ADVERTISEMENT

അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, ഗായിക, കഥക് നർത്തകി, മോഡല്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ആളാണ്‌ മൗനി റോയ്. സൂരജ് നമ്പ്യാരുമായുള്ള വിവാഹത്തോടെ, മലയാളത്തിന്‍റെ മരുമകളായി മാറിയ മൗനി റോയ്, സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. യാത്രകള്‍ ഏറെ ഇഷ്ടമുള്ള നടി ഇത്രയും തിരക്കേറിയ ജീവിതത്തിനിടയിലും യാത്ര ചെയ്യാന്‍ മൗനി സമയം കണ്ടെത്താറുണ്ട്. 

യാത്രകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇക്കൂട്ടത്തിൽ ഒറ്റയ്ക്കുള്ള യാത്രകളും സുഹൃത്തുക്കൾ ഒരുമിച്ച യാത്രകളുമൊക്കെയുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം തുര്‍ക്കി യാത്രയിലാണ് ഈ സുന്ദരി. തുര്‍ക്കിയില്‍ നിന്നെടുത്ത ഒട്ടേറെ മനോഹരചിത്രങ്ങളും മൗനിയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.

'എന്‍റെ ഇഷ്ട നഗരത്തില്‍ പ്രിയപ്പെട്ട ആള്‍ക്കൊപ്പം തിരിച്ചെത്തിയിരിക്കുന്നു' എന്നാണ് മൗനി പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

തുര്‍ക്കിയുടെ സാമ്പത്തിക, സാംസ്കാരിക, ചരിത്ര കേന്ദ്രവും ഏറ്റവും വലിയ നഗരവുമാണ് ഇസ്തംബൂൾ. ഏറ്റവും ജനസംഖ്യയുള്ള യൂറോപ്യൻ നഗരവും ഇതുതന്നെയാണ്. യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന ഈ നഗരം പണ്ടുകാലത്ത് കോൺസ്റ്റാന്റിനോപ്പിൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കിഴക്കൻ സംസ്കാരത്തിന്‍റെ മിസ്റ്റിക് സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ നഗരം വിനോദസഞ്ചാരികളുടെ പറുദീസയാണ്.

സാമ്രാജ്യത്വ കാലത്തെ ഭരണാധികാരികൾ സ്ഥാപിച്ച നിരവധി കത്തീഡ്രലുകൾ, പള്ളികൾ, കൊട്ടാരങ്ങൾ എന്നിവ ഇപ്പോഴും നഗരത്തിലുടനീളം കാണാം. ഹാഗിയ സോഫിയ, സുൽത്താൻ അഹമ്മദ് മസ്ജിദ്, ടോപ്കാപി കൊട്ടാരം, ഡോൾമാബാഹെ കൊട്ടാരം എന്നിങ്ങനെ അതിശയകരമായ വാസ്തുവിദ്യയുടെ കാഴ്ചയായ കെട്ടിടങ്ങള്‍ ഇസ്തംബൂളിന്‍റെ സവിശേഷതയാണ്. സുൽത്താനഹ്മെത് സ്‌ക്വയറിനു ചുറ്റുമായാണ് മനോഹരമായ ചരിത്ര നിർമിതികളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും ജീവിതത്തെക്കുറിച്ചും യൂറോപ്യൻ വാസ്തുവിദ്യയെക്കുറിച്ചുമെല്ലാം ഉൾക്കാഴ്ച നൽകുന്ന ഈ കെട്ടിടങ്ങളെല്ലാം ഇന്ന് മ്യൂസിയങ്ങളായി പ്രവർത്തിക്കുന്നു. 

ഗുൽഹാനെ, എമിർഗാൻ തുടങ്ങിയ അതിമനോഹരമായ പൂന്തോട്ടങ്ങളും ഇസ്തംബൂളിലുണ്ട്. ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള ക്രൂസുകൾ നഗരത്തിന്‍റെ മനോഹരമായ ദൃശ്യങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നു. ബോസ്ഫറസിന് കുറുകെ ഏഷ്യൻ വശവും ഏഷ്യൻ വശത്തെ തീരത്ത് പ്രിൻസസ് ദ്വീപുകളുമാണ്. ലോകത്തിലെ ആദ്യത്തെ ഷോപ്പിങ് മാളുകളിൽ ഒന്നായ ഗ്രാൻഡ് ബസാര്‍, ഷോപ്പർമാരുടെ പറുദീസയാണ്. അംബരചുംബികളായ കെട്ടിടങ്ങളും മാളികകളുമെല്ലാം ഉൾക്കൊള്ളുന്ന നഗരത്തിലെ പ്രധാന ബിസിനസ്സ് ജില്ലയാണ് ന്യൂ ഇസ്താംബുൾ. 

മാർച്ച് മുതൽ മെയ് വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഇസ്താംബുൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ട്രൂ ബ്ലൂ പോലെയുള്ള ബീച്ചുകൾ സന്ദർശിക്കാനും ബോസ്ഫറസ് ക്രൂയിസ് ആസ്വദിക്കാനും പറ്റിയ സമയമാണിത്. ഇസ്തംബൂളിലെ ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈ. ഡിസംബര്‍ മാസം തണുപ്പേറിയതാണ്. 

English Summary: Mouni Roy Enjoys Holiday in Istanbul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com