ADVERTISEMENT

ഇരുപത്തിയൊന്നാം വയസ്സിൽ, സർള ടക്ക്‌റാൽ ഇന്ത്യൻ രീതിയിൽ സാരിയുടുത്ത് നടന്നു കയറിയത് ചരിത്രത്തിലേക്കാണ്. പറത്തിയത് ചെറു വിമാനമാണെങ്കിലും ഇന്ത്യൻ വനിതകൾക്കു വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രചോദനമായിരുന്നു അത്. ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റിനെ ഗൂഗിൾ ആദരിച്ചിരിക്കുന്നു, അവരുടെ ഡൂഡിലിൽ ഉൾപ്പെടുത്തി. ഓഗസ്റ്റ് എട്ടിന് സർളയുടെ 107ാം പിറന്നാളായിരുന്നു. അന്നായിരുന്നു ഗൂഗിളിന്റെ ആദരം.

1914 ഓഗസ്റ്റ് 8നു ഡൽഹിയിലാണ് സർള ടക്ക്‌റാൽ ജനിച്ചത്. പക്ഷേ വളർന്നത് ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ ലഹോറിൽ. പൈലറ്റായ ഭർത്താവ് പി.ഡി.ശർമയുടെ വാക്കുകളിൽനിന്നാണ് 21ാം വയസ്സിൽ, പരിശീലനത്തിനുപയോഗിക്കുന്ന ഇരട്ടച്ചിറകുള്ള ചെറു വിമാനം ഒറ്റയ്ക്കു പറത്താനുള്ള ധൈര്യം ശാർല സംഭരിച്ചത്. 16ാം വയസ്സിൽ വിവാഹിതയായ ശാർല 4 വയസ്സുള്ള പെൺകുട്ടിയുടെ അമ്മയായിരുന്നു അപ്പോൾ. പ്രചോദനമായി 9 പൈലറ്റുമാരാണ് ഭർത്താവ് ശർമയുടെ കുടുംബത്തിൽ ഉണ്ടായിരുന്നത്. 

ലഹോർ ഫ്ലയിങ് ക്ലബിൽനിന്നാണു സർള പൈലറ്റാകാനുള്ള പരിശീലനം നേടിയത്. പരിശീലനത്തിന്റെ ഭാഗമായി 1000 മണിക്കൂർ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയും സർളയാണ്. ഈ സമയത്ത് പി.ഡി.ശർമയാകട്ടെ, എയർമെയിൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി. 1939ൽ ഉണ്ടായ ഒരു വിമാന അപകടത്തിൽ ഭർത്താവ് ശർമ മരണപ്പെട്ടു. തുടർന്നാണു സർള ജോധ‌്പുരിലെത്തി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനായി ശ്രമിക്കുന്നത്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ സമയമായിരുന്നതിനാൽ അവർക്കു പൈലറ്റായി ജോലി ചെയ്യാൻ കഴിഞ്ഞില്ല.

യുദ്ധത്തെത്തുടർന്നു സിവിൽ ഏവിയേഷൻ ട്രെയിനിങ് നിർത്തിവച്ചു. ഒരു ജീവിത മാർഗം ആവശ്യമായിരുന്നതിനാലും മകളെ വളർത്തേണ്ടതിനാലും അവർ വിമാനങ്ങളോടു വിട പറഞ്ഞു. തിരികെയെത്തി ആർട് ആൻഡ് പെയിന്റിങ് പഠിക്കുകയും തുടർന്നു ആഭരണങ്ങളും മറ്റും ഡിസൈൻ ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഈ രംഗത്തും അവർ സ്വന്തം കയ്യൊപ്പു ചാർത്തി വിജയിയായി തലയുയർത്തിത്തന്നെ നിന്നു. 2008ലാണ് ഈ ചരിത്ര വനിത ലോകത്തോടു വിടപറഞ്ഞത്. ഈ ഡൂഡിലിനു കേരളവുമായി ഒരു ബന്ധമുണ്ട്. കഴിഞ്ഞ വർഷം ഈ ഡൂഡിൽ അവതരിപ്പിക്കാനിരിക്കെയാണ് ഓഗസ്റ്റ് 7നു കോഴിക്കോട് വിമാനത്താവളത്തിൽ അപകടമുണ്ടായത്. സാഹചര്യം മാറിയതോടെ ഡൂഡിൽ നീട്ടി വയ്ക്കുകയായിരുന്നു.

