ADVERTISEMENT

ആപ്പിളിന്റെ ആപ് സ്റ്റോറിലേക്കെത്തുന്ന ആപ്പുകള്‍ അവര്‍ സ്വീകരിക്കുന്ന സ്വകാര്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ലേബലുകള്‍ പതിക്കണമെന്ന് നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നു. അതനുസരിച്ച് ആപ്പുകള്‍ സ്വകാര്യതാ ലേബലുകള്‍ നല്‍കാനും തുടങ്ങി. ആപ്പുകളുടെ ഡവലപ്പര്‍മാര്‍ ഒരോ അപ്‌ഡേറ്റ് നല്‍കുമ്പോഴും സ്വകാര്യതാ നയത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടെങ്കില്‍ അത് ലേബലില്‍ പ്രതിഫലിച്ചിരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ, ആപ്പുകള്‍ പതിക്കുന്ന ലേബലുകള്‍ ശരിയാണോ എന്നറിയാന്‍ ഇറങ്ങിത്തിരിച്ചത് ദി വാഷിങ്ടണ്‍ പോസ്റ്റാണ്. ബ്ലൂ നിറത്തിലുള്ള ശരിയടയാളം (tick) ഉള്ള ആപ്പുകള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു ഡേറ്റയും ശേഖരിക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇതിനാല്‍ തന്നെ ബ്ലൂ ടിക് ലഭിച്ച ചില ആപ്പുകള്‍ പരിശോധിക്കാനാണ് അവര്‍ തീരുമാനിച്ചത്.

വാഷിങ്ടണ്‍ പോസ്റ്റ് ഇത്തരം ആപ്പുകള്‍ എന്തെങ്കിലും ഡേറ്റ ശേഖരിക്കുന്നുണ്ടൊ എന്നറിയാനായി ഒരു സേര്‍ച്ച് എൻജിന്റെയും പ്രൈവസി പ്രോ എന്നൊരു സോഫ്റ്റ്‌വെയറിന്റെയും സഹായം തേടി. തങ്ങള്‍ക്കു ലഭിച്ച ഡേറ്റ, പ്രൈവസി പ്രോയുടെ ചീഫ് ടെക്‌നോളജി ഓഫിസറായ പാട്രിക് ജാക്‌സണും പരിശോധിക്കാന്‍ നല്‍കി. അമേരിക്കയുടെ നാഷണല്‍ സെക്യുരിറ്റി ഏജന്‍സി അഥവാ എന്‍എസ്എയില ഉദ്യോഗസ്ഥനായിരുന്നു ജാക്‌സണ്‍. വാഷിങ്ടണ്‍ പോസ്റ്റിന്റെ ഗവേഷകരും ജാക്‌സണും സംയുക്തമായി നടത്തിയ വിശകലനത്തില്‍ കണ്ടെത്തിയത് പല ഐഒഎസ് ആപ്പുകളും ഉപയോക്താക്കളുടെ ഐഫോണ്‍ അല്ലെങ്കില്‍ തിരിച്ചറിയാന്‍ പാകത്തിനുള്ള വവരങ്ങള്‍ ഫെയ്‌സ്ബുക്കിനും, ഗൂഗിളിനും, ഗെയിം അനലിറ്റിക്‌സിനും നല്‍കുന്നുണ്ടെന്നാണ്. ഇതു കൂടാതെ, ഗെയിമുകള്‍ വികസിപ്പിച്ചെടുക്കുന്നവര്‍ക്ക് ഡേറ്റ നല്‍കുന്ന യൂണിറ്റി എന്ന കമ്പനിക്കും ഉപയോക്താക്കളെക്കുറിച്ചുള്ള ഡേറ്റാ കൈമാറുന്നുണ്ട്. ഉപയോക്താവിന്റെ ഐഡി, ഏതു മോഡല്‍ ഫോണാണ് ഉപയോഗിക്കുന്നത്, ബാറ്ററി ലെവല്‍ എത്രയാണ്, സംഭരണശേഷിയില്‍ എത്ര ബാക്കിയുണ്ട്, ലൊക്കേഷന്‍, വോളിയം ലെവല്‍ തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളാണ് ശേഖരിച്ചു നല്‍കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

