ADVERTISEMENT

ഇന്റര്‍നെറ്റ് കമ്പനികളെ നിയന്ത്രിക്കാനുള്ള ആദ്യ നിയമമായ ജിഡിപിആര്‍ കൊണ്ടുവന്ന യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതില്‍ പറയുന്ന നിയമങ്ങള്‍ ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നവയല്ലെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് ആരോപിച്ചു. പുതിയ നിയമങ്ങള്‍ ഐഫോണുകളുടെ സുരക്ഷ തകര്‍ത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആപ്പ് സ്റ്റോറിലും ഐഫോണിലും കൊണ്ടുവന്നിരിക്കുന്ന പല സുരക്ഷാ സംവിധാനങ്ങളും ഇതോടെ താറുമാറാകുമെന്നാണ് കുക്ക് പറയുന്നത്. ആപ്പുകള്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ചെയ്തികള്‍ വീക്ഷിക്കുന്നതിനെതിരെ വരെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം നടപടികളെല്ലാം പാഴാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

∙ ആന്‍ഡ്രോയിഡിനെ ഉദാഹരണമാക്കി കുക്ക്

 

ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിലെ സുരക്ഷയുടെ കുറവ് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ചും ആപ്പിളിന്റെ ഐഒഎസ് ഇക്കാര്യത്തില്‍ നല്‍കുന്ന ഊന്നല്‍ പരിഗണിക്കുമ്പോള്‍ പല മേഖലകളിലും ആന്‍ഡ്രോയിഡിലെ കുറവുകള്‍ കാണാം. അടുത്തിടെയായി ആന്‍ഡ്രോയിഡ് ഇത്തരം കുറവുകള്‍ പരിഹരിക്കാനായി പല ശ്രമങ്ങളും നടത്തുന്നുണ്ട്. കൂടുതല്‍ സുരാക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നു. പൊതുവായ സുരക്ഷാ ഫീച്ചറുകളുടെ കുറവിനൊപ്പം കുക്കിന്റെ കണ്ണില്‍പ്പെട്ട മറ്റൊരു കുറവാണ് പ്ലേ സ്റ്റോറിനു പുറമേ നിന്നുള്ള ആപ്പുകള്‍ സൈഡ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നത് ഉപയോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ചൊന്നുമല്ല എന്നാണ്. ഐഒഎസില്‍ ആപ്പുകളെ സൈഡ്‌ലോഡ് ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍ അതു മതിയായിരുന്നു സുരക്ഷയും സ്വകാര്യതയും തകര്‍ത്തെറിയാനെന്നും കുക്ക് നിരീക്ഷിച്ചു. എന്നാല്‍, പുതിയ ഡിഎംഎ നടപ്പിലാക്കിയാല്‍ ആപ്പിളും ആപ്പുകളെ സൈഡ് ലോഡ് ചെയ്യാന്‍ അനുവദിക്കേണ്ടിവരുമെന്നതാണ് കുക്കിന് ആശങ്കയുണ്ടാക്കുന്ന കാര്യം.

 

