ADVERTISEMENT

വെയിലിന്റെ ചൂടിൽ‌ നിന്നൊളിക്കാൻ പാകത്തിലുള്ള ഏതെ ങ്കിലും സ്ഥലങ്ങളുണ്ടോ? അരുവിയും മലഞ്ചെരിവും പച്ചപ്പു മെല്ലാമുള്ള ഗ്രാമങ്ങൾ വല്ലതും.....?’’ ഊരുതെണ്ടികളായ ന്യൂജനറേഷൻ സഞ്ചാരികളോടെല്ലാം അന്വേഷിച്ചു. പല പേരുകളും കേട്ടു പക്ഷേ കാലം തെറ്റിയ ചൂടിൽ ഏതാണ്ടെല്ലാം വറ്റി വരണ്ടിരുന്നു.

‘‘ഒരിടമുണ്ട്. പച്ചപ്പ് നിറഞ്ഞ മലഞ്ചെരിവിൽ, ഗുഹയുടെ തണുപ്പും തെളിനീരിന്റെ കാഴ്ചയുമൊരുക്കുന്ന ബാലുശ്ശേരി തലയാടിനടുത്തെ ഏലക്കാനം. ഒരു പകൽ ചെലവഴിക്കാം. ഇത്തിരി കുന്നു കയറേണ്ടി വരുമെന്നേയുള്ളൂ.’’ അന്വേഷണ ത്തിനൊടുവിൽ സഹായത്തിനെത്തിയത് ഓള്‍ഡ് ജനറേഷ നിൽപ്പെട്ട കെ.ടി. നജീബും സുഹൃത്തുക്കളുമാണ്. ‘‘വഴി പറഞ്ഞു തരിക മാത്രമല്ല, ഞങ്ങൾ ‘ഓൾഡ് കട്ട കമ്പനി’ കൂടെ വരാം. നമുക്ക് സഞ്ചാരം ആഘോഷിക്കാം....’’– പ്രായം തളര്‍ത്താത്ത ആവേശത്തില്‍ അവർ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ അറുപതു പിന്നിട്ട സഞ്ചാരി സംഘത്തിന് നാട്ടുകാരിട്ട പേരാണ് ‘ഓള്‍ഡ് കട്ട കമ്പനി’. മഹ്മൂദ്, മുഹമ്മദലി, കുട്ടി ഹസ്സൻ, മുഹമ്മദ് അബ്ദുറഹ്മാൻ, യഅ്കൂബ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

kakkayam

യാത്ര പുറപ്പെടാനിറങ്ങിയപ്പോൾ നാട്ടുകാരുടെ ഉപദേശം– ‘‘മുടി നരച്ചെങ്കിലും എല്ലാം യാത്രാപിരാന്തന്മാരാണ്. ആവേശം മൂത്ത് പാറപ്പുറത്ത് വലിഞ്ഞു കയറലും പുഴയിൽ ചാടലുമൊ ക്കെ പതിവാണ്. വീട്ടുകാർ പറഞ്ഞാലൊന്നും കേൾക്കില്ല. നിയന്ത്രിക്കാൻ ഏതെങ്കിലും ഒരു ചെറുപ്പക്കാരനെ കൂടെക്കൂട്ടു ന്നത് നന്നാവും’’. അങ്ങനെ ‘അറുപതു പിന്നിട്ട യുവാക്കളെ’ മേയ്ക്കാൻ യുവാവായ ഷരീഫും സംഘത്തിൽ ചേർന്നു.

വയലടക്കാഴ്ചകൾക്കരികിലൂടെ

മലയോരക്കാഴ്ചകളിലൂടെ പാട്ടും പഴംകഥകളുമൊക്കെയായി യാത്രയാരംഭിച്ചു. മലബാറിന്റെ ഗവിയെന്നറിയപ്പെടുന്ന വയലട ക്കരികിലൂടെയാണ് സഞ്ചാരം. റോഡരികിലെ തട്ടുകട കണ്ടപ്പോൾ സീനിയേഴ്സ് ബ്രേക്കിട്ടു.

