ADVERTISEMENT

വ്രതശുദ്ധിയുടെ പുണ്യദിവസങ്ങൾ. റമദാൻ നോമ്പിന്റെ പുണ്യത്തിന്റെ ഒരു മാസമാണ് ഇനി വിശ്വാസികൾക്ക്. ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റംസാൻ, റമസാൻ എന്നെല്ലാ അറിയപ്പെടുന്ന റമദാൻ മാസം. ലോകമെങ്ങുമുള്ള മുസ്‌ലിംകൾ വളരെ ഭക്തിയോടെയും വിശുദ്ധിയോടെയുമാണ് ഈ പുണ്യമാസം ആചരിക്കുന്നത്. പ്രത്യാശയുടെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ആത്മപരിശോധനയുടെയും ദിനരാത്രങ്ങൾ കൂടിയാണ് റമദാൻ മാസത്തിന്റേത്.

Image : GavinD/istockphotos
Image : GavinD/istockphotos

കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം നോമ്പ് അനുഷ്ഠിക്കുന്നതാണ് റമദാൻ വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമം. നോമ്പുകാലത്ത് സെഹരി അല്ലെങ്കിൽ സുഹൂർ കഴിക്കാൻ ആളുകൾ നേരത്തെ എഴുന്നേൽക്കുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം പ്രാർത്ഥനയോടെ നോമ്പിലേക്ക് കടക്കുന്നു. ഭക്ഷണ - പാനീയങ്ങൾ ഉപേക്ഷിച്ചു കൊണ്ടുള്ള ഉപവാസം വൈകുന്നേരമാണ് അവസാനിക്കുന്നത്. പ്രാർത്ഥനകൾക്ക് ശേഷം വെള്ളവും ഈന്തപ്പഴവും ഉപയോഗിച്ച് നോമ്പ് തുറക്കുന്നു. പലതരം പഴങ്ങളും പലഹാരങ്ങളും ഭക്ഷണങ്ങളും അടങ്ങിയ ഇഫ്താർ വിരുന്ന് റമദാൻ കാലത്തെ പ്രത്യേകതയാണ്.

റമദാൻ മാസത്തിൽ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക്  ഈ സമയത്ത് പോകാൻ ഏറ്റവും അനുയോജ്യമായ കുറച്ച് സ്ഥലങ്ങൾ ഇതാ. ഈ പട്ടികയിൽ ഒരു സ്ഥലത്ത് എങ്കിലും ഈ റമദാൻ നാളിൽ പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

പ്രതിവർഷം 15 കോടി സഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ. Image Credit: xavierarnau/ istockphotos.com
പ്രതിവർഷം 15 കോടി സഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ. Image Credit: xavierarnau/ istockphotos.com

മഹത്തായ ഇസ്ലാമിക പാരമ്പര്യമുള്ള സൗദി അറേബ്യ

റമദാൻ കാലത്ത് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. മഹത്തായ ഇസ്ലാമിക പാരമ്പര്യമുള്ള നാട്. അതുകൊണ്ടു തന്നെ ഈ കാലയളവിൽ അവിടേക്ക് യാത്ര പോകുന്നവർ ഇവിടുത്തെ സംസ്കാരത്തെക്കുറിച്ചും വസ്ത്രധാരണ രീതിയെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണയോടെ വേണം പോകാൻ. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്ന നൈറ്റ് മാർക്കറ്റുകളുടെ അനുഭവം അവിസ്മരണീയമാണ്. കൂടാതെ പ്രാർത്ഥനാ നിറവിലുള്ള  ആരാധനാലയങ്ങളും മോസ്കുകളും സന്ദർശിക്കാവുന്നതാണ്. പരമ്പരാഗതമായ ഇഫ്താർ വിരുന്നുകളും സാംസ്കാരിക പരിപാടികളും റമദാൻ നാളിൽ സൗദിയുടെ പ്രത്യേകതയാണ്.

Image Credit : Stefan Tomic /istockphoto.com
Image Credit : Stefan Tomic /istockphoto.com

സാംസ്കാരിക വൈവിധ്യവുമായി ദുബായ്

പുണ്യമാസമായ റമദാൻ നാളിൽ സന്ദർശിക്കാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് യുഎഇയിലെ ദുബായിയും അബുദാബിയും. ലൈവ് മ്യൂസികും പ്രാർത്ഥനകളും തുടങ്ങി ദുബായിക്ക് റമദാൻ നാളിൽ വേറൊരു മുഖമാണ്. പരമ്പരാഗത ഭക്ഷണം നൽകുന്ന റമദാൻ ടെന്റുകളും ഈ സമയത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. രാത്രികാലങ്ങളിൽ നിരവധി വിനോദ പരിപാടികളും നഗരത്തെ സജീവമാക്കുന്നു. പ്രധാനപ്പെട്ട മാളുകൾ ഉൾപ്പെടെയുള്ളവ റമദാൻ നാളിൽ രാത്രി വൈകിയും തുറന്നു പ്രവർത്തിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

