ADVERTISEMENT

ഫോണിന്റെ ക്യാമറ ഉത്തരം കിട്ടേണ്ട ഒരു കണക്ക് പ്രശ്‌നത്തിനു മുകളില്‍ പിടിക്കുക. ഇത് പ്രിന്റ് ചെയ്തതോ എഴുതിയതോ ആകാം. അപ്പോള്‍ മൈക്രോസോഫ്റ്റ് മാത് സോള്‍വര്‍ (Math Solver), ഗൂഗിള്‍ ഫോട്ടോമാത് (Photomath) തുടങ്ങിയ ആപ്പുകളിലെ എഐ മാന്ത്രികന്‍ പണി തുടങ്ങും! ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരം കാണിക്കും. ഉത്തരത്തിലെത്തിയ വഴിയും വിശദമായി ഒപ്പം നല്‍കും! വിദ്യാര്‍ഥികള്‍ക്ക് കണക്കു പഠിക്കുന്നതില്‍ വിലപ്പെട്ട ടൂളുകളായി മാറിക്കഴിഞ്ഞ ആപ്പുകളാണ് മാത് സ്‌സോള്‍വറും ഫോട്ടോമാതും. ഒരു ഗണിതക പ്രശ്‌നത്തിന്റെ ഉത്തരത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നത് വിശദമായി കാണിച്ചുതരുന്നു എന്നതാണ് ഇവയുടെ മേന്മ. 

മാതാപിതാക്കള്‍ക്കും ഗുണകരം

കണക്കില്‍ മിടുക്കരല്ലാത്ത രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ ചെയ്ത ഗണിത പ്രശ്‌നം ശരിയാണോ എന്ന് പരിശോധിക്കാനും ഈ ആപ്പുകള്‍ സഹായകമാകും എന്ന കാര്യവും എടുത്തു പറയണം. രണ്ട് ആപ്പുകളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഉണ്ട് എന്നതും, അവയ്ക്ക് മികച്ച റേറ്റിങ് ഉണ്ട് എന്നതും ഇവയുടെ പ്രാധാന്യം കാണിച്ചു തരുന്നു. പ്ലേ സ്റ്റോറില്‍ മാത് സോള്‍വര്‍ എന്നാണ് മൈക്രോസോഫ്റ്റിന്റെ ആപ്പിനു പേരിട്ടിരിക്കുന്നതെങ്കില്‍, ആപ് സ്റ്റോറില്‍ മാത്‌സ് (Maths) സോള്‍വര്‍-എച്ഡബ്ല്യു (HW) എന്നാണ് നല്‍കിയിരിക്കുന്നത്. രണ്ടു പ്ലാറ്റ്‌ഫോമിലും ഇത് പൂര്‍ണ്ണമായും ഫ്രീയാണ്. 

എന്നാല്‍, ഗൂഗിളിന്റെ ആപ്പിന് ഫോട്ടോമാത് പ്ലസ് എന്ന് ഒരു വേര്‍ഷനും ഉണ്ട്. ഇതിന് 449/849 രൂപ മാസവരി നല്‍കണം. എന്നാല്‍, ഈ വേര്‍ഷനില്‍ പാഠ്യപുസ്തകത്തിലുള്ള കണക്കുകളും നല്‍കും എന്നതുകൂടാതെ ആനിമേറ്റ് ചെയ്ത ട്യൂട്ടോറിയലുകളും ലഭിക്കും. ഫ്രീ വേര്‍ഷനില്‍ ലഭിക്കുന്നതിനേക്കാള്‍ വിശദമായ രീതിയില്‍ ഒരു ഗണിത പ്രശ്‌നം എങ്ങനെ പരിഹരിച്ചു എന്നും പറഞ്ഞുതരും. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പുകള്‍ പരീക്ഷിച്ചു നോക്കുകതന്നെ വേണം.

https://twitter.com/photomath
https://twitter.com/photomath

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം? 

ആപ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ആപ്പുകളുടെ പേരുകള്‍ നല്‍കി സേര്‍ച്ച് ചെയ്യുക. ഓരോ ആപ്പും തുറന്ന് ചെയ്യാനുള്ള കണക്കിനു നേരെ ക്യാമറ പിടിക്കുക. തുടര്‍ന്ന് ആപ്പില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ലഭിക്കുന്ന ഉത്തരങ്ങളും, ആപ്പുകള്‍ക്ക് ലഭിച്ചിരിക്കുന്ന റേറ്റിങും മികച്ചതാണെന്ന സൂചന നൽകുന്നു. എന്നാല്‍, ഹോംവര്‍ക്ക് ആലോചിച്ചിരുന്നു ചെയ്യുന്നതിനു പകരം വിദ്യാര്‍ഥികള്‍ ആപ് വഴി പരിഹാരം കാണില്ലേ എന്ന ചോദ്യം ഉയരുന്നു. 