‘‘ഇനിയൊരു കട്ടനടിക്കാം’’– ഓള്‍ഡ് കമ്പനിയുടെ സ്ഥിരം സ്റ്റോപ്പാണ് ബേബിച്ചായന്റെ തട്ടുകട. കട്ടൻ കഴിഞ്ഞ് കഞ്ഞി കുടിയായി. സ്വാദൂറുന്ന ബീഫ് ഫ്രൈയും ചിക്കൻ വരട്ടിയതു മൊക്കെ കിട്ടുന്ന കടയാണ്. കുടിയേറിയ കാലത്ത് മുള്ളൻ പന്നിയെ വെടിവച്ചിട്ട് ‘പന്നിച്ചായനാ’യ ബേബിയുടെ കഥകളിൽ നിന്ന് തത്കാലം യാത്ര പറഞ്ഞ് ‘യുവാക്കളോടൊപ്പം’ ഞങ്ങൾ യാത്ര തുടർന്നു.

എലക്കാനമാണ് ലക്ഷ്യം. ഈ ചൂടിലും വറ്റാൻ കൂട്ടാക്കാതെ ഗുഹാമുഖത്ത് തെളിനീരുറവ കാത്തു സൂക്ഷിക്കുന്ന പ്രകൃതി യുടെ സമ്മാനം. വെയിലിന് കട്ടിയേറുന്നതിന് മുൻപ് കുന്ന് കയറണം. അവിടെയെത്തിയാൽ കഴിക്കാനുള്ള കപ്പ ബിരി യാണി വാഹനത്തിൽ റെഡിയാണ്. കൂട്ടത്തിലൊരു ചിപ്രിയൻ കുട്ടിഹസ്സന്റെ കരങ്ങളാണ് അതിനു പിന്നിൽ തലയാടിയിൽ നിന്നും ആരംഭിക്കുന്ന ചെറിയ റോഡിലേക്ക് വാഹനം തിരി ഞ്ഞു. അങ്ങാടിച്ചൂട് മലമ്പ്രദേശത്തെ തണുത്ത കാറ്റിന് വഴിമാ റിത്തുടങ്ങി. ചീടിക്കുഴി പാലത്തിനടുത്ത് നിന്ന് കുന്നു കയറി അൽപം മുന്നോട്ടു പോയപ്പോഴേക്കും റോഡ് നിറയെ കല്ലു കൾ. ‘‘ഇനി കാറൊന്നും പോവില്ല. നടന്നു കയറണം’’– സീനി യേഴ്സ് ആവേശത്തോടെ ചാടിയിറങ്ങി.

kakkayam-trip-1

‘‘കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള പാതയാണ്. ഫോർവീൽ ജീപ്പുകൾക്ക് കുറച്ചു കൂടെ മുൻപിലേക്ക് പോകാം’’– കപ്പ ബിരിയാണി തലയിലേറ്റി കുട്ടിഹസ്സൻ മുൻപേ നടന്നു. പിന്നാ ലെ കഥക്കൂട്ടുകളുമായി സംഘവും.

കുന്നുകയറാൻ ‘ബോംബെ കഥകൾ’