ഇസ്താംബുൾ. Image Credit : frantic00/istockphotos
ഇസ്താംബുൾ. Image Credit : frantic00/istockphotos

അവധിക്കാലം ചെലവഴിക്കാൻ ഇസ്താംബുൾ

റമദാൻ കാലത്തെ അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് തുർക്കിയിലെ ഇസ്താംബുൾ. മഹത്തായ ഇസ്ലാമിക പാരമ്പര്യവും മോസ്കുകളും വിശ്വാസികൾക്കും സഞ്ചാരികൾക്കും ഇസ്താൻബുൾ ഒരുപോലെ ആകർഷകമാക്കുന്നു. പരമ്പരാഗത ഇഫ്താർ വിരുന്നുകൾ, സാംസ്കാരിക സമ്മേളനങ്ങൾ, തെരുവ് ഭക്ഷണശാലകൾ എന്നിവയും ഈ സമയത്ത് ഇസ്താംബുളിന്റെ പ്രത്യേകതയാണ്. പകൽ ഉപവാസസമയമാണെങ്കിലും ഇവിടെ മിക്ക കഫേകളും റസ്റ്ററന്റുകളും തുറന്ന് പ്രവർത്തിക്കും. 

Golden door in Fes. Image : ugurhan/istockphotos
Golden door in Fes. Image : ugurhan/istockphotos

ആചാരാനുഷ്ഠാനങ്ങളോടെയുള്ള റമദാൻ ആചരണം

ഇസ്ലാം മതവിശ്വാസികളാണ് മൊറോക്കയിൽ കൂടുതലും. അതുകൊണ്ട് തന്നെ റമദാൻ മാസം അതിന്റെ എല്ലാവിധ ആചാരങ്ങളോടെയും അനുഷ്ഠാനങ്ങളോടെയുമാണ് ഇവിടെ ആഘോഷിക്കുന്നത്. മൊറോക്കോയിൽ എത്തുന്ന വിനോദസഞ്ചാരികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് മാറക്കേഷ്. റമദാൻ നാളിൽ ഇവിടം സന്ദർശിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും. നോമ്പ് തുറക്കേണ്ടതിനാൽ വൈകുന്നേരം കടകളെല്ലാം നേരത്തെ അടയ്ക്കാൻ സാധ്യതയുണ്ട്. അത് മുൻകൂട്ടി കണ്ടുകൊണ്ട് വേണം ഇവിടം സന്ദർശനം നടത്താൻ. പ്രശസ്തമായ മസ്ജിദുകൾക്ക് ഒപ്പം തന്നെ തിരക്കേറിയ സൂക്കുകളും മൊറോക്കയുടെ പ്രത്യേകതയാണ്. 

egypth-trip1

പരമ്പരാഗത റമദാൻ ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ഈജിപ്ത്

റമദാൻ നാളിൽ അതിന്റെ പരമ്പരാഗതമായ ആഘോഷങ്ങൾക്ക് വളരെ പ്രസിദ്ധമായ നാടാണ് ഈജിപ്ത്. ഇഫ്താറും രാത്രിയിലെ തറാവീഹ് പ്രാർത്ഥനകളും അതിൽ പ്രധാനപ്പെട്ടതാണ്. നിരവധി ചരിത്രപ്രധാനമായ സ്ഥലങ്ങളും ഈജിപ്തിലുണ്ട്. ഇവിടെ കാണേണ്ട കാഴ്ചകളിൽ രാജാക്കൻമാരുടെ താഴ് വരയും ഗിസയിലെ പിരമിഡുകളും കാണേണ്ടത് തന്നെയാണ്. റമദാൻ മാസത്തിലും രാജ്യത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. റമദാൻ നാളിലെ തിരക്കേറിയ മാർക്കറ്റുകളും കാണേണ്ട കാഴ്ചകളിൽ ഒന്നാണ്. ചിലയിടങ്ങളിൽ സമയം നോമ്പുമായി ബന്ധപ്പെടുത്തി ക്രമീകരിച്ചിരിക്കും. 

റമദാൻ ആയതിനാൽ തന്നെ മിക്ക സ്ഥലങ്ങളിലും സമയം സംബന്ധിച്ച് പുതിയ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതും അടയ്ക്കുന്നതുമായ സമയങ്ങളിൽ ചെറിയ വ്യത്യാസം ഉണ്ടായിരിക്കും. നിങ്ങളുടെ യാത്രാ ഏജന്റുമായി സംസാരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത് സുഗമമായ യാത്രയ്ക്ക് സഹായിക്കും.

English Summary:

Ramadan Special Destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com