ഒരു ഡേറ്റയും ശേഖരിക്കില്ലെന്ന് അവകാശപ്പെട്ട് ഐഫോണുകളിലും മറ്റും കയറിക്കൂടുന്ന നുണയന്‍ ആപ്പുകള്‍ ഡേറ്റാ നിര്‍ബാധം ശേഖരിച്ചു നല്‍കുന്നുവെന്ന കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഏതെല്ലാം ആപ്പുകളെയാണ് പരിശോധിച്ചത് എന്നതിനെക്കുറിച്ചുള്ള പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് സാറ്റിസ്‌ഫൈയിങ് സ്ലൈം സിമ്യുലേറ്റര്‍, മാപ്‌സ്.മി, ഫണ്‍ഡു പ്രോ തുടങ്ങിയവയുടെ പേരുകളാണ്. വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ പല ആപ്പുകളും അവയുടെ ലേബലുകള്‍ മാറ്റി. എങ്കിലും ബഹുഭൂരിപക്ഷവും ഇപ്പോഴും വഞ്ചിക്കല്‍ തുടരുകയാണ്. പഠനത്തിനൊടുവില്‍ ദി വാഷിങ്ടണ്‍ പോസ്റ്റിന്റെ നിഗമനമനുസരിച്ച് ആപ് സ്റ്റോറിലുള്ള, തങ്ങള്‍ യാതൊരു ഡേറ്റയും ശേഖരിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന മൂന്നിലൊന്ന് ആപ്പുകളും ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്.

 

തങ്ങള്‍ കണ്ടെത്തിയ ആപ്പുകളുടെ ലിസ്റ്റ് ആപ്പിളിന് അയച്ചിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. ആപ്പിള്‍ ഇതേക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, ആപ്പിള്‍ തങ്ങളുടെ നയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ആപ്പിളിന്റെ വക്താവ് ഇക്കാര്യത്തില്‍ കമ്പനിയുടെ നിലപാടിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്- തങ്ങള്‍ ഇടയ്ക്കിടയ്ക്ക് ആപ്പുകള്‍ തന്നിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കും. തെറ്റായ വിവരങ്ങള്‍ തിരുത്താന്‍ ഡവലപ്പര്‍മാരോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍, തങ്ങളുടെ സ്വകാര്യതാ നയത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ആപ്‌ സ്‌റ്റോറില്‍ കയറിക്കൂടുന്ന ആപ്പുകളുടെ ഭാവി അപ്‌ഡേറ്റുകള്‍ ആപ്പിള്‍ തളളിക്കളഞ്ഞേക്കാമെന്നാണ് കമ്പനി വക്താവ് പറഞ്ഞത്. കൂടാത, തങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആപ് നീക്കം ചെയ്യാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ ഔദ്യോഗിക നിലപാട്.  

 

∙ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ടിം കുക്ക്

 

സമൂഹ മാധ്യമങ്ങളുടെ രീതികള്‍ക്കെതിരെ തങ്ങള്‍ക്കുള്ള നിലപാട് വ്യക്തമാക്കുന്നതില്‍ ആപ്പിളിന്റെ തലപ്പത്തിരിക്കുന്നവര്‍ ഒരിക്കലും ഒരു വൈമുഖ്യവും കാണിച്ചിട്ടില്ല- മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ്, ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വേദിയിലിരുത്തി വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍, ഇപ്പോഴത്തെ തലവന്‍ ടിം കുക്കും ഇക്കാര്യത്തില്‍ ഒട്ടു മോശമല്ലെന്ന് മുൻപും തെളിയിച്ചിട്ടുണ്ട്. സ്വകാര്യ ഡേറ്റ സൂക്ഷ്മമായി തന്നെ ശേഖരിച്ച്, ഗൂഢാലോചനാ വാദങ്ങളടക്കം പ്രചരിപ്പിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ആളുകള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു എന്നാണ് കുക്കിന്റെ ആരോപണം. നേരത്തെ തന്നെ പരസ്പരം എതിര്‍ക്കുന്ന ആപ്പിളും ഫെയ്‌സ്ബുക്കും ഇതോടെ കൂടുതല്‍ അകലുമെന്നാണ് പറയുന്നത്. വ്യാജ വാര്‍ത്തകളും ഗൂഢാലോചനാ വാദങ്ങളും അല്‍ഗോറിതങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിച്ച് ആളുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം കൂടുതലായി ഉപയോഗിക്കുന്നുവെന്നു വരുത്തുകയാണ് കമ്പനികള്‍. രാജ്യങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യം നലനിര്‍ത്തണമെങ്കില്‍ ഇതു കണ്ടില്ലെന്നു നടിക്കുന്നത് നിർത്തേണ്ടിവരുമെന്നാണ് ഫെയ്സ്ബുക്കിന്റെ പേരെടുത്തു പറയാതെ കുക്ക് പറഞ്ഞത്. സാമൂഹികമായ ധര്‍മ്മസങ്കടം ഒരു സാമൂഹികമായ ദുരന്തമായി മാറാന്‍ അനുവദിക്കരുതെന്നാണ് ആപ്പിള്‍ മേധാവി പറഞ്ഞിരിക്കുന്നത്.

 

English Summary: Apps lie about privacy in App Store; Cook lashes out against social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com