പരിഗണിക്കുകയാണന്ന് രാജ്യത്തെ നിയമ വകുപ്പുമന്ത്രി ജൂഡിറ്റ് വര്‍ഗ അറിയിച്ചു. വളരെ ചിട്ടയോടെ സമൂഹ മാധ്യമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം കുറച്ചുകൊണ്ടുവരുന്നത് കാണാമെന്നാണ് മന്ത്രി പറയുന്നത്. ഇതിനെതിരെ പ്രതികരിക്കാനായി കമ്പനികള്‍ക്ക് പിഴയിടുന്ന കാര്യം രാജ്യത്തെ കോംപറ്റീഷന്‍ കമ്മിഷനുമായി താന്‍ ഈ ആഴ്ച ചര്‍ച്ചചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

 

തുടര്‍ന്ന് രാജ്യത്തെ ഡിജിറ്റല്‍ ഫ്രീഡം കമ്മറ്റിയുടെ മീറ്റിങ് വിളിക്കുമെന്നും അവര്‍ അറിയിച്ചു. പല സർക്കാർ ഉദ്യോഗസ്ഥരും, ഫെയ്‌സ്ബുക് അടക്കമുള്ള പല സമൂഹ മാധ്യമ കമ്പനകളും യാഥാസ്ഥിതികരുടെ അഭിപ്രായങ്ങള്‍ നീക്കംചെയ്യുന്നുവെന്ന പരാതി ഉന്നയിച്ചു കഴിഞ്ഞു. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ സമൂഹ മാധ്യമങ്ങളെ തനിക്കിഷ്ടമുളള കാര്യങ്ങള്‍ മത്രം പ്രചിരിപ്പിക്കുന്ന ഒന്നായി മാറ്റിക്കഴിഞ്ഞിരിക്കുകയാണെന്ന് ആരോപണമുണ്ട്. അതേസമയം, നിരോധനം ഏര്‍പ്പെടുത്തുമെന്ന ഭീഷണി വഴി സമൂഹ മാധ്യമങ്ങളെ കൂടുതല്‍ പ്രധന മന്ത്രിയുടെ പ്രചരണ ആയുധമാക്കാനുള്ള ശ്രമമമാണെന്നും ആരോപണമുണ്ട്. ജൂഡിറ്റ് പറയുന്നത് സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെങ്കില്‍ അത് യൂറോപ്യന്‍ യൂണിയന്റെ തലത്തില്‍ എടുക്കുന്നതാണ് ഉചിതമെന്നാണ്. പ്രതിപക്ഷത്തിന്റെ ശബ്ദം ഒട്ടും തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമവും ആകാമിത്.

 

∙ ആപ്പിള്‍ കാറിനെക്കുറിച്ച് ഒന്നും വിട്ടുപറയാതെ ടിം കുക്ക്

 

ആപ്പിള്‍ കമ്പനി സ്മാര്‍ട് കാര്‍ ഇറക്കിയേക്കുമെന്ന വാര്‍ത്ത കുറച്ചു കാലമായി പ്രചരിക്കുകയാണ്. ഒരുകാലത്ത് ആപ്പിള്‍ കാര്‍ പദ്ധതി ഉപേക്ഷിച്ചു എന്നു പറഞ്ഞു കേട്ടിരിരുന്നുവെങ്കിലും അടുത്തിടെ കാര്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് എന്നു പറഞ്ഞു കേട്ടിരുന്നു. 2024ല്‍ കാറിന്റെ നിര്‍മാണം തുടങ്ങിയേക്കുമെന്നാണ് കേട്ടിരുന്നത്. എന്നാല്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ആപ്പിള്‍ മേധാവി ടിം കുക്ക് എന്തെങ്കിലും വിട്ടു പറയാന്‍ മടിച്ചു. അദ്ദേഹം പറഞ്ഞത്, ആപ്പിള്‍ ലോകത്തെ ഏറ്റവും മികച്ച ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതു തുടരുമെന്നു മാത്രമാണ്.

 

English Summary: "It's Voluntary, Use Some Other App": Delhi High Court On WhatsApp Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com