ADVERTISEMENT

ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് സൗന്ദര്യമത്സരത്തിന് അരങ്ങൊരുങ്ങുന്നു. 20000 ഡോളർ (ഏകദേശം പതിനാറ് ലക്ഷത്തിലധികം രൂപ) ആകെ പ്രൈസ്മണിയാണ് വിജയിക്കുന്ന എൻട്രികൾക്ക് നൽകുന്നത്.മത്സരാർഥികൾ എഐ നിർമിത ചിത്രങ്ങളാണ്. ഇവയുടെ സൗന്ദര്യം, ഓൺലൈൻ സ്‌പേസിലുള്ള സാന്നിധ്യം, ഇവയെ നിർമിക്കാനായി വേണ്ടിവന്ന സാങ്കേതിക വൈദഗ്ധ്യം എന്നിവ പരിഗണിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുക. ഓൺലൈൻ സ്‌പേസിൽ ആരാധകരുമായുള്ള ഇടപെടൽ എന്നിവയും മാനദണ്ഡങ്ങളായി പരിഗണിക്കുമെന്ന് വേൾഡ് എഐ ക്രിയേറ്റേഴ്‌സ് അവാർഡ്‌സ് അധികൃതർ അറിയിച്ചു.

Ai Image: Canva
Ai Image: Canva

എഐ നിർമിത വനിതകളുടെ ചിത്രങ്ങളാണ് മത്സരത്തിൽ. ഇവ ഒരു ജഡ്ജിങ് പാനലിനു മുന്നിൽ അവതരിപ്പിക്കപ്പെടും. രണ്ട് എഐ ഇൻഫ്‌ളുവൻസർമാരും ജഡ്ജിങ് പാനലിൽ അംഗങ്ങളായിരിക്കും. സ്‌പെയിനിൽ നിന്നു നിർമിക്കപ്പെട്ട 3000 ഫോളോവേഴ്‌സുള്ള എയ്താന ലോപസ്, രണ്ടരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള എമിലി പെലഗ്രിനി എന്നിവരാണ് ജഡ്ജിങ് പാനലിലെ എഐ നിർമിത അംഗങ്ങൾ. മറ്റു രണ്ടുപേർ മനുഷ്യർതന്നെയാണ്. സംരംഭകനും പിആർ വിദഗ്ദനുമായ ആൻഡ്രൂ ബ്ലോക്, ബ്യൂട്ടി പേജന്‌റുകളുടെ ചരിത്രത്തിൽ ഗവേഷണം ചെയ്യുന്ന സാലി ആൻ ഫോസറ്റ് എന്നിവരാണ് ഇവർ.

ai-models2 - 1

മിസ് എഐ എന്ന പുരസ്‌കാരം നേടുന്ന എൻട്രിയുടെ സ്രഷ്ടാവിന് 5000 യുഎസ് ഡോളറാണ് പ്രൈസ്മണി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്കും മൂന്നാം സ്ഥാനക്കാർക്കും  സമ്മാനമുണ്ട്. അടുത്ത മാസം പത്തിനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക. കഴിഞ്ഞ ഞായറാഴ്ച മുതൽ എൻ്ട്രികൾ സമർപ്പിക്കാനുള്ള സമയം തുടങ്ങി. ഡീപ് എഐ, മിഡ്‌ജേണി, അല്ലെങ്കിൽ സ്വയം വികസിപ്പിച്ചെടുത്ത ടൂൾ തുടങ്ങി ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും സൃഷ്ടിച്ച എഐ മോഡലുകളുടെ ചിത്രങ്ങൾ സമർപ്പിക്കാം. അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആയിരക്കണക്കിന് എൻട്രികൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‌റലിജൻസിലുണ്ടായ കുതിച്ചുചാട്ടം വൻവിപ്ലവത്തിനാണ് വഴിവച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എഴുത്ത്, ചിത്രങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഉള്ളടക്കങ്ങൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൻതോതിൽ ഉത്പാദിപ്പിക്കപ്പെട്ടു. ചാറ്റ്ജിപിടി, ഗൂഗിൾ ബാർഡ് തുടങ്ങിയ ടെക്സ്റ്റ് ജനറേഷൻ ടൂളുകൾ ലോകമെങ്ങും ആളുകളുടെ ശ്രദ്ധ നേടിയതിനോടൊപ്പം തന്നെ അനേകം ഇമേജ് ജനറേഷൻ ടൂളുകളും ഇടം പിടിച്ചു.

കൃത്യവും സ്പഷ്ടവുമായി നൽകുന്ന ഒരു പ്രോംപ്റ്റിലൂടെ കമനീയമായ ചിത്രങ്ങൾ നിർമിക്കാനുള്ള അവസരമാണ് എഐ അധിഷ്ഠിത ഇമേജ് ജനറേഷൻ ടൂളുകൾ മുന്നോട്ടു വച്ചു. ധാരാളം ആളുകൾ ഇവ പരീക്ഷിക്കുകയും ഫലങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും ഒരു ട്രെൻഡായി മാറിയിട്ടുണ്ട് സമൂഹമാധ്യമങ്ങളിൽ.

English Summary:

World's First "Miss AI" Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com