Read More At:അതും സംഭവിച്ചു, 20 വാട്ട് ചാർജറിനും ഡിസ്കൗണ്ട് നൽകി ആപ്പിൾ

നിശ്ചയമായും ഒരു പ്രശ്‌നമാണ് എന്നത് അംഗീകരിച്ചാല്‍ പോലും, പഠിക്കാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്ക് ഗണിതക പ്രശ്‌നങ്ങള്‍ക്കുളള ഉത്തരങ്ങള്‍ ഇത്ര എളുപ്പത്തില്‍ ലഭിക്കുമെന്നത് വലിയ കാര്യമായി തന്നെ കാണണം.ഉത്തരം മാത്രമല്ല ആപ്പുകള്‍ നല്‍കുന്നത്. എങ്ങനെ ഉത്തരത്തിലേക്ക് എത്തി എന്നതും പറഞ്ഞു നല്‍കുക വഴി പഠിക്കാനാഗ്രഹമുള്ള കുട്ടികള്‍ക്ക് അനുഗ്രഹമാകുകയാണ് അവ. ഈ രണ്ട് ആപ്പുകള്‍ മാത്രമല്ല, ഇത്തരം നിരവധി എണ്ണം ഇന്ന് ലഭ്യമാണ് എന്നും അറിഞ്ഞിരിക്കണം. 

ഫോട്ടോമാത്തിനെ പറ്റി ഒരു വാക്ക്

 ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, ഭാര്യ അഞ്ജലി പിച്ചൈ  എന്നിവർ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിന് എത്തിയപ്പോൾ ചിത്രം: REUTERS/Julia Nikhinson
ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, ഭാര്യ അഞ്ജലി പിച്ചൈ എന്നിവർ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിന് എത്തിയപ്പോൾ ചിത്രം: REUTERS/Julia Nikhinson

ഇപ്പോള്‍ ഫോട്ടോമാത് ഗൂഗിളിന്റെ ഉടമസ്ഥതയിലാണ് എങ്കിലും, യൂട്യൂബ് അടക്കം ഗൂഗിളിന്റെ പല ആപ്പുകളെയും പോലെ ഇതും കമ്പനി തുടങ്ങിയതല്ല. കഴിഞ്ഞ വര്‍ഷം വാങ്ങിച്ചതാണ്. ആപ്പ് ആരംഭിച്ചത് 2014ല്‍ആണ്. 

പിച്ചൈ ഗൂഗിള്‍ മേധാവി സ്ഥാനം ഒഴിയണമെന്ന് 

Image Credit: google
Image Credit: google

ഗൂഗിളിന്റെ എഐ ആപ്പ് ആയ ജെമിനി വരുത്തിവച്ച പിഴവുകള്‍ കമ്പനിയുടെ മേധാവി സുന്ദര്‍ പിച്ചൈയുടെ നേരെ തിരിക്കുകയാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍. ടെക്‌നോളജിയുടെ ലോകത്ത് ആഞ്ഞു വീശിയ എഐ കൊടുങ്കാറ്റായ ചാറ്റ്ജിപിറ്റിക്ക് ബദല്‍ ഉണ്ടാക്കി കാണിക്കാന്‍ ഗൂഗിള്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര മികവു പുലര്‍ത്താതിരുന്നതാണ് പിച്ചൈയ്‌ക്കെതിരെ വിമര്‍ശനം മുറുകാനുള്ള കാരണം. വേണ്ടത്ര പുരോഗതി പ്രാപിക്കാത്ത ബാര്‍ഡ്, ജെമിനി പോലത്തെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് കമ്പനിയെ പരിഹാസ്യകഥാപാത്രമാക്കുന്നു എന്നതാണ് അദ്ദേഹത്തിനു നേരെ ഉയരുന്ന വിമര്‍ശനം എന്ന് ബിസിനസ് ഇന്‍സൈഡര്‍. 

