ADVERTISEMENT

നമ്മൾ കാടും മേടും കടലും  ഒക്കെ താണ്ടി വിനോദസഞ്ചാരം നടത്തുന്നവരാണ്. എന്നാൽ ഗുഹയിലൂടെയുള്ള യാത്ര പുതുമയല്ലേ? അതും കേരളത്തിലെ ഏറ്റവും വലിയ ഗുഹയിലൂടെ!

ഓ അതൊക്കെ മെനക്കേടല്ലേ…? നമുക്കു വല്ല മൂന്നാറിലും പോയാൽപ്പോരേ എന്നാകും ചിന്തിക്കുന്നത്. അങ്ങനെ മൂന്നാറിൽ  പോകുമ്പോൾ സാഹസികത കാണിക്കാൻ ഒരു അവസരം കിട്ടുകയാണെങ്കിലോ… ?

അത്തരമൊരു യാത്രയ്ക്കൊരുങ്ങിക്കോളൂ

മൂന്നാറിലെത്തും മുൻപ് പള്ളിവാസലിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് കുഞ്ചിത്തണ്ണിയും കടന്ന് പത്തുകിലോമീറ്റർ ദൂരം താണ്ടിചെല്ലുന്നിടമാണ് കല്ലടാന്തി ഗുഹ. ഭീമൻ ഉരുളൻകല്ലുകളും മരങ്ങളും ചെറിയൊരു കുളവും കുഞ്ഞരുവിയുമുള്ള സ്ഥലം. 

കാർ പാർക്ക് ചെയ്ത് ടിക്കറ്റെടുത്ത് അകത്തേയ്ക്ക് പോകാം. റോപ് സൈക്ലിങ് എന്ന സാഹസിക ഐറ്റം കൂടി ഇവിടെയുണ്ട്. സ്വാഭാവിക അരുവി കടന്നുപോകുന്നിടത്താണ് വലിയ ഉരുളൻകല്ലകൾ നിറഞ്ഞ കല്ലടാന്തി. അവിടെ ആദ്യം കാണുന്ന തൂക്കുപാലത്തിലൂടെ നടന്ന് നമുക്ക് ഒരു കുടിലിൽ എത്താം. അവിടെനിന്ന്  കല്ലടാന്തിയുടെ മേൽക്കാഴ്ച കിട്ടും. നടത്തത്തിനിടയിൽ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കണ്ണിന് കുളിർമയേകുന്ന പച്ചപ്പാണുള്ളത്. പറമ്പിലെ വലിയ ഉരുളൻകല്ലുകൾക്കടിയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. 

Kalladanthy-Natural-Cave-Park7

ഗുഹയിലെത്താൻ നാം താഴേക്കു നടക്കണം. ഒരു തലയോട്ടിയുടെ രൂപമാണ് ഗുഹാകവാടം. താഴോട്ട് ഇറങ്ങുമ്പോൾ സൂക്ഷിക്കണേ.. പേടിക്കുകയൊന്നും വേണ്ട, ഫോണിലെ ടോർച്ച് ലൈറ്റ് ഓൺ ചെയ്ത് അങ്ങ് നടന്നാൽ മതി. മുകളിലെ അരുവിയിൽനിന്നു ചെറിയ നീർച്ചാലുകൾ ഗുഹയിലൂടെ പോകുന്നുണ്ട്. താഴെ ഉരുളൻകല്ലുകളാണ് സൂക്ഷിച്ചു നടക്കണം, നല്ല തണുപ്പാണ് ഗുഹയ്ക്കുള്ളിൽ. 

Kalladanthy-Natural-Cave-Park1

സ്വാഭാവിക ഗുഹയാണിത്. അതുകൊണ്ടു സുരക്ഷയെപ്പറ്റിയുള്ള പേടിയൊന്നും വേണ്ട. ഏതാണ്ട് 250 മീറ്ററിൽ കൂടുതലുണ്ട് ഈ ഗുഹയുടെ നീളം. കേരളത്തിലെ ഏറ്റവും നീളമേറിയ ഗുഹയാണിതെന്ന് ഉടമ സിജുവേട്ടൻ പറഞ്ഞുതന്നു.   