ചെറുപ്പക്കാരെക്കാളും ആവേശത്തിലാണ് ഓൾഡ് കട്ട കമ്പനിയുടെ കുന്നു കയറ്റം. തമാശകളും കഥകളും കാഴ്ചകളുടെ ആവേശം കൂട്ടി. ചെറുപ്പം തൊട്ടേ നാടുവിടൽ ഹോബിയാക്കി യ മുഹമ്മദലിയുടെ ‘ബോംബെ കഥകളും’ നജീബിന്റെ യമൻ അനുഭവങ്ങളുമായിരുന്നു പ്രധാന ഐറ്റങ്ങൾ. വീട് വിട്ട് ബെംഗളൂരുവിലും മുംബൈയിലുമെല്ലാം അലഞ്ഞു നടന്ന മുഹമ്മ‌‌ദലി ചെയ്യാത്ത ജോലികളില്ല. പ്രവാസിയായി യമനി ലെത്തി മരുഭൂമിയിൽ സാഹസിക ജീവിതം നയിച്ച കഥകളാണ് നജീബിനു പറയാനുള്ളത്. കായ്ചു നിൽക്കുന്ന പറങ്കിമാവുകൾക്കരികിലൂടെയുള്ള നടത്തം ചെന്നെത്തിയത് ചെറിയൊരു അരുവിക്കടുത്താണ്. റോഡിനു കുറുകെയാണ് ഒഴുക്ക്. തെളി നീരിന്റെ തണുപ്പിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ണർവ്. കൂട്ടത്തിലെ ചിലർ നടത്തത്തിന്റെ വേഗം കൂട്ടി മുൻപി ലെത്തി. പിന്നാലെ വരുന്നവരെ പ്രായം പറഞ്ഞ് കളിയാക്കാൻ വേണ്ടിയാണ് ഈ വേഗം കൂട്ടൽ.

ദൂരെയായി മലഞ്ചെരിവിലെ പച്ചപ്പ് തെളിഞ്ഞു കാണാം. വഴി യുടെ ഒരുവശത്ത് നിബിഡ വനമാണ്. അതിനോടു ചേർന്ന് കരിമ്പാറക്കൂട്ടങ്ങൾ ചിതറിക്കിടക്കുന്ന അരുവി. വെള്ളം വറ്റി ത്തുടങ്ങിയിട്ടുണ്ട്. എന്നിട്ടും കാറ്റിൽ തണുപ്പ് തങ്ങി നിൽക്കു ന്നു. രണ്ട് കിലോമീറ്ററോളം കുന്ന് കയറിയത് അറിഞ്ഞതേ യില്ല. കല്ലു നിറഞ്ഞ വഴികള്‍ അവസാനിച്ച് ഒറ്റയടിപ്പാതയിലൂ ടെയായി നടത്തം.

ആള്‍പ്പെരുമാറ്റം കുറഞ്ഞ വഴിയിലേക്ക് വളർന്ന പുല്ലുകൾ വകഞ്ഞുമാറ്റി നടക്കുന്നതിനിടെ ചിലർ വടി കുത്തിപ്പിടിക്കാൻ തുടങ്ങി. ‘‘താങ്ങിനു വേണ്ടിയല്ല. വല്ല പാമ്പും വന്നാൽ അടി ച്ചോടിക്കാനാണ്’’ സീനിയേഴ്സ് മുൻകൂർ ജ്യാമ്യമെടുത്തു.

ഗുഹാമുഖത്തെ സ്ഫടികജലം

വള്ളിപടർപ്പുകള്‍ അതിരിട്ട ചെറിയ പാതയിലേക്കിറങ്ങി. വെളിച്ചം കടന്നുവരാത്ത വിധം കാടുവളർന്ന വഴിയിലൂടെ ഒരാൾക്ക് കഷ്ടിച്ച് നടക്കാം. ‘‘ഹരേ വാ’’ മുൻപേ നടന്ന കുട്ടിഹസ്സന്റെ ശബ്ദം കേട്ട് നടത്തത്തിന്റെ വേഗം കൂട്ടി. സ്വപ്നസമാനമായിരുന്നു കാഴ്ച. പണ്ടെങ്ങോ ഉരുള്‍പൊ ട്ടലിൽ ഒലിച്ചെത്തിയ ഭീമാകാരമായ പാറ ഒരു ഗുഹയായി രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനു ചുവടെ ഇരിപ്പിടങ്ങൾ പോലെ ചെറു പാറക്കൂട്ടങ്ങള്‍. അതിനോട് ചേർന്ന് കണ്ണാടി പോലെ തെളിഞ്ഞു നിൽക്കുന്ന ഒരു കുളം. മുകളിൽ നിന്ന് ഇടമുറിയാതെ ഒഴുകിയെത്തുന്ന കുളിർ ജലം.

