ADVERTISEMENT

കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് നമ്മൾ ഒരുപാടു തവണ കേട്ടിട്ടുണ്ടാവും. എന്നാൽ, കൊച്ചിക്കു നമ്മുടെ കേരളത്തിൽ മാത്രമല്ല, അങ്ങു ജപ്പാനിലുമുണ്ട് പിടി! ജപ്പാനിലെ ഷിക്കോകു ദ്വീപിന്റെ തെക്കൻ തീരത്തുള്ള കൊച്ചി പ്രിഫെക്ചറിന്റെ തലസ്ഥാനമാണ് ഈ കൊച്ചി. ചെറുതും സൗഹാർദപരവുമായ ഈ നഗരത്തിൽ യാത്രക്കാരെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. 

ഫ്യൂഡൽ കാലഘട്ടം മുതൽ സംരക്ഷിച്ചു പോരുന്ന മലമുകളിലെ കോട്ടയാണ് കൊച്ചിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ക്ഷേത്രവും ബൊട്ടാണിക്കൽ ഗാർഡനും ഉൾക്കൊള്ളുന്ന ഗോദൈസൻ പർവതം, കൊച്ചി ഡൗൺടൗൺ, ഷികോകു തീർഥാടനത്തിൽ ഉൾക്കൊള്ളുന്ന 88 ക്ഷേത്രങ്ങളിൽ ഒന്നായ ചികുറിഞ്ഞി ക്ഷേത്രം തുടങ്ങി നിരവധി കാഴ്ചകളാണ് കൊച്ചിയിൽ ഉള്ളത്. നഗരത്തിൽ എത്തിയതിനു ശേഷം അവിടുത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നേരെ പോകുന്നതിനു പകരം ഒന്നോ രണ്ടോ ദിവസം നഗരം ഒന്നു ചുറ്റിക്കാണുന്നത് ആയിരിക്കും ഏറ്റവും ഉചിതം. കൊച്ചി എന്ന ഊഷ്മള നഗരത്തെ കൂടുതൽ മനസ്സിലാക്കാൻ ഈ യാത്ര സഹായിക്കും. 

മെയിജി പുനരുദ്ധാരണം സാധ്യമാക്കിയ സകമോട്ടോ റയോമയുടെ ഭവനം ഈ നഗരത്തിലാണ്. ജപ്പാനിലെ ചരിത്രപുരുഷനായ സകാമോട്ടോ റയോമ മെമ്മോറിയൽ മ്യൂസിയം സ്ഥിതി ചെയ്യുന്നതു നഗരമധ്യത്തിനു തൊട്ടു തെക്ക് മനോഹരമായ കട്സുറഹാമ ബീച്ചിലാണ്. മനോഹരമായ നിരവധി കാഴ്ചകളാണ് ജപ്പാനിലെ കൊച്ചിയിലെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Kochi Castle. Image Credit : ken tera/istockphoto
Kochi Castle. Image Credit : ken tera/istockphoto

സഞ്ചാരികളെ ആകർഷിക്കുന്ന കൊച്ചി കോട്ട

കൊച്ചി നഗരത്തിലെ മലമുകളിലാണ് കൊച്ചി കാസിൽ സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കു ചുറ്റും മനോഹരമായ പാർക്കും കോട്ടയെ ചുറ്റി  സുന്ദരമായ ഒരു കിടങ്ങും പതിനഞ്ച് കോട്ട ഘടനകളും ഉണ്ട്. 1603 ലാണ് ഈ കോട്ട പണി കഴിപ്പിച്ചത്. 1727 ൽ പിടുത്തത്തിൽ കോട്ട പൂർണമായി കത്തി നശിക്കുകയും 1749 ൽ ഇത് പുനർനിർമിക്കുകയും ചെയ്തു. യഥാർത്ഥ ഘടനകൾ സംരക്ഷിച്ചിരിക്കുന്ന ജപ്പാനിലെ ഏക കോട്ടയാണിത്. 500 യെന്നിൽ (ഇന്ത്യൻ രൂപ 275)  താഴെ വരുന്ന തുകയ്ക്ക് ഈ കോട്ട ചുറ്റിക്കാണാം. സഞ്ചാരികൾ ഏറെയെത്തുന്ന സൺഡേ മാർക്കറ്റിന്റെ തുടക്കത്തിലാണ് കോട്ട.

Kure Taisho. Image Credit : winhorse/istockphoto
Kure Taisho. Image Credit : winhorse/istockphoto

സൺഡേ മാർക്കറ്റ് എന്ന ഓപ്പൺ എയർ മാർക്കറ്റ്

എഡോ കാലഘട്ടം മുതൽ കൊച്ചിയിലുള്ള ഓപ്പൺ എയർ മാർക്കറ്റാണ് സൺഡേ മാർക്കറ്റ്. കഴിഞ്ഞ 300 വർഷത്തിലേറെയായി ഈ മാർക്കറ്റ് നിലവിലുണ്ട്. കൊച്ചി ചുവയുള്ള ഭാഷയിൽ കച്ചവടക്കാരും ഉപഭോക്താക്കളും സംസാരിക്കുന്നത് രസകരമായ കാഴ്ചയാണ്. വിവിധ തരം പ്രാദേശിക ഉൽപന്നങ്ങളും ഭക്ഷണവിഭവങ്ങളുമായി എല്ലാ ഞായറാഴ്ചയും 500 ഓളം സ്റ്റോറുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും മുതൽ പരമ്പരാഗതമായ കരകൗശല വസ്തുക്കൾ വരെ ഇവിടെ ലഭ്യമാണ്. വ്യത്യസ്തമായ ഭക്ഷണസാധനങ്ങൾ രുചിക്കാനും സുവനീറുകൾ വാങ്ങാനും താൽപര്യമുള്ളവർ ഒരിക്കലും സൺഡേ മാർക്കറ്റ് മിസ് ചെയ്യരുത്. കൊച്ചി കോട്ടയുടെ പ്രധാന കവാടം കഴിഞ്ഞാൽ ഒരു കിലോമീറ്ററിനുള്ളിലാണ് മാർക്കറ്റ്. കൊച്ചി സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ഇവിടെയെത്താം. ഞായറാഴ്ചകളിൽ രാവിലെ അഞ്ചു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് മാർക്കറ്റ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ രാവിലെ 5.30 മുതൽ വൈകുന്നേരം അഞ്ചു മണി വരെ ആയിരിക്കും മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്ന സമയം.