എഐ മത്സരത്തില്‍ ഗൂഗിള്‍ ഒരു നാണംകുണുങ്ങിയായി മാറി നില്‍ക്കുകയാണ് എന്ന് സ്ട്രാറ്റെചെറി (Stratechery) എന്ന പ്രസിദ്ധീകരണം ആരോപിക്കുന്നു. മീംസ് ട്വീറ്റ് ചെയ്യുന്ന ഇലോണ്‍ മസ്‌ക് ആണോ ഹിറ്റ്‌ലർ‍ ആണോ മോശം എന്ന ചോദ്യത്തിന് ജെമിനി, 'സമൂഹത്തിന് ഇവരില്‍ ആരാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് എന്നു വ്യക്തമായി പറയാന്‍ വിഷമമാണ്' എന്ന ഉത്തരം നല്‍കിയെന്ന് സ്ട്രാറ്റെചെറിയുടെ ലേഖനത്തില്‍ പറയുന്നു. ടെസ്‌ല കമ്പനി മേധാവി മസ്‌കിന്റെ ചില നീക്കങ്ങള്‍ മികച്ചതല്ല എങ്കിലും ജെമിനി നല്‍കിയ ഉത്തരം 'മണ്ടത്തരം' ആണെന്ന് ലേഖനം പറയുന്നു. 

ജനങ്ങള്‍ ഗൂഗിള്‍ പോലെയുള്ള ഇന്റര്‍നെറ്റ് സേര്‍ച്ച് എഞ്ചിനുകളെ ആശ്രയിക്കുന്നത് 2026ല്‍ 25 ശതമാനം ഇടിയുമെന്നും, പകരം അവര്‍ എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുമെന്നും ഗാര്‍ട്ണര്‍ പ്രവചിക്കുന്നു. ഗൂഗിളിന്റെ ജെമിനി പോലെയുള്ള എഐ ടൂളുകള്‍ ബാലിശമായ ഉത്തരം നല്‍കിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴുമെങ്കില്‍, മൈക്രോസോഫ്റ്റ് മുന്‍ മേധാവി സ്റ്റീവ് ബാമറെ പുറത്താക്കിയതു പോലെ പിച്ചൈയെ പുറത്താക്കി ഗൂഗിള്‍ മുമ്പോട്ടുപോകണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. 

gemini

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെയും മേധാവി പിച്ചൈ ആണ്. അദ്ദേഹം ആ പദവിയിലേക്ക് മാറി ഗൂഗിളിന് പുതിയ മേധാവിയെ പ്രഖ്യാപിക്കണമെന്നാണ് പെര്‍പ്ലക്‌സിറ്റി എഐ മേധാവി അരവിന്ദ് ശ്രീനിവാസ് മുന്നോട്ടുവച്ച നിര്‍ദ്ദേശം. എഐ മേഖല അടക്കി വാഴേണ്ടിയിരുന്ന ഗൂഗിള്‍ ഒരു കൊല്ലത്തോളമായി വല്ലാതെ പിന്നോട്ടു പോയിരിക്കുന്നു എന്ന് വിമര്‍ശകര്‍ പറയുന്നു. കഴിഞ്ഞ കൊല്ലം ഗൂഗിള്‍ 12,000 ലേറെ ജോലിക്കാരെ പിരിച്ചുവിട്ടു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 2.1 ബില്ല്യന്‍ഡോളര്‍ വേണ്ടിവന്നു. ഇതൊക്കെയാണെങ്കിലും ഏറ്റവും അവസാനം പുറത്തുവന്ന കണക്കുകളിലും ഗൂഗിളിന്റെ വരുമാനം വര്‍ദ്ധിച്ചിട്ടേയുള്ളു എന്നത് പിച്ചൈയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിന്റെ മുന ഒടിക്കുമോ എന്നു കാത്തിരുന്നുകാണാം.  

ഓപ്പണ്‍എഐക്കെതിരെ കേസുകൊടുത്ത് മസ്‌ക്

 കരാര്‍ ലംഘിച്ചു എന്നു കാണിച്ച് മസ്‌ക് ഓപ്പണ്‍എഐക്കെതിരെ കേസു കൊടുത്തു എന്ന് റോയിട്ടേഴ്‌സ്. ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ ഒരു ലാഭേച്ഛയില്ലാത്ത, ഓപ്പണ്‍സോഴ്‌സ് കമ്പനിയായി നിലനിര്‍ത്താം എന്ന് തനിക്കു നല്‍കിയ വാഗ്ദാനമാണ് ലംഘിച്ചു എന്ന് മസ്‌ക് ആരോപിക്കുന്നത്. ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ടമാന്‍, കമ്പനിയുടെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്മാന്‍ എന്നിവരാണ് തന്നെ സമീപിച്ച് കരാറിലേര്‍പ്പെട്ടതെന്ന് മസ്‌ക് പറയുന്നു. ഇപ്പോള്‍ ഓപ്പണ്‍എഐ മൈക്രോസോഫ്റ്റിന്റെ കൈവശമെത്തിയെന്ന് മസ്‌ക് ആരോപിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com