‘‘ഏലക്കാനം. ഇതാണ് ഞങ്ങൾ പറഞ്ഞ വേനലിലും വറ്റാൻ മടിക്കുന്ന പ്രകൃതിയുടെ സമ്മാനം’’– നജീബ് പറഞ്ഞു. പാറക്കെട്ടുകൾക്കിടയിലൂടെ ചാടിയിറങ്ങി കൈവിരൽ കൊണ്ട് വെള്ളം തൊട്ടു. വിരലറ്റത്ത് നിന്ന് തണുപ്പ് സിരകളി ലേക്ക് പടർന്നു.

ഗുഹയിൽ വസ്ത്രങ്ങളഴിച്ചു വച്ച് സീനിയേഴ്സ് ആവേശത്തോടെ വെള്ളത്തിലേക്കിറങ്ങി. പാറക്കൂട്ടങ്ങളിൽ നിന്ന് എടുത്തു ചാടിയും ഉറവയുടെ ചുവട്ടിൽ ധ്യാനിച്ചിരുന്നും ജലകേളികളുടെ ഉത്സവം. ‘‘ദാ ഇതെടുക്ക്. ഫേസ്ബുക്കി ലിടാം’’ –പാറപ്പുറത്ത് നിന്ന് ‘സിസർ കട്ട്’ ചാട്ടത്തിനൊരുങ്ങി അബ്ദുറഹ്മാൻ വിളിച്ചു പറഞ്ഞു. കേബിൾ ടിവി ഓപറേ റ്ററായ യഹ്ക്കൂബാണ് സംഘത്തിന്റെ ആസ്ഥാന ഫൊട്ടോഗ്രാ ഫർ. തൊട്ടപ്പുറത്തെ കാടിന്റെ പച്ചപ്പും തെളിനീരുറവയുടെ പ്രതിബിംബവും ചേരുന്ന മനോഹര ദൃശ്യങ്ങൾ ക്യാമറാ സ്ക്രീനിൽ പതിഞ്ഞു. കൂടെ ഫെയ്സ് ബുക്കിലേക്കുള്ള ക്ലിക്കുകളും.

‘‘പണ്ട് ഇരുവഴിഞ്ഞിപ്പുഴയും ഇങ്ങനെ തെളിഞ്ഞിട്ടായിരുന്നു. ആ ഓർമകളാണ് ഇന്നിതിനൊക്കെ ആവേശം പകരുന്നത്. ‍ഞങ്ങൾക്ക് വയസ്സായ മുടി വെളുത്തതിനനുസരിച്ച് പുഴയുടെ മുഖവും കറുത്തു. ഇപ്പോൾ അവിടെ ഇറങ്ങാൻ പേടിയാണ്. മണലെടുത്ത കുഴികളാണ് എല്ലായിടത്തും....’’ കെ.ടി. നജീബ് മധുരിക്കുന്ന ഓർമ്മകൾ പങ്കുവച്ചു. നീന്തിത്തുടിക്കുന്നതിനിടെ വിശപ്പ് തലപൊക്കിത്തുടങ്ങിയിരുന്നു. കപ്പ ബിരിയാണിയുടെ അടപ്പ് മാറ്റി. കാടിന്റെ ഓരത്ത് ഗുഹത്തണലിൽ കൂടിയിരുന്ന് രുചി പങ്കിട്ടു. അവശിഷ്ടങ്ങളൊക്കെ വാരിക്കെട്ടി കവറിലാക്കി വച്ചു.

പ്രകൃതിയുടെ വരദാനങ്ങൾ വരാനിരിക്കുന്ന തലമുറകൾക്ക് കൂടിയുള്ളതാണ്. നമ്മളൊക്കെ മാഞ്ഞുപോയാലും ഇതെല്ലാം ഇതുപോലെ തന്നെ നിലനിൽക്കണം’’–പ്ലാസ്റ്റിക്കായാലും പേപ്പറായാലും പ്രകൃതിയിലേക്കെറിയരുതെന്ന് നിര്‍ബന്ധമുള്ള വരാണ് ഓൾഡ് കട്ട കമ്പനി.