Kalladanthy-Natural-Cave-Park

പലയിടത്തും നന്നായി കുനിഞ്ഞുതന്നെ മുന്നോട്ടുപോകേണ്ടിവരും. എന്നാലെന്താ നല്ല രസമായിരിക്കും ഈ വ്യത്യസ്ത അനുഭവം. താഴെ ചെറുനീർച്ചാലുണ്ട്. ഒരിടത്തെത്തുമ്പോൾ ചെറിയൊരു വെള്ളച്ചാട്ടവും. നോക്കിനടന്നില്ലെങ്കിൽ നനയും.  

Kalladanthy-Natural-Cave-Park3

അങ്ങനെ ഇരുട്ട് ആസ്വദിച്ചു നടക്കുമ്പോൾ കിടിലൻ താമസസൗകര്യം കാണാം. പകൽപ്പോലും ഇരുട്ടുനിറഞ്ഞ ഈ ഗുഹയ്ക്കുള്ളിൽ ടെന്റടിച്ച് താമസിക്കാം.  

ഇടുങ്ങിയ സ്ഥലവും മറ്റും പേടിയുള്ള ക്ലോസ്റ്ററോഫോബിയക്കാർ ഈ ടെന്റ് കാണേണ്ട…. സാധാരണക്കാർ തന്നെ ഇവിടെതാമസിക്കുന്നത് ആലോചിക്കുമ്പോൾ പേടിച്ചുപോകും. പകൽപോലും ഇരുട്ടുള്ളപ്പോൾ രാത്രിയിൽ എങ്ങനെയാ ടെന്റിൽ താമസിക്കുക. എന്നാൽ ഒത്തിരി മിടുക്കൻമാരും മിടുക്കികളും ഈ ടെന്റ് സൗകര്യം ആസ്വദിക്കാനെത്തുന്നുണ്ട്. യഥാർഥ സഞ്ചാരിക്കെന്തു പേടി അല്ലേ… 

Kalladanthy-Natural-Cave-Park5

കല്ലടാന്തിയിൽ എവിടെയും ടെന്റിൽ താമസിക്കാം. കല്ലിനുമുകളിലോ, പുല്ലിലോ, കുളക്കരയിലോ രാത്രിയുറങ്ങാം. ഒരാൾക്ക് വെറും 500 രൂപയേ ചെലവുള്ളൂ.  സൂപ്പറല്ലേ. തുറന്ന സ്ഥലം കഴിഞ്ഞ് വീണ്ടും നമ്മൾ ഗുഹയിലൂടെ നടക്കും. ദേ മുകളിലേക്കുള്ള വഴിയെത്തി. 

Kalladanthy-Natural-Cave-Park4

പാറമുകളിലും ടെന്റ് താമസം ഉണ്ട്

ടൊയ്‌ലറ്റും മറ്റും ഗുഹപ്പഴമ തോന്നിപ്പിക്കുന്ന രീതിയിൽ തന്നെയാണ്. കുടുംബവുമൊത്ത് മൂന്നാറിൽ വരുന്നവർ ഈ ഗുഹ സന്ദർശിച്ചുമടങ്ങാറുണ്ട്. അവർക്ക് ഇതൊരു പുതിയ അനുഭവമാണ്. അപ്പോൾ അടുത്ത മൂന്നാർ ട്രിപ്പിൽ കല്ലടാന്തി ഗുഹ കൂടി ഉൾപ്പെടുത്താൻ മറക്കണ്ട.

Kalladanthy-Natural-Cave-Park6

ദൂരം 

മൂന്നാറിൽനിന്ന് 16 കിലോമീറ്റർ 

വഴി ദാ ഇങ്ങനെയാണ് - മൂന്നാർ-പള്ളിവാസൽ-കുഞ്ചിത്തണ്ണി- പൊട്ടൻകാട്-കല്ലടാന്തി

ആഹാരം  വീട്ടിൽനിന്ന് ഉണ്ടാക്കിത്തരും. 

കുട്ടികളുമായി ഗുഹയിൽ കയറാം. പേടിക്കണ്ട. മുന്നിലും പിന്നിലും ടോർച്ചുമായി മുതിർന്നവർ കൂടെ വേണമെന്നുമാത്രം. 

കൂടുതൽ വിവരങ്ങൾക്ക് 

സിജു വർഗീസ്-  9645644581 എന്ന നമ്പറിൽ വിളിച്ച് അന്വേഷിച്ചാൽ മതി.

English Summary: Kalladanthy Natural Cave in Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com