Hirome-market. Image Credit : Sanga Park/istockphoto
Hirome-market. Image Credit : Sanga Park/istockphoto

സന്ദർശകരും പ്രാദേശിക ഉപഭോക്താക്കളും ഒരുപോലെ എത്തുന്ന ഹിറോമി മാർക്കറ്റ്

സന്ദർശകരും പ്രദേശവാസികളും ഒരുപോലെ എത്തുന്ന ഒരു സ്ഥലമാണ് ഹിറോമി മാർക്കറ്റ്. അറുപത്തിയഞ്ചിലധികം തെരുവു ഭക്ഷണശാലകളുടെ രീതിയിലുള്ള റസ്റ്ററന്റുകൾ ഇവിടുത്തെ പ്രത്യേകതയാണ്. ഫ്രഷ് മീൻ, ഇറച്ചിക്കടകൾ, ബീയർ, നാടൻ മദ്യക്കടകൾ, തനതായ സുവനീർ ഷോപ്പുകൾ, വസ്ത്ര വ്യാപാരശാലകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഹിറോമി മാർക്കറ്റ്. റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കറ്റ്സുവോ ന ടറ്റാക്കി, സീർഡ് ബോണിറ്റോ ട്യൂണ എന്നിവ നിർബന്ധമായും രുചിച്ചിരിക്കേണ്ടതാണ്. തുറന്ന ശൈലിയാണ് മാർക്കറ്റിന്. അത് പ്രദേശവാസികളുമായുള്ള ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കുന്നു. പകലും മദ്യപിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പ്രദേശവാസികൾ. സൺഡേ മാർക്കറ്റിന്റെ അതേ റോഡിൽ കൊച്ചി കോട്ടയ്ക്ക് അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാവിലെ 10 മണി മുതൽ രാത്രി 09.30 വരെ ഈ മാർക്കറ്റ് സജീവമാണ്.

Botanical Garden. Image Credit : www.makino.or.jp
Botanical Garden. Image Credit : www.makino.or.jp

കൊച്ചി പ്രിഫെക്ച്വറൽ മകിനോ ബൊട്ടാണിക്കൽ ഗാർഡൻ

നഗരത്തിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഗോദൈസൻ മലനിരകളിലാണ് കൊച്ചി പ്രിഫെക്ച്വറൽ മകിനോ ബൊട്ടാണിക്കൽ ഗാർഡൻ. ജപ്പാനിലെ ഏറ്റവും സമഗ്രമായ ബൊട്ടാണിക്കൽ ഗാർഡൻ ആണിത്. നൂറുകണക്കിന് സസ്യങ്ങൾക്ക് ഇടയിലൂടെ നടന്ന് പ്രകൃതിയെ ആസ്വദിക്കാം. അല്ലെങ്കിൽ 3000 ത്തിലേറെ ഉഷ്ണമേഖലാ സസ്യങ്ങളുള്ള ഹരിതഗൃഹം സന്ദർശിക്കാം. വ്യത്യസ്ത രൂപത്തിലും ആകൃതിയിലുമുള്ള നിരവധി സസ്യങ്ങളാണ് ഇവിടെയുള്ളത്. ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനായ ഡോ. ടൊമിറ്റാരോ മക്കിനോയുടെ ബഹുമാനാർത്ഥം സൃഷ്ടിച്ച മ്യൂസിയം ഹാളുകളും ഇവിടെ കാണാം. അദ്ദേഹത്തിന്റെ നേട്ടങ്ങളെയും ജപ്പാനിൽ ഉടനീളമുള്ള ബൊട്ടാണിക്കൽ ഗാർഡൻ വികസനങ്ങളെയും കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ വിവരങ്ങൾ മ്യൂസിയത്തിൽ ലഭ്യമാണ്. ജെആർ കൊച്ചി സ്റ്റേഷനിൽ നിന്ന് മൈയു ബസിൽ ഇവിടേക്ക് എത്തിച്ചേരാം. രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് പ്രവർത്തന സമയം. 

ബുദ്ധ സന്യാസിയായ ഗ്യോകി 724 ൽ സ്ഥാപിച്ച ചികുരിൻ ക്ഷേത്രം മകിനോ ബൊട്ടാണിക്കൽ ഗാർഡനു സമീപമാണ്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് ഇവിടേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. വളരെ പ്രശസ്തമായ ഈ ക്ഷേത്രം പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. കട്സുരഹമ ബീച്ച്, നിയോദോ നദി, ഷിമാന്റോ നദി, ഷികോകു കാർസ്റ്റ് നാച്വറൽ പാർക്ക്, കേപ് അഷിസുരി എന്നിവയും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

English Summary:

Explore the Other Kochi: A Tale of Two Cities, from India to Japan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com