മേഘക്കീറിനൊപ്പം മടക്കം

നീന്തിയും മുങ്ങാംകുഴിയിട്ടും കളി പറഞ്ഞും നേരം പോയതറി ഞ്ഞില്ല. കാറ്റിന് തണുപ്പേറി വന്നു. പെയ്യാനൊരുങ്ങി ഒരു മേഘക്കീറ് ആകാശത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ തിരികെ മടങ്ങാ നൊരുങ്ങി. ‘‘മഴ പെയ്യുമോയെന്ന് ഉറപ്പില്ല. പക്ഷേ, പെയ്താൽ, ഇവിടെയിത്തിരി അപകടമാണ്. പെട്ടെന്ന് കുന്നിറങ്ങാനായെ ന്നു വരില്ല’’–നജീബ് പറഞ്ഞു. കുന്നുകൾക്ക് നടുവിലാണ് കുളം. പോരാത്തതിനു ഒരു വശം മറച്ച് ഭീമൻ ഗുഹയും. മറുവശത്തൂടെ മെല്ലേ ചരിവിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നു ണ്ടെങ്കിലും ഒരു നല്ല മഴ പെയ്താൽ ജലനിരപ്പ് പൊടുന്നനെ കൂടും.

കാലിയായ കപ്പ ബിരിയാണി പാത്രവുമായി കുന്നിറങ്ങാൻ തുടങ്ങി. വള്ളിപ്പടർപ്പുകളുടെ അസാധാരാണ കുലുക്കം കേട്ട് നോക്കുമ്പോഴാണ് വാനരന്മാരെ കണ്ടത്. അവരുടെ സാമ്രാജ്യ ത്തിലേക്ക് അനുവാദം കൂടാതെ കടന്നുവന്ന അതിഥികളെ നിരീക്ഷിക്കാൻ വന്നതാണ്. താഴെയെത്താറായപ്പോഴേക്കും മേഘക്കീറ് കാണാതായി. വരുമെന്ന് പറഞ്ഞ് വരാതിരുന്ന വിരുന്നുകാരനെപ്പോലെ മറ്റൊരു വേനൽമഴ കൂടി അപ്രത്യക്ഷ മായിരിക്കുന്നു.

‘‘പക്ഷേ, ഞങ്ങൾ വീണ്ടും വരും. മഴക്കാലത്തിന്റെ കൈപിടിച്ച്, പ്രായത്തിന്റെ കണക്കുകൾ കൂട്ടിവയ്ക്കാതെ, എലക്കാന ത്തിന്റെ ആവേശത്തിലേക്ക് ഞങ്ങള്‍ മടങ്ങിവരും’’–ഓൾഡ് കട്ട കമ്പനിയുടെ ആവേശം യാത്രകളായി തുടരുകയാണ്.

എത്തിച്ചേരാൻ

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ തലയാട് ഗ്രാമത്തി ലാണ് ഏലക്കാനം. കോഴിക്കോട് നഗരത്തിൽ നിന്നും കക്കോ ടി–ചേളന്നൂർ– ബാലുശ്ശേരി വഴി 40 കിലോമീറ്റർ സഞ്ചരിച്ചാൽ തലയാടെത്താം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചീടിക്കു ഴി റോഡിലൂടെ രണ്ടു കിലോമീറ്റർ ചെന്നാൽ ഏലക്കാനെത്തേ ക്കുള്ള റോഡ് കാണാം. ഫോർവീൽ ജീപ്പുകൾ പോകുന്ന വഴി യാണ്. കുറച്ചു ദൂരം ചെന്നാൽ പിന്നെ നടന്നു കയറണം. ട്രെക്കിങ്ങിനു വേണ്ട മുൻകരുതലെടുക്കണം. മാലിന്യങ്ങള്‍ വഴിയിൽ ഉപേക്ഷിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com