 

ആരുമറിയാതെ പുരുഷോത്തം; ഇന്ത്യയിൽ ജനിച്ച ആദ്യ പൈലറ്റ്

 

sarla-thukral

വിമാനയാത്ര കൂടുതൽ ദൂരങ്ങൾ താണ്ടിത്തുടങ്ങിയ 1930ലാണ് പുരുഷോത്തം മേഘ്ജി കബാലി എന്ന ഇന്ത്യക്കാരൻ പൈലറ്റ് ലൈസൻസുമായി ചരിത്രത്തിലേക്കു വിമാനം പറത്തുന്നത്. ജെ.ആർ.ഡി.ടാറ്റ അതിനും ഒരു വർഷം മുൻപേ പൈലറ്റ് ലൈസൻസ് നേടിയിരുന്നെങ്കിലും പി.എം.കബാലിയെയാണു ആദ്യ ഇന്ത്യാക്കാരനായ പൈലറ്റായി കണക്കാക്കുന്നത്. കാരണം ജെ.ആർ.ഡി.ടാറ്റ ജനിച്ചത് ഫ്രാൻസിലെ പാരിസിൽ ആയിരുന്നു. ഇന്ത്യൻ വംശജനായ ആദ്യ പൈലറ്റ് എന്നേ അദ്ദേഹത്തെ കണക്കിലെടുക്കാൻ കഴിയൂ.

 

1930ൽ സ്പാർട്ടൻ വി.ടി.–എഎടി. വിമാനം ഇംഗ്ലണ്ടിൽനിന്നു വാങ്ങി പാരിസ്, റോം, ഇറാൻ വഴി കറാച്ചിയിലെത്തിക്കാൻ പദ്ധതിയിട്ടു. ‘ഫെതർ ഓഫ് ദ് ഡോൺ’ (Feather of the Dawn) എന്നാണു കബാലി തന്റെ വിമാനത്തിനിട്ട പേര്. ഇംഗ്ലണ്ടിൽ വച്ച് മതപരമായ ഒരു ചടങ്ങും നടത്തി. അതിൽ ‍പങ്കെടുത്ത സരോജിനി നായിഡു പിന്നീട് ‘ഫെതർ ഓഫ് ദ് ഡോൺ’ എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കിയത് യാദൃച്ഛികം. വിമാനയാത്ര ആദ്യ ലക്ഷ്യസ്ഥാനങ്ങൾ പദ്ധതി പ്രകാരം പോലെത്തന്നെ വിജയകരമായി കടന്നു. എന്നാൽ ലിബിയയിൽ വച്ച് വിമാനം പൊടിക്കാറ്റിൽ അകപ്പെട്ടു തകർന്നു. കബാലിക്ക് അധികം പരുക്കേൽക്കാതെ രക്ഷപ്പെടാനായി. 

 

തകർന്ന വിമാനം ബോംബെ ഫ്ലയിങ് ക്ലബിലാണ് അറ്റകുറ്റപ്പണികൾക്കായി കബാലി എത്തിച്ചത്. ആകാശത്തെ തന്റെ ആദ്യ പരീക്ഷണം പരാജയപ്പെട്ടെങ്കിലും കബാലി വിട്ടുകൊടുത്തില്ല. അറ്റകുറ്റപ്പണി കഴിഞ്ഞിറങ്ങിയ വിമാനം പലതവണ പറത്തി എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്നുള്ള വർഷങ്ങളിൽ മുംബൈ ആസ്ഥാനമായ ‘എയർ സർവീസസ് ഓഫ് ഇന്ത്യ’യുടെ പൈലറ്റായി ജോലി ചെയ്തു. ഈ കമ്പനി 1953ൽ ഇന്ത്യൻ എയർലൈൻ കോർപറേഷന്റെ ഭാഗമായി. കബാലിയുടെ ജീവിതം പ്രമേയമാക്കി മറാത്തിയിൽ ‘വൈമാനിക് കബാലി’ എന്ന പുസ്തകം ഇറങ്ങിയിട്ടുണ്ട്.

 

English Summary: Story of Indian Pilots Sarla Thakral and Purushottam Meghji Kabali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com