യൂറോപ്പിൽ ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍, ഫെയ്‌സ്ബുക് തുടങ്ങി കമ്പനികളുടെ കുത്തക വാഴ്ചയ്‌ക്കെതിരെ കൊണ്ടുവരാനാണ് ഡിഎംഎ. യൂറോപ്പില്‍ ചെറു കമ്പനികള്‍ക്കു പോലും വമ്പന്‍ കമ്പനികളോട് മത്സരബുദ്ധിയോടെ ഏറ്റുമുട്ടാനുള്ള ഒരു കളമൊരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ആഗോള തലത്തിലെ പരസ്യ വരുമാനത്തിന്റെ മുഖ്യ പങ്കും ഗൂഗിള്‍, ഫെയ്‌സ്ബുക് എന്നീ രണ്ടു കമ്പനികള്‍ പങ്കിട്ടെടുക്കുകയാണ്. ഇതടക്കമുള്ള പല കാര്യങ്ങളും, പുതിയ ആശയങ്ങള്‍ക്കും ചെറിയ കമ്പനികള്‍ക്കും കടന്നു വരാനും ലാഭകരമായി പ്രവര്‍ത്തിക്കാനുമുള്ള അവസരം ഇല്ലാതാക്കുന്നു. ആഗോള വിപണിയില്‍ തന്നെ ഇതു ദൃശ്യമാണ്. അമേരിക്കയും ഇക്കാര്യത്തില്‍ നിയമനടപടികളുമായി നീങ്ങുകയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും കമ്പനി ഭീഷണിയായേക്കുമെന്നു തോന്നിയാല്‍ അതിനെ മുളയിലെ നുള്ളുകയോ ഏറ്റെടുക്കുകയോ ചെയ്യുന്ന പ്രവണതയും വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ പ്രദര്‍ശിപ്പിക്കുന്നു. ഫെയ്‌സ്ബുക് ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വാങ്ങിയതു തന്നെ ഉത്തമോദാഹരണമാണ്. ഡിഎംഎയില്‍ നല്ല കാര്യങ്ങളുണ്ടെന്നും, എന്നാല്‍ എല്ലാകാര്യങ്ങളും ഉപയോക്താവിന്റെ താത്പര്യത്തെ മാനിക്കുന്നവയല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

 

∙ എല്ലാവര്‍ക്കും സ്വകാര്യത നല്‍കാന്‍ ആപ്പിള്‍

 

അതേസമയം, ഐഒഎസിന്റെയും മറ്റും സെറ്റിങ്‌സിലേക്കു പ്രവേശിച്ച് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ അറിയാത്തവര്‍ക്കു പോലും സ്വകാര്യതയും സുരക്ഷയും നല്‍കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഐഒഎസ്/ഐപാഡ് ഒഎസ് 15ല്‍ ഉപയോക്താക്കള്‍ക്കു മുന്നില്‍ നിയന്ത്രണോപാധികള്‍ സുതാര്യമായി നിരത്തിവയ്ക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നതെന്ന് കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ എൻജിനീയറിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ക്രെഗ് ഫെഡെറഗി പറഞ്ഞു. ഇന്റര്‍നെറ്റ് സ്വകാര്യതയെക്കുറിച്ചുള്ള അജ്ഞതയാണ് പല ഉപയോക്താക്കളെയും ഇപ്പോഴും തങ്ങള്‍ അദൃശ്യരാണെന്ന് തോന്നിപ്പിക്കുന്നത്. ഒരു വെബ്‌സൈറ്റില്‍ ലോഗ്-ഇന്‍ ചെയ്യുന്നില്ലെങ്കില്‍ തങ്ങള്‍ ആരാണെന്ന് അറിയാന്‍ കഴിയില്ല എന്നാണ് സാധാരണക്കാരുടെ വിചാരം. അതേസമയം, ഐപി അഡ്രസ് നിങ്ങള്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്തത്ര കാര്യങ്ങള്‍ നിങ്ങളെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പല തവണ ഒരേ ഐപിയില്‍ നിന്നെത്തുന്നതോടെ നിങ്ങളുടെ ലൊക്കേഷനും നിങ്ങളെന്ന വ്യക്തിയേയും അറിയാനാകും. ഇതൊക്കെ ഉപയോക്താവിന്റെ പ്രതീക്ഷയ്ക്കപ്പുറമാണെന്നും, അയാളുടെ താത്പര്യം സംരക്ഷിക്കുന്ന ഒന്നല്ലെന്നും ഫെഡറഗി പറയുന്നു.

 

ഐഒഎസ് 15ല്‍ ഇതിനൊക്കെ ഒരു മാറ്റംവരുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഒരാളുടെ ഇന്റര്‍നെറ്റ് സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനികളുണ്ട്. ഫെയ്‌സ്ബുക്കും ഗൂഗിളും ഇത്തരം ആരോപണങ്ങള്‍ നേരിടുന്ന കമ്പനികളാണ്. ഉപയോക്താവ് ഇന്റര്‍നെറ്റില്‍ നടത്തുന്ന ഓരോ ഇടപെടലിനെക്കുറിച്ചുമുള്ള വിവരം ശേഖരിച്ച് ഉപയോക്താവിനെക്കുറിച്ചുള്ള വിശദമായ പ്രൊഫൈലുകള്‍ ഉണ്ടാക്കി സൂക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം ടുളുകള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ പരസ്യങ്ങള്‍ നല്‍കുന്നതെന്ന വാദമാണ് ഇതു ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ ഉയര്‍ത്തുന്നത്. ഇന്റര്‍നെറ്റിലെ പല സേവനങ്ങളും ഫ്രീയായി നിലനിര്‍ത്തുന്നത് പരസ്യങ്ങള്‍ വഴിയാണ്. അതിനാല്‍ തന്നെ ഇതിനെതിരെ നീങ്ങരുതെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, ഇതൊക്കെ പൊള്ളയായ വാദങ്ങളാണെന്നും, തങ്ങള്‍ 2017ല്‍ തന്നെ പല ആന്റി-ട്രാക്കിങ് ടൂളുകളും അവതരിപ്പിച്ചിരുന്നുവെന്നും അതൊന്നും ഡിജിറ്റല്‍ പരസ്യമേഖയ്ക്ക് ഒരു തളര്‍ച്ചയും വരുത്തിയിട്ടില്ലെന്നും ഫെഡെറഗി വാദിക്കുന്നു. ആപ്പിളിന്റെ നീക്കം കണ്ട് പല കമ്പനികളും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഒരുക്കാനുള്ള ശ്രമത്തിലാണെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് ഗംഭീരമായ ഒരു കാര്യമായിരിക്കുമെന്നും തങ്ങള്‍ക്ക് അക്കാര്യത്തില്‍ സന്തോഷമാണെന്നും ഫെഡെറഗി പറഞ്ഞു.

 

∙ സിസിഐ അന്വേഷണത്തിനെതിരെ ഫ്‌ളിപ്കാര്‍ട്ടും ആമസോണും കോടതിയില്‍

 

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ വ്യാപാര സേവനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെ അന്വേഷണം പുനരാരംഭിക്കുകയാണ്. ഇതിനെതിരെ ഇരു കമ്പനികളും കോടതിയ സമീപിച്ചു കഴിഞ്ഞു. രണ്ടു കമ്പനികള്‍ക്കുമെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്താനുള്ള തീരുമാനത്തിലാണ് സിസിഐ. അന്വേഷണം ഈ കമ്പനികളുടെ പ്രവര്‍ത്തനത്തിന് വൻ നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആമസോണും ഫ്ലിപ്കാർട്ടും പറയുന്നത്.

 

∙ ടിക്‌ടോക്ക് മേധാവിയും അധികാരങ്ങള്‍ വേണ്ടന്നു വയ്ക്കുന്നു

 

ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് സ്ഥാപിച്ച ഷാങ് യിമിങും തന്റെ ദൈനംദിന ജോലികളില്‍ നിന്ന് മാറിനിൽക്കുകയാണ്. ടെക്‌നോളജി കമ്പനികളുടെ ഉടമകള്‍ക്കു നേരെ ചൈന തുടങ്ങിയിട്ടുള്ള നീക്കങ്ങള്‍ കണ്ടാണിതെന്നാണ് കരുതുന്നത്. ആലിബാബ കമ്പനിയുടെ സ്ഥാപകന്‍ ജാക് മായെ പുറത്തു കാണാതായിട്ട് നിരവധി മാസങ്ങളായിരിക്കുന്നു.

 

English Summary: Apple’s Tim Cook: EU’s new rules would destroy the security on iPhone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com